Loading ...

Home health

തുളസിയുടെ ഔഷധ ഗുണങ്ങള്‍

ഇന്ത്യയില്‍ എല്ലായിടത്തും കാണപ്പെടുന്ന ഒരു ചെടിയാണ് തുളസി. ആയുര്‍വേദ ചികിത്സയില്‍ പ്രധാന സ്ഥാനവും തുളസിക്ക് തന്നെ. പച്ചനിറത്തിലുള്ള തുളസിയെ രാമ തുളസി അല്ലെങ്കില്‍ ലക്ഷ്മി തുളസിയെന്നും ചാര നിറത്തിലുള്ള തുളസിയെ കൃഷ്ണ തുളസിയെന്നുമെന്നാണ് പറയുന്നത്.ബാക്ടീരിയ, ചര്‍മ്മരോഗങ്ങള്‍ എന്നിവയെ പ്രതിരോധിക്കുവാനും പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുവാനുമാണ് തുളസി ഉപയോഗിക്കുക. വീടുകളില്‍ ഉണ്ടാക്കുന്ന മരുന്നുകളില്‍ തുളസിയുടെ സ്ഥാനം എടുത്ത് പറയേണ്ടത് തന്നെയാണ്.

ചുമ, തൊണ്ടവേദന, ഉദരരോഗങ്ങള്‍, ത്വക്ക് രോഗങ്ങള്‍ എന്നിവയ്ക്കുള്ള ഔഷധമായി തുളസി ഉപയോഗിക്കുന്നു. തുളസിയില ഉണക്കി പൊടിച്ച്‌ നാസിക ചൂര്‍ണമായി ഉപയോഗിച്ചാല്‍ മൂക്കടപ്പ്, ജലദോഷം എന്നിവ ഇല്ലാതാവും. തുളസിനീരും അതേ അളവില്‍ തേനും കൂടി ചേര്‍ത്ത് കഴിച്ചാല്‍ വസൂരിക്ക് ശമനം ഉണ്ടാകും. തുളസിനീരില്‍ കുരുമുളക് പൊടി ചേര്‍ത്ത് കഴിച്ചാല്‍ ജ്വരം ഇല്ലാതാകും. തുളസി ഇട്ടു തിളപ്പിച്ചാറിയ വെള്ളം കണ്ണിലൊഴിച്ചാല്‍ ചെങ്കണ്ണ് മാറും. മുഖക്കുരു മാറുവാനായി തുളസിയിലയും പാടകിഴങ്ങും ചേര്‍ത്ത് അരച്ച്‌ മുഖത്ത് പുരട്ടിയാല്‍ മതി. തുളസി നീരും പച്ച മഞ്ഞളും ചേര്‍ത്ത് പുരട്ടുന്നത് ചിലന്തി വിഷബാധയ്ക്ക് ശമനം ഉണ്ടാകാന്‍ കാരണമാകുന്നു. തുളസിയിലനീര് രാവിലെയും വൈകീട്ടും കുടിക്കുന്നത് മഞ്ഞപ്പിത്തം, മലേറിയ, വയറുകടി എന്നീ രോഗങ്ങള്‍ ഇല്ലാതിരിക്കാന്‍ സഹായിക്കും.

തുളസിയില്‍ അടങ്ങിയിരിക്കുന്ന ഒലിയോനോലിക് ആസിഡ്, ഉര്‍സോലിക് ആസിഡ്, റോസമരിനിക് ആസിഡ്, യൂഗെനോല്‍ തുടങ്ങീ ഘടകങ്ങള്‍ ആണ് തുളസിക്ക് ഇത്രയധികം ഗുണങ്ങള്‍ ഉണ്ടാവാന്‍ കാരണം. ഔഷധ പ്രാധാന്യമുള്ള തുളസിക്ക് ജ്യോതിഷ പ്രാധാന്യം കൂടിയുണ്ട്.പണ്ടൊക്കെ ആളുകള്‍ തുളസിയില ചെവിയുടെ പിറകില്‍ ചൂടാറുണ്ടായിരുന്നു. എന്നാല്‍ നാണക്കേട് എന്ന് കരുതി പുതിയ തലമുറയിലെ ആരും തന്നെ ഇപ്പോള്‍ അങ്ങനെ ചെയ്യാറില്ല. മനുഷ്യശരീരത്തിലെ ആഗിരണശക്തി കൂടുതലുള്ള ഭാഗമാണ് ചെവി എന്ന് പഴമക്കാര്‍ വിശ്വസിച്ചിരുന്നു. അതുകൊണ്ടാണ് അവര്‍ ചെവിയുടെ പിന്നില്‍ തുളസിയില വെച്ചിരുന്നത്.

കൂടാതെ പേഴ്‌സില്‍ തുളസിയില സൂക്ഷിക്കുന്നത് നല്ലതാണെന്നും പറയുന്നു. എവിടെയെങ്കിലും യാത്ര പോകുന്ന സമയത്ത് പേഴ്‌സില്‍ തുളസിയില ഉണ്ടെങ്കില്‍ യാത്ര ശുഭകരമായി ലക്ഷ്യസ്ഥാനത്ത് എത്തുമെന്നാണ് വിശ്വാസം.സാധാരണയായി പേഴ്‌സില്‍ പണം നിറയാന്‍ പല ജ്യോതിഷ സഹായങ്ങളും മിക്കവരും തേടാറുണ്ട്. അതില്‍ പ്രധാനം തുളസിയില തന്നെയാണെന്നാണ് പറയപ്പെടുന്നത്. തുളസിയിലയില്‍ മഹാവിഷ്ണുവിന്റെയും മഹാലക്ഷ്മിയുടെയും സാന്നിധ്യം ഉണ്ടെന്നും പറയുന്നു.തുളസി മാല ധരിക്കുന്നവര്‍ക്കും തുളസിക്കാട് കണ്ട് മരിക്കുന്നവര്‍ക്കും മോക്ഷപ്രാപ്തി ഉണ്ടാകും എന്നാണ് പഴമക്കാര്‍ പറയുന്നത്. ആശുദ്ധിയുള്ളപ്പോള്‍ തുളസിയെ സ്പര്‍ശിക്കരുതെന്നും അവര്‍ പറയുന്നു.തുളസി തറ കെട്ടി, കൃഷ്ണ തുളസി നട്ട്, ദിവസവും വിളക്കുവെയ്ക്കുകയും മൂന്ന് തവണ മന്ത്ര ജപത്തോടെ പ്രദക്ഷിണം വയ്ക്കുന്നത് നല്ലതാണ്. കൂടാതെ ചൊവ്വ, വെള്ളി, ഏകാദശി ദിവസങ്ങളില്‍ തുളസി പൂവോ ഇലയോ പറിച്ചെടുക്കുവാനും പാടില്ല.


Related News