Loading ...

Home Music

പിന്നെയും പിന്നെയും ഓര്‍മകള്‍ പടികടന്നെത്തുന്നു...; ഗിരീഷ് പുത്തഞ്ചേരിയുടെ ഓര്‍മകള്‍ക്ക് പത്ത് വയസ്

രണ്ടുപതിറ്റാണ്ടുകാലം മലയാള സിനിമയ്ക്ക് ഭാവഗാനങ്ങളുടെ വസന്തകാലം സമ്മാനിച്ച പ്രിയ കവി ഗിരീഷ് പുത്തഞ്ചേരി മറഞ്ഞിട്ട് ഇന്നേക്ക് പത്തു വര്‍ഷം. മലയാളിയ്ക്ക് പ്രണയവും വിരഹവും വിഷാദവും ഭക്തിയും പകര്‍ന്ന ഒരു പിടി ഗാനങ്ങള്‍ നല്‍കിയാണ് ഗിരീഷ് പുത്തഞ്ചേരി കാലയവനികയ്ക്കുള്ളില്‍ മറഞ്ഞത്. ദേവാസുരത്തിലെ സൂര്യകിരീടം വീണുടഞ്ഞു, ആറാംതമ്ബുരാനിലെ ഹരിമുരളീരവം സമ്മര്‍ ഇന്‍ ബത്ലഹേമിലെ പിന്നെയും പിന്നെയും ആരോ കിനാവിന്റെ തുടങ്ങിയ ഗാനങ്ങള്‍ മതി ഗിരീഷിനെ മറക്കാതിരിക്കാന്‍. ആവണിത്തിങ്കളിനെ ആകാശത്ത് കമഴ്ത്തിയ ഓട്ടുരുളിയാക്കിയ ഭാവന വിണ്‍ സൂര്യനെ മൂവന്തിത്താഴ്‌വരയിലെ വെന്തുരുകുന്ന മുന്നാഴി ചെങ്കനലാക്കി മാറ്റി. ഗിരീഷിന്റെ വരികള്‍ രവീന്ദ്ര സംഗീതത്താല്‍ ഉണര്‍ന്ന് ഗാനന്ധര്‍വ്വന്റെ നാദമേറ്റപ്പോള്‍ അവയ്ക്ക് അനിര്‍വചനീയമായ ചാരുത കൈവന്നു. ഹരി മുരളീരവം, ഗംഗേ.., മൂവന്തിത്താഴ്‌വരയില്‍, മനസിന്‍ മണിച്ചിമിഴില്‍, ശോകമൂകമായ്, ശ്രീലവസന്തം പീലിയുഴിഞ്ഞു തുടങ്ങിയ ഗാനങ്ങള്‍ സംഗീത പ്രേമികളുടെ ആസ്വാദനത്തെ സവിശേഷമായ ഉന്നതിയിലേക്ക് നയിച്ചു. മഴയും പ്രാവും നിലാവും തെന്നലും രാത്രിയും ഗിരീഷിന്റെ ഗാനങ്ങളിലെ നിത്യ സന്ദര്‍ശകരായിരുന്നു. പ്രണയവും വിരഹവും കൊഞ്ചലും അതിന്റെ തീവ്രതയില്‍ തന്നെ ആ വരികളിലൂടെ ഗാനാസ്വാദകരെ അനുഭവിപ്പിച്ചു. ഈ വികാരങ്ങള്‍ അതിന്റെ പാരമ്യത്തില്‍ അനുഭവിക്കുന്ന ഓരോ നിമിഷവും മലയാളികള്‍ അവരറിയാതെ ചുണ്ടില്‍ വിരിഞ്ഞത് ഈ വരികളായിരുന്നു. അങ്ങനെ മൂളാന്‍ പ്രേരിപ്പിക്കുന്ന ഏതോ മാസ്മരികത വരികളിലെവിടെയൊക്കെയോ ഒളിപ്പിക്കാന്‍ പുത്തഞ്ചേരിക്ക് കഴിഞ്ഞു. 'എന്‍ക്വയറി' എന്ന ചിത്രത്തിലെ ഗാനങ്ങള്‍ എഴുതികൊണ്ടാണ് മലയാള സിനിമാ ലോകത്ത് ഗിരീഷ് പുത്തഞ്ചേരി ആദ്യമായെത്തിയത്. പക്ഷേ ഗിരീഷിനെ തിരിച്ചറിഞ്ഞത് ജോണിവാക്കറിലെ ശാന്തമീ രാത്രിയില്‍ എന്ന ഗാനത്തിലൂടെയായിരുന്നു. ഏകദേശം 2500 ഗാനങ്ങളാണ് പുത്തഞ്ചേരി മലയാളിക്കു സമ്മാനിച്ചത്. ഇനിയുമേറെ എഴുതാനുണ്ടായിരുന്നു ആ കവിക്ക്. പക്ഷേ, കാലം ചിലതെല്ലാം പെട്ടെന്ന് കൊണ്ടുപോകും. മലയാളികളുടെ പ്രിയ കവിക്ക് ആദരാജ്ഞലികള്‍.

Related News