Loading ...

Home Australia/NZ

കോവിഡ് 19 ; ആസ്‌ട്രേലിയയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു; വിദേശയാത്രകള്‍ ഒഴിവാക്കാന്‍ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

സിഡ്‌നി: കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ അമേരിക്കയ്ക്ക് പിന്നാലെ ആസ്‌ട്രേലിയയിലും അടിന്തിരാവസ്ഥ പ്രഖ്യാപിച്ചു. പൊതുജനാരോഗ്യത്തെ കരുതി ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസനാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. രോഗ ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ എല്ലാ ആളുകളും വിദേശ യാത്രകള്‍ ഒഴിവാക്കണമെന്നും പ്രധാനമന്ത്രി അറിയിച്ചു. വൈറസ് ബാധ തടയുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ പ്രധാന നഗരങ്ങളിലേക്കുള്ള പ്രവേശനം നിരോധിക്കുകയും, നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച്‌ കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ യാത്രാ നിര്‍ദ്ദേശങ്ങളിലും സര്‍ക്കാര്‍ മാറ്റം വരുത്തിയിട്ടുണ്ട്. 100 ആളുകളിലധികം പങ്കെടുക്കുന്ന ചടങ്ങുകള്‍ക്കും ആസ്‌ട്രേലിയയില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആസ്‌ട്രേലിയയിലെയും ലോകത്ത് എല്ലായിടത്തുമുള്ള ആളുകളുടെ ജീവിതം മാറിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പറഞ്ഞു. കൊറോണ വൈറസിനെതിരായ പോരാട്ടം എല്ലാവരുടേയും ജീവിതം മാറ്റിമറിച്ചിരിക്കുന്നു. ഇത് നൂറുവര്‍ഷത്തില്‍ ഒരിക്കല്‍ സംഭവിക്കുന്ന ഒന്നാണെന്നും മോറിസണ്‍ പറഞ്ഞു. ആസ്‌ട്രേലിയയില്‍ ഇതുവരെ 500 പേര്‍ക്കാണ് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചത്. വൈറസ് ബാധ മൂലം ആറ് പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നത്.

Related News