Loading ...

Home USA

അഫ്ഗാനിസ്ഥാനില്‍ അപ്രതീക്ഷിത സന്ദര്‍ശനവുമായി ട്രംപ്, താലിബാനുമായി ചര്‍ച്ചകള്‍ പുനരാരംഭിക്കും

അഫ്ഗാനിസ്ഥാനിലെ യുഎസ് സൈനിക കേന്ദ്രങ്ങളില്‍ ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം ഒരു അപ്രഖ്യാപിത സന്ദര്‍ശനം നടത്തി. ആദ്യമായാണ് അദ്ദേഹം അഫ്ഗാനിസ്ഥാന്‍ സന്ദര്‍ശിക്കുന്നത്. അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച ട്രംപ് താലിബാനുമായി സമാധാന ചര്‍ച്ചകള്‍ പുനരാരംഭിച്ചതായി അറിയിച്ചു. "താലിബാന്‍ ഒരു കരാര്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നു, അതുകൊണ്ടാണ് ഞങ്ങള്‍ അവരുമായി കൂടിക്കാഴ്ച നടത്തുന്നത്. ഒന്നുകില്‍ മികച്ചൊരു കരാര്‍ യാഥാര്‍ഥ്യമാക്കുക അല്ലെങ്കില്‍ അന്തിമ വിജയംവരെ സൈന്യം അവിടെത്തന്നെ തുടരുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. എന്നാല്‍ അവര്‍ വളരെ മോശമായൊരു ഇടപാട് നടത്താനാണ് ആഗ്രഹിക്കുന്നത്"- ട്രംപ് പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തില്‍ കാബൂളില്‍ അമേരിക്കന്‍ സൈനികനടക്കം 12 പേരുടെ മരണത്തിനിടയാക്കിയ കാര്‍ബോംബ് ആക്രമണത്തിന്റെ ഉത്തരവാദിത്ത്വം താലിബാന്‍ ഏറ്റെടുത്തിരുന്നു. അതിനു പിന്നാലെ അഫ്ഗാനിസ്ഥാനും താലിബാനുമായി നടത്താനിരുന്ന സമാധാന ചര്‍ച്ച റദ്ദാക്കുകയാണെന്ന് ട്രംപ് പ്രഖ്യാപിച്ചതാണ്. 18 വര്‍ഷമായി അഫ്ഗാനിസ്ഥാനില്‍ നടന്നുവരുന്ന താലിബാന്‍ യുഎസ് ഏറ്റുമുട്ടല്‍ അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് താലിബാനും അഫ്ഗാന്‍ പ്രസിഡന്റുമായും ട്രംപ് ചര്‍ച്ചനടത്താന്‍ തീരുമാനിച്ചത്. നേരത്തേ, താലിബാനുമായി അമേരിക്കന്‍ മധ്യസ്ഥന്‍ നടത്തിയ ചര്‍ച്ചയില്‍ സമാധാന ഉടമ്ബടിയിക്ക് ധാരണയായിരുന്നു. എന്നാല്‍ അതിനിടെയാണ് ആക്രമണമുണ്ടായതും, ചര്‍ച്ച റദ്ദാക്കാന്‍ അമേരിക്ക തീരുമാനിച്ചതും. 2001 ഒക്ടോബറില്‍ താലിബാന്റെ സഹായത്തോടെ അല്‍-ക്വൊയ്ദ ന്യൂയോര്‍ക്ക് സിറ്റി, വാഷിംഗ്ടണ്‍, പെന്‍‌സില്‍‌വാനിയ എന്നിവിടങ്ങളില്‍ ആക്രമണം നടത്തിയിരുന്നു. അന്ന് 2,977 പേരാണ് കൊല്ലപ്പെട്ടത്. അതോടെയാണ് താലിബാനെ തുരത്തുക എന്ന ലക്ഷ്യത്തോടെ അമേരിക്ക അഫ്ഗാന്‍ അധിനിവേശം ആരംഭിച്ചത്. 20000-ഓളം സൈനികരാണ് നിലവില്‍ അഫ്ഗാനിലുള്ളത്. പൂര്‍ണ്ണമായ നിബന്ധനകളോട് കൂടിയായിരിക്കും അമേരിക്ക സേനയെ പിന്‍വലിക്കുക. ദീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് അഫ്ഗാന്‍ മണ്ണ് ഇനിയൊരിക്കലും ഉപയോഗപ്പെടുത്തില്ലെന്ന് താലിബാന്‍ ഉറപ്പ് നല്‍കണമെന്നതാണ് പ്രധാന നിബന്ധന.

Related News