Loading ...

Home Australia/NZ

വാഴത്തടയില്‍നിന്ന് ബയോപ്ലാസ്റ്റിക്; സുപ്രധാന കണ്ടുപിടിത്തവുമായി ഗവേഷകര്‍

പ്ലാസ്റ്റിക്ക് പ്രകൃതിക്കും ആവാസവ്യവസ്ഥയ്ക്കും ഉയര്‍ത്തുന്ന വലിയ ഭീഷണിയെക്കുറിച്ച്‌ ലോകത്തിന് ഇന്ന് ഏറെ അവബോധമുണ്ട്. എന്നാല്‍ പ്ലാസ്റ്റിക് ഉപയോഗിക്കാതെ മുന്നോട്ടുപോകാനാവില്ല എന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഈ സാഹചര്യത്തിലാണ് പ്ലാസ്റ്റിക്കിന് പകരം ഉപയോഗിക്കാവുന്ന വസ്തു കണ്ടെത്താന്‍ ലോകമെമ്ബാടുമുള്ള ഗവേഷകര്‍ ശ്രമിക്കുന്നത്. ഓസ്ട്രേലിയയിലെന്യൂ സൗത്ത് വെയില്‍സ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ അത്തരമൊരു കണ്ടെത്തലാണ് നടത്തിയിരിക്കുന്നത്. വാഴത്തടയില്‍നിന്ന് പ്ലാസ്റ്റിക്കിന് പകരമായി ഉപയോഗിക്കാവുന്ന വസ്തു ഉണ്ടാക്കാമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. വാഴയുടെ അവശിഷ്ടത്തില്‍നിന്ന് ബയോപ്ലാസ്റ്റിക് നിര്‍മാണത്തിനുള്ള അസംസ്‌കൃതവസ്തുവായ നാനോസെല്ലുലോസ് വേര്‍തിരിച്ചെടുക്കാനാവുമെന്നാണ് കണ്ടെത്തല്‍. ഒരുവിധ ദൂഷ്യങ്ങളുമില്ലാത്ത ഈ വസ്തു ഉപയോഗിച്ചുള്ള ബയോപ്ലാസ്റ്റിക്വ്യാപകമായി ഉപയോഗിക്കാനായാല്‍ പ്ലാസ്റ്റിക് ഉപയോഗം വലിയ പരിധിവരെ കുറയ്ക്കാനാവുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. വാഴയുടെ പ്രധാന ഭാഗമായ പിണ്ടി അഥവാ വാഴത്തടയുടെ ഉള്‍ഭാഗത്തുള്ള മാംസളമായ ഭാഗത്തുനിന്നാണ് നാനോസെല്ലുലോസ് ഉദ്പാദിപ്പിക്കുന്നത്. 90 ശതമാനവും വെള്ളമുള്ള വാഴത്തടയില്‍ 10 ശതമാനം മാത്രമാണ് ഖരവസ്തുവുള്ളത്. വാഴത്തട ചെറിയ കഷ്ണങ്ങളാക്കി നുറുക്കി താഴ്ന്ന ഊഷ്മാവില്‍ ജലാംശം നീക്കി ഉണക്കി പൊടിക്കും. തുടര്‍ന്ന് ചില സംസ്‌കരണ പ്രക്രിയകളിലൂടെ നാനോ സെല്ലുലോസ് വേര്‍തിരിച്ചെടുക്കുന്നു. ഇതില്‍നിന്നാണ് ബയോപ്ലാസ്റ്റിക് നിര്‍മിക്കുന്നത്.കടലാസിന്റെ കനമുള്ള ബയോപ്ലാസ്റ്റിക്ക് പ്രധാനമായും ഭക്ഷ്യവസ്തുക്കള്‍ പാക്ക് ചെയ്യാനാണ് ഉപയോഗിക്കാനാവുക. കൂടുതല്‍ കട്ടിയുള്ള രൂപത്തിലാണങ്കില്‍ ഷോപ്പിങ് ബാഗുകളും പ്ലേറ്റുകളുമെല്ലാം നിര്‍മിക്കാനാകുമെന്നും ഗവേഷകര്‍ പറയുന്നു. പ്രകൃതിക്ക് ദോഷം ചെയ്യാത്ത, പൂര്‍ണമായും ജീര്‍ണിക്കുന്നവസ്തുവാണ് ഇത്. സൂക്ഷ്മാണുക്കളുമായി പ്രവര്‍ത്തിക്കുന്നതിനാല്‍ എളുപ്പത്തില്‍ മണ്ണില്‍ അലിഞ്ഞുചേരുകയും ചെയ്യും. ഓരോ തവണ കുല വെട്ടിയ ശേഷവും വാഴയുടെ വലിയ ഭാഗവും നശിപ്പിക്കപ്പെടുകയാണ്. മറ്റു കൃഷികളെ അപേക്ഷിച്ച്‌ വാഴകൃഷിക്ക് ശേഷം ബാക്കിയാകുന്ന ഭാഗങ്ങള്‍ വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ മാലിന്യം കാര്യക്ഷമമായി ഉപയോഗപ്പെടുത്തി ബയോപ്ലാസ്റ്റിക് നിര്‍മിക്കാനാവുമെന്നതാണ് കണ്ടെത്തലിന്റെ പ്രാധാന്യമെന്ന് ന്യൂ സൗത്ത് വെയില്‍സ് യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറും ഗവേഷകയുമായ ജയശ്രീ ആര്‍ക്കോട്ട് പറയുന്നു.

Related News