Loading ...

Home USA

ട്രംപിനെതിരായ ഇംപീച്ച്‌മെന്‍റ്: ഡെമോക്രാറ്റുകളുടെ പ്രമേയങ്ങള്‍ സെനറ്റ് തള്ളി

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്‌മെന്‍റ് വിചാരണയുടെ ആദ്യ ദിവസത്തില്‍ ഉപരിസഭയായ സെനറ്റില്‍ ഡെമോക്രാറ്റിക്, റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളുടെ ഏറ്റുമുട്ടല്‍. വൈറ്റ് ഹൗസ് രേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ഡെമോക്രാറ്റിക് പ്രതിനിധി അവതരിപ്പിച്ച പ്രമേയം സെനറ്റ് വോട്ടിനിട്ട് തള്ളി. 47നെതിരെ 53 വോട്ടുകള്‍ക്കാണ് പ്രമേയം പരാജയപ്പെട്ടത്. യുക്രെയ്ന് സാമ്ബത്തിക സഹായം നല്‍കല്‍ സംബന്ധിച്ച രേഖകള്‍ വൈറ്റ് ഹൗസില്‍ നിന്ന് വിളിച്ചു വരുത്തണമെന്നാണ് ഡെമോക്രാറ്റുകള്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്. ട്രംപിന്‍റെ ഉപദേശകനും ചീഫ് ഒാഫ് സ്റ്റാഫുമായ മിക് മെല്‍വനെ സഭയില്‍ വിളിച്ചു വരുത്തണമെന്ന് ചൂണ്ടിക്കാട്ടിയുള്ള ഡെമോക്രാറ്റിക് പ്രമേയവും പരാജയപ്പെട്ടു. 47നെതിരെ 53 വോട്ടുകള്‍ക്കാണ് പ്രമേയം സെനറ്റ് തള്ളിയത്. സെനറ്റിലെ മുഴുവന്‍ റിപ്പബ്ലിക്കന്‍ അംഗങ്ങളും പ്രമേയങ്ങള്‍ക്കെതിരെ വോട്ട് ചെയ്ത് ഡെമോക്രാറ്റിക് വിഭാഗത്തിന് കനത്ത തിരിച്ചടിയാണ്. ഇംപീച്ച്‌മെന്‍റിന്‍റെ പ്രാരംഭ വാദത്തിനായി 24 മണിക്കൂറാണ് സെനറ്റ് നീക്കിവെച്ചത്. ഇന്ന് ഡെമോക്രാറ്റുകളുടെ പ്രാരംഭവാദം ഉപരിസഭയില്‍ ആരംഭിക്കും.

Related News