Loading ...

Home health

വിഷാദ രോഗത്തിനു കാരണം ജങ്ക് ഫുഡ്

പിസ, ബര്‍ഗര്‍, ചിപ്സ് എന്നിങ്ങനെയുള്ള ജങ്ക് ഫുഡുകള്‍ നമ്മുടെ ഭക്ഷണ മെനുവില്‍ ഇടംപിടിച്ച്‌ തുടങ്ങിയിട്ട് നാളേറെയായി. ഇത്തരം ഭക്ഷണം കഴിക്കുന്നത് കൊഴുപ്പ് നിങ്ങളുടെ മസ്തിഷ്‌ക്കത്തിലേക്ക് കടത്തിവിടുകയും വിഷാദരോഗത്തിന് കാരണമാക്കുകയും ചെയ്യുന്നുവെന്ന് ഗവേഷകര്‍. ഗ്ലാസ്ഗോ യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമാകുന്നത്. രക്തചംക്രമത്തിലൂടെയാണ് ഇത് മസ്തിഷ്‌കത്തിലേക്ക് പ്രവേശിക്കുന്നതെന്നാണ് ഗവേഷകര്‍ സൂചിപ്പിക്കുന്നത്. ഇത് നമ്മുടെ വികാരങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗമായ ഹൈപ്പോഥലോമസിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും വിഷാദരോഗ ലക്ഷണങ്ങള്‍ വര്‍ദ്ധിക്കുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നു. എലികളില്‍ ഗവേഷണം നടത്തിയപ്പോള്‍ ലഭിച്ച കണ്ടെത്തലുകള്‍വെച്ച്‌ വിഷാദരോഗവും പൊണ്ണത്തടിയും തമ്മിലുള്ള ബന്ധം വിശദീകരിക്കാനാകുമെന്ന് ശാസ്ത്രജ്ഞന്മാര്‍ വിശ്വസിക്കുന്നു. പൊണ്ണത്തടി ഉള്ളവരില്‍ ആന്റിഡിപ്രസെന്റ് ചെലുത്തുന്ന സ്വാധീനം വളരെ കുറവാണ്. അമിത രക്തസമ്മര്‍ദ്ദവും പൊണ്ണത്തടിയുമുള്ള വ്യക്തികള്‍ക്ക് അനുയോജ്യമായ പുതിയ ആന്റീഡിപ്രസന്റ് മരുന്നുകള്‍ കണ്ടുപിടിക്കുന്നതിന് ഈ പഠനം സ്വാധീനിച്ചേക്കാം എന്നാണ് ഗവേഷകകരുടെ നിഗമനം. വിഷാദരോഗവുമായി ബന്ധപ്പെട്ട് തലച്ചോറിലെ സിഗ്നലിങ് പ്രദേശങ്ങളില്‍ ഉയര്‍ന്ന കൊഴുപ്പ് ഡയറ്റുകളുടെ പ്രത്യക്ഷ ഫലങ്ങളെക്കുറിചുള്ള ആദ്യത്തെ കണ്ടെത്തലാണ് ഇതെന്നാണ് ഗ്ലാസ്ഗോ സര്‍വകലാശാലയിലെ പഠനത്തിന് നേതൃത്വം വഹിച്ച പ്രൊഫസര്‍ ജോര്‍ജ്ജ് ബെയ്ലി പറയുന്നത്. വിഷാദരോഗം എങ്ങനെ ഉണ്ടാകുന്നു, എന്തുകൊണ്ട് പൊണ്ണത്തടിയുമായി ബന്ധപ്പെട്ടിരിക്കുന്നു, ഈ അവസ്ഥകളില്‍ രോഗികളെ എങ്ങനെ ചികിത്സിക്കാം എന്ന് ഈ പഠനത്തിലൂടെ വ്യക്തമാകുന്നുണ്ട്. ഡിപ്രെഷനില്‍ നിന്നും മോചനം നേടുവാനായി നാം പലപ്പോഴും കൊഴുപ്പുള്ള ഭക്ഷണം കഴിച്ച്‌ ആനന്ദം കണ്ടെത്തുന്ന ശീലമുള്ളതായി കണ്ടുവരുന്നുണ്ട്. എന്നാല്‍ ഇത് നമ്മുടെ മാനസികാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നു. കൊഴുപ്പ് നിറഞ്ഞ ആഹാരം കുറക്കുന്നത് ആരോഗ്യസംരക്ഷണത്തിനും സന്തോഷം വര്‍ധിപ്പിക്കുന്നതിനും സഹായിക്കുമെന്നാണ് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്.

Related News