Loading ...

Home health

ബി.പി. കുറയ്ക്കാന്‍ അഞ്ച് വഴികള്‍

അമിത രക്തസമ്മര്‍ദം മൂലമുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന ധാരാളം പേരുണ്ട്. ലോകത്താകമാനം ഒന്നേകാല്‍ ബില്ല്യണ്‍ ആളുകള്‍ അമിത രക്തസമ്മര്‍ദം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍.നിശ്ശബ്ദനായ കൊലയാളി എന്നാണ് അമിത ബി.പിയെ വിശേഷിപ്പിക്കുന്നത്‌. അമിത ബി.പി. ഉള്ളവരില്‍ ഹൃദയാഘാതം, ഹൃദയസ്തംഭനം, പക്ഷാഘാതം, വൃക്കസ്തംഭനം തുടങ്ങി ജീവന് ഭീഷണിയാകുന്ന പല രോഗാവസ്ഥകള്‍ക്കും സാധ്യത കൂടുതലാണ്. എന്നാല്‍ ബി.പി. കുറയ്ക്കാന്‍ അഞ്ച് വഴികള്‍ ഉണ്ട് .

1) വ്യായാമം ശീലമാക്കുക: ദിവസവും അല്പസമയം ശാരീരിക വ്യായാമങ്ങള്‍ ചെയ്യുന്നത് ബി.പി.കുറയാന്‍ സഹായിക്കും. ഇതിനായി വലിയ തോതിലുള്ള വ്യായാമങ്ങളൊന്നും ചെയ്യേണ്ടതില്ല. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടതും മുടക്കം കൂടാതെ ചെയ്യാനാവുന്നതുമായ ഏതെങ്കിലുമൊരു വ്യായാമത്തിനായി ദിവസവും പത്തു മിനിറ്റ് സമയം നീക്കിവെച്ചാല്‍ മതി. ഇങ്ങനെ പതുക്കെ തുടങ്ങി ആഴ്ചയില്‍ കുറഞ്ഞത് 150 മിനിറ്റ് വ്യായാമം ചെയ്യല്‍ ശീലമാക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദം കുറയ്ക്കാന്‍ വളരെ നല്ലതാണ്.

2) ഭാരം കുറയ്ക്കാം: അമിതഭാരമുള്ളവരാണെങ്കില്‍ ശരീരഭാരത്തിന്റെ പത്തു ശതമാനമെങ്കിലും കുറയ്ക്കുന്നത് രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും. പത്തു ശതമാനം ശരീരഭാരം കുറയ്ക്കുമ്ബോള്‍ മറ്റ് ആരോഗ്യപ്രശ്‌നങ്ങളും കുറയും. ശാരീരിക വ്യായാമവും ആരോഗ്യകരമായ ഡയറ്റും നല്ല ഉറക്കവും സ്‌ട്രെസ്സ് കുറയ്ക്കുന്നതും അമിത ബി.പി. കുറയാന്‍ സഹായിക്കും. ശരീരഭാരം കുറഞ്ഞെന്ന് കരുതി പഴയ ഭക്ഷണശീലങ്ങളിലേക്ക് തിരിച്ചുപോകരുത്. അത് ശരീരഭാരം വീണ്ടും കൂടാനിടയാക്കുമെന്ന് മറക്കരുത്.

3) ഹെല്‍ത്തി ഡയറ്റ്: അമിത രക്തസമ്മര്‍ദമുള്ളവര്‍ ഭക്ഷണത്തില്‍ ഉപ്പിന്റെ അളവ് വളരെയധികം കുറയ്ക്കണം. സംസ്‌ക്കരിച്ചതും പായ്ക്കറ്റിലാക്കിയതുമായ ഭക്ഷണത്തില്‍ ഉപ്പിന്റെയും പ്രിസര്‍വേറ്റീവുകളുടെയും അളവ് വളരെ കൂടുതലാണ്. അതിനാല്‍ അത് ഒഴിവാക്കണം. പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കി വീട്ടില്‍ തന്നെ പാകം ചെയ്ത ഭക്ഷണം കഴിക്കുന്നത് ആരോഗ്യകരമായ ഡയറ്റ് പാലിക്കാന്‍ സഹായകരമാണ്.

4) മദ്യപാനം ഒഴിവാക്കുക: മദ്യപാനം പൂര്‍ണമായും ഒഴിവാക്കുന്നത് അമിത ബി.പി. കുറയാന്‍ സഹായകരമാണ്. മദ്യത്തിനൊപ്പം പലപ്പോഴും അമിത ഉപ്പും കൊഴുപ്പും അടങ്ങിയ ഭക്ഷണം കൂടി പലരും കഴിക്കാറുണ്ട്. ഇത് ബി.പി. കൂടാന്‍ ഇടയാക്കുന്നതാണ്.

5) പുകവലി ഒഴിവാക്കണം: ബി.പി. കൂടാനുള്ള പ്രധാനപ്പെട്ട ഒരു കാരണമാണ് പുകവലി. അമിത ബി.പി. ഉള്ള ഒരാള്‍ പുകവലിക്കുന്നത് ബി.പി. നിയന്ത്രണം വിട്ടുപോകാന്‍ ഇടയാക്കും. അതിനാല്‍ പുകവലി നിര്‍ബന്ധമായും ഒഴിവാക്കണം. എന്നിവ കൊണ്ട് ബി.പി. കുറയ്ക്കാന്‍ സാധിക്കും.

Related News