Loading ...

Home Australia/NZ

ന്യൂസിലന്‍ഡില്‍ വാക്‌സിന്‍ വിരുദ്ധ പ്രക്ഷോപകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി; 50 പേര്‍ അറസ്റ്റില്‍

ന്യൂസിലന്‍ഡില്‍ വാക്‌സിന്‍ വിരുദ്ധ പ്രക്ഷോപകരും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പ്രതിഷേധക്കാരില്‍ 50 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.പാര്‍ലമെന്റ് മന്ദിരത്തിന് ചുറ്റുമുള്ള റോഡുകളില്‍ വാഹനങ്ങള്‍ തടഞ്ഞ് നൂറുകണക്കിന് ട്രക്കുകളിലായാണ് പ്രതിഷേധക്കാര്‍ അണിനിരന്നത്. ഇന്നലെ കുറച്ചുപേര്‍ പിരിഞ്ഞുപോയെങ്കിലും പ്രതിഷേധക്കാരില്‍ ഒരു വിഭാഗം ' കണ്‍വോയ് ഒഫ് ഫ്രീഡം ' എന്ന പേരില്‍ പാര്‍ലമെന്റ് പരിസരത്ത് തന്നെ തുടരുകയായിരുന്നു.

തുടര്‍ച്ചയായി ഡ്രം അടിച്ചും ദേശീയ ഗാനം ആലപിച്ചുമാണ് നൂറുകണക്കിന് പ്രതിഷേധക്കാര്‍ പാര്‍ലമെന്റിനു മുന്നില്‍ അണിനിരന്നത്. പ്രതിഷേധം ഇല്ലാതാക്കാന്‍ തലസ്ഥാനത്തിന് പുറത്ത് നിന്ന് വ്യാഴാഴ്ച കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് വിന്യസിച്ചിരുന്നു. പ്രതിഷേധക്കാരോട് മൈതാനം വിടാന്‍ പൊലീസ് ആവര്‍ത്തിച്ച്‌ പറഞ്ഞിരുന്നു. പിരിഞ്ഞ് പോയില്ലെങ്കില്‍ അറസ്റ്റ് നേരിടേണ്ടിവരുമെന്ന് 150ഓളം വരുന്ന പ്രതിഷേധക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. പരിസരത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ തുടങ്ങുകയും അതിന്റെ ഭാഗാമായാണ് അറസ്റ്റ് എന്നും വെല്ലിംഗ്ടണ്‍ പൊലീസ് ഡിസ്ട്രിക്റ്റ് കമാന്‍ഡര്‍ സൂപ്റ്റ് കോറി പാര്‍നെല്‍ പറഞ്ഞു.

ചൊവ്വാഴ്ചയാണ് സമരം തുടങ്ങിയത്. ആരോഗ്യം, നിയമപാലനം, വിദ്യാഭ്യാസം, പ്രതിരോധം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്ക് ന്യൂസിലാന്‍ഡില്‍ കൊവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമാണ്. റെസ്റ്റോറന്റുകള്‍, സ്‌പോര്‍ട്‌സ് ഇവന്റുകള്‍, മതപരമായ സേവനങ്ങള്‍ എന്നിവയില്‍ പ്രവേശിക്കുന്നതിനും വാക്‌സിനേഷന്‍ സിര്‍ട്ടിഫിക്കറ്റ് കാണിക്കണം.

അതേ സമയം, ഭൂരിഭാഗം ന്യൂസിലന്‍ഡുകാരും സര്‍ക്കാരിന്റെ വാക്‌സിന്‍ നയങ്ങള്‍ക്ക് അനുകൂലമാണെന്ന് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ പറഞ്ഞു. രാജ്യത്ത് ആരോഗ്യം, പ്രതിരോധം, വിദ്യാഭ്യാസം, നിയമപരിപാലനം തുടങ്ങിയ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയിരുന്നു. ന്യൂസിലന്‍ഡിലെ 77 ശതമാനം പേരും പൂര്‍ണമായും വാക്‌സിനേഷന് വിധേയമായിട്ടുണ്ട്.

Related News