Loading ...

Home sports

കൊച്ചി വിടാനൊരുങ്ങി കേരള ബ്ലാസ്‌റ്റേഴ്‌സ്; തീരുമാനം കളി നടത്താനുള്ള അനുമതി മുതല്‍ സുരക്ഷവരെയുള്ള കാര്യങ്ങളില്‍ നേരിടുന്ന തടസ്സങ്ങള്‍; കേരള ഫുട്ബോള്‍ അസോസിയേഷന്റേയും പൊലീസിന്റേയും നിസഹകരണം തുടര്‍ക്കഥയെന്ന് ആരോപണം

കൊച്ചി: കൊച്ചി കോര്‍പ്പറേഷന്‍, ജി.സി.ഡി.എ., പൊലീസ്, കേരള ഫുട്ബോള്‍ അസോസിയേഷന്‍ എന്നിവയുടെ നിസ്സഹകരണംമൂലം ഹോം ഗ്രൗണ്ടായ കൊച്ചി ജവാഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയം വിടാന്‍ ആലോചിക്കുന്നതായി കേരള ബ്ലാസ്‌റ്റേഴ്‌സ്. മൂന്നാം തീയതി നടക്കുന്ന ഉന്നതതല യോഗത്തില്‍ ഇതിനെ സംബന്ധിച്ച്‌ തീരുമാനമുണ്ടായേക്കും. വര്‍ഷങ്ങള്‍ക്കുമുമ്ബ് ഐ.പി.എല്‍ ടീമായിരുന്ന കൊച്ചി ടസ്‌കേഴ്സ് കേരളയും ഇതേ പ്രശ്‌നം നേരിട്ടിരുന്നു. കലൂര്‍ സ്റ്റേഡിയത്തില്‍ കളി നടത്താനുള്ള അനുമതി മുതല്‍ സുരക്ഷവരെ എല്ലാകാര്യങ്ങളിലും വന്‍ തടസ്സങ്ങളാണ് നേരിടേണ്ടിവരുന്നതെന്ന് മാനേജ്മെന്റ് വൃത്തങ്ങള്‍ അറിയിച്ചു. ഇതിലെല്ലാമുപരി വിനോദനികുതികൂടി അടിച്ചേല്‍പ്പിക്കുമെന്നാണ് കോര്‍പ്പറേഷന്‍ പറയുന്നത്. ഫുട്ബോള്‍ മത്സരങ്ങള്‍ നടത്താന്‍വേണ്ട സാഹചര്യമൊരുക്കേണ്ട കെ.എഫ്.എ.യും കാര്യമായൊന്നും ചെയ്യുന്നില്ലെന്നാണ് ബ്ലാസ്റ്റേഴ്സ് അധികൃതര്‍ പറയുന്നത്. ടീമിന്റെ പരിശീലനത്തിന് പനമ്ബിള്ളി നഗറിലെ സ്റ്റേഡിയം വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ടും ഇത്തരത്തിലുള്ള തര്‍ക്കങ്ങളുണ്ടായി. ഇതുസംബന്ധിച്ച കരാര്‍ ഒപ്പിടുന്നതില്‍ കേരള സ്‌പോര്‍ട്സ് കൗണ്‍സിലും ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സിലും തമ്മിലുള്ള വടംവലിയും ബ്ലാസ്റ്റഴ്സിനെ ബാധിച്ചു. സര്‍ക്കാര്‍ ഇടപെട്ട് കേരള സ്‌പോര്‍ട്സ് കൗണ്‍സില്‍ തന്നെ കരാറൊപ്പിടാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. സര്‍ക്കാര്‍ ഇടപെടലുണ്ടായതുകൊണ്ടുമാത്രമാണ് മത്സരങ്ങള്‍ ഇത്രയെങ്കിലും നടത്താനായതെന്നും ഇത്തരത്തില്‍ ഇനി മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നുമാണ് അധികൃതര്‍ പറയുന്നത്. മത്സരത്തിന് അനുമതി ലഭിക്കുന്നതിനായി നല്‍കിയ അപേക്ഷയില്‍ കോര്‍പ്പറേഷന്റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടായത് മത്സരത്തലേന്നാണ്. അത്രയും ദിവസം ഓരോ കാരണങ്ങള്‍ പറഞ്ഞ് അനുമതി വൈകിക്കുകയും ചെയ്തു. 300 കോംപ്ലിമെന്ററി ടിക്കറ്റുമായി മത്സരത്തലേന്ന് കോര്‍പ്പറേഷനിലെത്തിയ ബ്ലാസ്റ്റേഴ്സ് പ്രതിനിധിയോട് ആവശ്യപ്പട്ടത് 700 പാസുകള്‍. ഒപ്പം വലിയൊരു തുക സംഭാവനയായും ആവശ്യപ്പെട്ടു. ഇവ നല്‍കിയില്ലെങ്കില്‍ വിനോദനികുതി ഏര്‍പ്പെടുത്തുമെന്ന ഭീഷണിയാണ് നേരിട്ടത്. സ്റ്റേഡിയം ഉടമകളായ ജി.സി.ഡി.എ.യ്ക്ക് ഐ.എസ്.എല്‍. ഓരോ വര്‍ഷവും ഏഴുകോടി രൂപയാണ് നല്‍കുന്നത്. എന്നിട്ടും സ്റ്റേഡിയത്തിന്റെ പരിപാലനവും അറ്റകുറ്റപ്പണികളും വേണ്ടവിധത്തില്‍ നടക്കുന്നില്ലെന്ന് ബ്ലാസ്റ്റേഴ്സ് അധികൃതര്‍ കുറ്റപ്പെടുത്തുന്നു. ഇവയ്‌ക്കെല്ലാമുപരി ഓരോ മത്സരത്തിനും സുരക്ഷയൊരുക്കുന്നതിന് പത്തുലക്ഷം രൂപ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് പൊലീസിന് നല്‍കണം. കൂടാതെ 600 ടിക്കറ്റുകള്‍ സൗജന്യമായും നല്‍കുന്നു. ഇത് ഇപ്പോള്‍ 1200 ആക്കണമെന്നാണ് പൊലീസിന്റെ ആവശ്യം. അധിക ടിക്കറ്റ് നല്‍കാതിരുന്നതിന്റെ പ്രതികാരമായി കഴിഞ്ഞ ദിവസത്തെ കളിയില്‍ സ്റ്റേഡിയത്തിലേക്ക് ടിക്കറ്റില്ലാതെ ആളുകളെ പൊലീസ് കയറ്റിവിടുകയും ചെയ്തു.

Related News