Loading ...

Home health

വളര്‍ത്തുമൃഗങ്ങളോടും പാലിക്കണം അകലം; മുന്‍കരുതല്‍ നിര്‍ദേശങ്ങളുമായി മൃഗസംരക്ഷണവകുപ്പ്

കോട്ടയ്ക്കല്‍: സംസ്ഥാനത്ത് വളര്‍ത്തുമൃഗങ്ങളിലെ കോവിഡ് രോഗബാധ നിരീക്ഷിക്കാനും വൈറസ് വ്യാപനം ഒഴിവാക്കാനും മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസസാണ് ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ മൃഗസംരക്ഷണ ഓഫീസര്‍മാര്‍ക്കും പൊതുജനങ്ങള്‍ക്കും നല്‍കിയത്. വിദേശരാജ്യങ്ങളില്‍ മൃഗശാലയിലെ കടുവകളിലും വളര്‍ത്തുപൂച്ചയിലും കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ടെന്ന് ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ ആര്‍. ജയചന്ദ്രന്‍ പറഞ്ഞു. ഈ കേസുകളിലെല്ലാം രോഗബാധിതരായ മനുഷ്യരില്‍നിന്നാണ് മൃഗങ്ങള്‍ക്ക് രോഗം വന്നത്. മൃഗങ്ങളില്‍നിന്ന് മനുഷ്യര്‍ക്ക് രോഗബാധയുണ്ടായതായി സ്ഥിരീകരണമില്ല. സംസ്ഥാനത്ത് മൃഗങ്ങളില്‍ ഇതുവരെ രോഗം കണ്ടെത്തിയിട്ടില്ലെന്നും അതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. നിര്‍ദേശങ്ങള്‍ 1. കോവിഡ് രോഗബാധയുള്ളവരുടെയും നിരീക്ഷണത്തിലുള്ളവരുടെയും വീടുകളിലെ വളര്‍ത്തുമൃഗങ്ങളെ നിരീക്ഷണത്തില്‍ വെക്കാനും അസാധാരണ രോഗലക്ഷണങ്ങളോ മരണനിരക്കോ ശ്രദ്ധയില്‍പ്പെട്ടാല്‍ റിപ്പോര്‍ട്ട്‌ചെയ്യാനും നിര്‍ദേശം നല്‍കിയിരുന്നത് തുടര്‍ന്നും പാലിക്കുക. 2. മൃഗങ്ങളിലെ ശ്വാസകോശഉദര രോഗങ്ങള്‍ ജാഗ്രതോടെ നിരീക്ഷിക്കുക. രോഗബാധ സംശയിക്കുന്ന കേസുകളില്‍ മാത്രം സാമ്ബിളുകള്‍ ശേഖരിക്കുക. 3. രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ വീടുകളിലെ വളര്‍ത്തുമൃഗങ്ങളെ കര്‍ശനമായും അവരുടെ വീടുകളില്‍ത്തന്നെ പ്രത്യേകം പാര്‍പ്പിച്ച്‌ നിരീക്ഷണത്തില്‍ വെക്കണം. ഇവയുടെ അസാധാരണ രോഗലക്ഷണങ്ങള്‍, അപ്രതീക്ഷിത മരണം എന്നിവ റിപ്പോര്‍ട്ട്‌ചെയ്യണം. 4. നിരീക്ഷണത്തിലുള്ള ആളുകള്‍ തങ്ങളുടെ വീടുകളിലെ വളര്‍ത്തുമൃഗങ്ങളെ കൈകാര്യംചെയ്യുന്നത് കഴിവതും ഒഴിവാക്കുക. കൈകാര്യംചെയ്യുകയാണെങ്കില്‍ മുഖാവരണം, കൈയുറ തുടങ്ങിയവ ധരിക്കണം. 5. പൊതുജനങ്ങള്‍ വളര്‍ത്തുമൃഗങ്ങളോട് അമിതമായ അടുപ്പം പുലര്‍ത്തുന്നത് ഒഴിവാക്കുക. അവയെ കെട്ടിപ്പിടിക്കുന്നതും ഉമ്മവെക്കുന്നതും വീടിനുള്ളില്‍ പ്രവേശിപ്പിക്കുന്നതും ഒഴിവാക്കുക. 6. വളര്‍ത്തുമൃഗങ്ങളുടെ പാര്‍പ്പിടങ്ങള്‍ കൂടെക്കൂടെ വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്യുക. 7. വളര്‍ത്തുമൃഗങ്ങളെ എല്ലാതരം രോഗബാധകളില്‍നിന്നും സംരക്ഷിക്കുക.

Related News