Loading ...

Home USA

വ്യാഴത്തിലെ ചുഴലിക്കാറ്റിന്റെ ദൃശ്യം പകര്‍ത്തി നാസയുടെ 'ജൂണോ'

വാതകഗോളമായ വ്യാഴത്തിന്റെ ദക്ഷിണ ധ്രുവത്തിലെ ചുഴലിക്കാറ്റിന്റെ ദൃശ്യം പകര്‍ത്തി നാസയുടെ ജൂണോ ബഹിരാകാശ പേടകം. വ്യാഴത്തിന്റെ ഉപരിതലത്തില്‍ നിന്നും 3500 കിലോമീറ്റര്‍ അകലെയുള്ള 22-ാമത് പറക്കല്‍ നവംബര്‍ മൂന്നിന് പേടകം പൂര്‍ത്തിയാക്കി. സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ജൂണോയെ വ്യാഴത്തിന്റെ നിഴലില്‍നിന്നും സംരക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ചുഴലിക്കാറ്റിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്. വ്യാഴത്തിന്റെ നിഴലിലേക്ക് ജൂണോ നീങ്ങിയാല്‍ അതിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഊര്‍ജം ലഭിക്കാതെ വരുകയും ജൂണോ പ്രവര്‍ത്തനരഹിതമാവുകയും ചെയ്യും. ഈ സാഹചര്യം നേരിടാന്‍ വ്യാഴത്തിന്റെ നിഴലില്‍ നിന്നും ജൂണോയെ അതിവേഗം പുറത്തുചാടിക്കാനാണ് ഗവേഷകരുടെ ശ്രമം. 2016 ജൂലായില്‍ ജൂണോ വ്യാഴത്തിലെത്തിയപ്പോള്‍ അതിന്റെ ഇരുധ്രുവങ്ങളിലും വലിയ ചുഴലിക്കാറ്റുകള്‍ ചുറ്റുന്നതായി കണ്ടെത്തിയിരുന്നു. ഭൂമിയിലുള്ള ചുഴലിക്കാറ്റിനോട് സമാനമായവയാണോ ഇവയെന്ന് ഗവേഷകര്‍ക്ക് വ്യക്തമല്ല. മധ്യഭാഗത്തായി കറങ്ങുന്ന ഒരു ചുഴലിക്കാറ്റിന് ചുറ്റും ആറ് ചുഴലിക്കാറ്റുകളായി ക്രമീകരിക്കപ്പെട്ട നിലയിലാണ് ഇവ. കാഴ്ചയില്‍ പഞ്ചഭുജാകൃതി. മധ്യഭാഗത്തുള്ള ചുഴലിക്കാറ്റിന് ടെക്‌സാസ് നഗരത്തിന്റെ അത്രയും വലിപ്പമുണ്ട്. ഈ ചുഴലിക്കാറ്റുകള്‍ പുതിയ പ്രതിഭാസമാണെന്ന് ഗവേഷകര്‍ പറയുന്നു. ഇത് സംബന്ധിച്ച കൂടുതല്‍ പഠനങ്ങളിലാണ് ഗവേഷകര്‍.

Related News