Loading ...

Home health

കോവിഡിനെതിരായ ഇന്ത്യയുടെ വാക്സിന്‍; ആ​​ദ്യഘട്ട പരീക്ഷണത്തില്‍ പാര്‍ശ്വ ഫലങ്ങളില്ല; നിരീക്ഷണം തുടരും

ന്യൂഡല്‍ഹി: കോവിഡിനെതിരേ തദ്ദേശീയമായി വികസിപ്പിച്ച വാക്‌സിന്‍ 'കോവാക്‌സി'ന്റെ മനുഷ്യരിലുള്ള ആദ്യഘട്ട പരീക്ഷണത്തില്‍ ഇതുവരെ പാര്‍ശ്വ ഫലങ്ങളൊന്നും പ്രകടമായിട്ടില്ലെന്ന് ആരോ​ഗ്യ വി​ദ​ഗ്ധര്‍. മനുഷ്യരിലുള്ള പരീക്ഷണം ഡല്‍ഹി എയിംസില്‍ വെള്ളിയാഴ്ച തുടങ്ങിയിരുന്നു. ഐസിഎംആറുമായി ചേര്‍ന്ന് ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്കാണ് ഈ വാക്‌സിന്‍ വികസിപ്പിച്ചത്. ഡല്‍ഹിക്കാരനായ 30കാരനിലാണ് വാക്‌സിന്‍ ആദ്യം കുത്തിവെച്ചത്. ഇയാളില്‍ പാര്‍ശ്വഫലങ്ങളൊന്നും പ്രകടമായിട്ടില്ലെന്ന് പരീക്ഷണത്തിനു നേതൃത്വം നല്‍കുന്ന ഡോ. സഞ്ജയ് റായ് അറിയിച്ചു. 0.5 മില്ലിലിറ്റര്‍ വാക്‌സിനാണ് കുത്തിവെച്ചത്. അടുത്ത ഒരാഴ്ച ഇയാളെ നിരീക്ഷണ വിധേയമാക്കുമെന്നും റായ് വ്യക്തമാക്കി. ശനിയാഴ്ച ഏതാനും പേരില്‍ക്കൂടി വാക്‌സിന്‍ കുത്തിവെക്കും. 3500-ലധികം പേരാണ് വാക്‌സിന്‍ പരീക്ഷണത്തിനായി എയിംസില്‍ സന്നദ്ധത അറിയിച്ചിരിക്കുന്നത്. ഇവരില്‍ 22 പേരുടെ ശാരീരിക പരിശോധന പുരോഗമിക്കുകയാണ്. പരിശോധനയില്‍ യോഗ്യരെന്ന് തെളിയുന്നവരിലാണ് വാക്‌സില്‍ കുത്തിവെക്കുക. കോവാക്‌സിന്റെ ഒന്നും രണ്ടും ഘട്ട പരീക്ഷണത്തിന് ഐസിഎംആര്‍ തിരഞ്ഞെടുത്തിരിക്കുന്ന 12 സ്ഥാപനങ്ങളിലൊന്നാണ് ഡല്‍ഹി എയിംസ്. ആദ്യ ഘട്ടത്തില്‍ ആകെ 375 പേരിലാണ് വാക്‌സിന്‍ പരീക്ഷിക്കുക. ഇവരില്‍ 100 പേര്‍ എയിംസില്‍ നിന്നായിരിക്കും. രണ്ടാം ഘട്ടത്തില്‍ 750 പേരില്‍ വാക്‌സിന്‍ കുത്തിവെക്കും. ആദ്യഘട്ടത്തില്‍ 18- 55 വയസ് പ്രായമുള്ളവരെയും രണ്ടാം ഘട്ടത്തില്‍ 12- 65 വയസ് പ്രായമുള്ളവരെയുമാണ് പരീക്ഷണത്തിന് തിരഞ്ഞെടുക്കുകയെന്ന് ഡല്‍ഹി എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ പറഞ്ഞു

Related News