Loading ...

Home Australia/NZ

ഓസ്‌ട്രേലിയയില്‍ കാട്ടുതീയില്‍ വെണ്ണീറായത് 50 കോടി ജീവജാലങ്ങള്‍

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ നാലുമാസമായി പടരുന്ന കാട്ടുതീയില്‍ വെണ്ണീറായത് 50 കോടി ജീവജാലങ്ങള്‍. ഓസ്‌ട്രേലിയയില്‍ മാത്രം കണ്ടുവരുന്ന കങ്കാരുക്കളും കോലകളും അടക്കമുള്ള ജീവികളാണ് കാട്ടുതീയില്‍ വെണ്ണീറായത്. കൂടാതെ പക്ഷികളും ഉരഗങ്ങളുമടക്കം 48 കോടിയോളം സസ്തനികള്‍ ചത്തിട്ടുണ്ടെന്നാണ് സിഡ്‌നി യൂണിവേഴ്‌സിറ്റിയിലെ പരിസ്ഥിതി ശാസ്ത്രജ്ഞര്‍ പറയുന്നത്. ന്യു സൗത്ത് വേയ്ല്‍സിലെ 30 ശതമാനത്തോളം ജീവികള്‍ തുടച്ചുനീക്കപ്പെട്ടതായി ഓസ്‌ട്രേലിയന്‍ പരിസ്ഥിതി വകുപ്പ് മന്ത്രി സൂസ്സന്‍ ലേ അറിയിച്ചു. മരങ്ങളും ചെടികളും മറ്റ് ചെറുജീവികളും അടക്കമുള്ള ജീവവ്യവസ്ഥയുടെ നഷ്ടം ഇതിലും വളരെ വലുതായിരിക്കും. മൃഗങ്ങളുടെ നാശനഷ്ടവുമായി ബന്ധപ്പെട്ട് ഇതുവരെ വ്യക്തമായ കണക്കുകള്‍ പുറത്തുവന്നിട്ടില്ല. കാട്ടു തീയില്‍ നിന്ന് മൃഗങ്ങളെ സംരക്ഷിക്കാനുള്ള പല പദ്ധതികളും നടപ്പാക്കുന്നുണ്ടെങ്കിലും അവ ഫലപ്രാപ്തിയില്‍ എത്തുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. 2019 സെപ്റ്റംബറിലാണ് ഓസ്‌ട്രേലിയയില്‍ കാട്ടുതീ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. നാലുമാസം പിന്നിട്ടിട്ടും കാട്ടുതീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ല. 17 പേര്‍ക്കാണ് കാട്ടുതീ മൂലം ജീവന്‍ നഷ്ടമായത്. നിരവധി പേരെ കാണാതായിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓസ്‌ട്രേലിയയില്‍ ആറ് സംസ്ഥാനങ്ങളിലായി ഏകദേശം 150 ലക്ഷം ഏക്കര്‍ സ്ഥലത്ത് കാട്ടുതീ പടര്‍ന്നതായാണ് കണക്ക്. ന്യൂ സൗത്ത് വേയ്ല്‍സിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്. ഇവിടെ 89 ലക്ഷം ഏക്കര്‍ സ്ഥലത്താണ് അഗ്‌നിബാധയുണ്ടായത്. ഇവിടെ മാത്രം നാല് മില്യണ്‍ ഹെക്ടറിലധികം സ്ഥലം എരിഞ്ഞടങ്ങി. 900 വീടുകള്‍ ചാരമായി. ഇവിടെ ഏഴു ദിവസത്തെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

Related News