Loading ...

Home Australia/NZ

ഡ്രൈവിംഗിനിടെയുള്ള മൊബൈൽ ഉപയോഗം; പിഴ 150 ശതമാനം കൂട്ടി

വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്കുള്ള പിഴ 1,000 ഡോളറാക്കി വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. ജൂലൈ ഒന്ന് മുതൽ നിയമം പ്രാബല്യത്തിൽ വരും. ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനുള്ള ശിക്ഷ കർശനമാക്കാൻ വിവിധ ക്കാരുകൾ അടുത്തിടെ നടപടികൾ സ്വീകരിച്ചിരുന്നു . ക്വീൻസ്‌ലാന്റിൽ ഫെബ്രുവരി ഒന്ന് മുതൽ ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക് 1,000 ഡോളറും നാല് ഡീമെറിറ്റ് പോയിന്റുകളും ഉണ്ടാകുമെന്ന് സർക്കാർ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വെസ്റ്റേൺ ഓസ്ട്രേലിയയും കഠിന പിഴ ഈടാക്കിക്കൊണ്ട് നിയമം കർശനമാക്കാൻ ഒരുങ്ങുന്നത്. നിലവിൽ സംസ്ഥാനത്ത് ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക് 400 ഡോളറാണ് പിഴ. ഇതാണ് 1,000 ഡോളർ ആയി ഉയർത്തുന്നത്. ജൂലൈ ഒന്ന് മുതൽ നിയമം പ്രാബല്യത്തിൽ കൊണ്ടുവരുമെന്ന് വെസ്റ്റേൺ ഓസ്ട്രേലിയ സർക്കാർ അറിയിച്ചു. ഡ്രൈവ് ചെയ്യുന്നതിനിടെ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുക, സന്ദേശങ്ങൾ അയക്കുക, ഇമെയിൽ ചെയ്യുക, ഇന്റർനെറ്റ് ഉപയോഗിക്കുക, വീഡിയോ കാണുക തുടങ്ങിയ പ്രവൃത്തികളിൽ ഏർപ്പെടുന്ന ഡ്രൈവർമാർക്ക് 1,000 ഡോളർ പിഴയും നാല് ഡീമെറിറ്റ് പോയിന്റുകളും ലഭിക്കും. കൂടാതെ ട്രാഫിക് ലൈറ്റുകളിൽ വച്ച് ഫോൺ കൈകൊണ്ട് തൊട്ടാൽ 500 ഡോളർ പിഴയും മൂന്ന് ഡീമെറിറ്റ് പോയിന്റുകളുമാകും ലഭിക്കുക. കർശന പിഴ ഈടാക്കുന്നതിലൂടെ മൊബൈൽ ഫോൺ ഉപയോഗിച്ചുകൊണ്ട് വാഹനം ഓടിക്കുന്നവര്ക്ക് ശക്തമായ മുന്നറിയിപ്പാണ് നൽകുന്നതെന്ന് വെസ്റ്റേൺ ഓസ്ട്രേലിയ പൊലീസ് മന്ത്രി മൈക്കൽ റോബെർട്സ് പറഞ്ഞു. സംസ്ഥാനത്ത് 12,000 ത്തോളം പേരാണ് മൊബൈൽ ഉപയോഗിച്ചതിന് കഴിഞ്ഞ വർഷം പിടിയിലായത്. അശ്രദ്ധയോടെ വാഹനം ഓടിച്ച 31 പേർ കഴിഞ്ഞ വർഷം സംസ്ഥാനത്ത് റോഡ് അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു.

Related News