Loading ...

Home health

പനി, ചുമ മാറാന്‍ തേന്‍ മതി; ആന്റിബയോട്ടിക്‌സിനേക്കാള്‍ ഫലപ്രദമെന്ന് പഠനം

ലണ്ടന്‍: സാധാരണ പനിക്കും ചുമയ്ക്കും ആന്റിബയോട്ടിക്കിനേക്കാള്‍ തേന്‍ ഗുണം ചെയ്യുമെന്ന് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുടെ പഠനം. ആന്റിബയോട്ടിക്‌സിനേക്കാള്‍ ഒരു ടീസ്പൂണ്‍ തേന്‍ ആരോഗ്യത്തെ ബാധിക്കുന്ന പകര്‍ച്ചരോഗാണുക്കളില്‍ നിന്ന് നമുക്ക് പ്രതിരോധം തീര്‍ക്കുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.

ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കും തേന്‍ ഫലപ്രദമാണെന്ന് ഗവേഷകര്‍ പറയുന്നു. ചുമ മാറാനായി സാധാരണ ഉപയോഗിക്കുന്ന മരുന്നുകളുടേതിനേക്കാള്‍ 36 ശതമാനം അധികം ഫലപ്രദമാണ് തേന്‍, ബ്രിട്ടീഷ് മെഡിക്കല്‍ ജേണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

14 വ്യത്യസ്ത പഠനങ്ങളാണ് തേനിന്റെ ഔഷധ ഗുണങ്ങളെ പറ്റി ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല നടത്തിയത്. ചുമ മാറാന്‍ ഉപയോഗിക്കുന്ന മരുന്നുകളായ ഡിഫെന്‍ഹൈഡ്രൈമന്‍, ആന്റിഹിസ്റ്റ്‌മൈന്‍ എന്നിവയേക്കാള്‍ 50 ശതമാനം ഫലപ്രദമാണ് തേന്‍. തേന്‍ കഴിക്കുന്നതിലൂടെ വേഗത്തില്‍ രോഗമുക്തിയും ഉണ്ടാവുന്നുണ്ട്‌. തേനില്‍ അടങ്ങിയിരിക്കുന്ന ആന്റി ബാക്ടീരിയല്‍, ആന്റി ഓക്‌സിഡന്റ് ഘടകങ്ങള്‍ ശരീരത്തിന്റെ പ്രതിരോധ ശേഷിയെ ബാധിക്കുന്നവയെ അകറ്റി നിര്‍ത്തുന്നു.

തേന്‍ കഴിക്കുന്നതിലൂടെ രണ്ട് ദിവസം കൊണ്ട് തൊണ്ടവേദന, ജലദോഷം എന്നിവ മാറുന്നതായും പഠനത്തില്‍ കണ്ടെത്തി. മാത്രമല്ല, മറ്റ് മരുന്നുകളെ അപേക്ഷിച്ച്‌ ചുമയുടെ കാഠിന്യം 44 ശതമാനം വരെ കുറയ്ക്കാനും തേനിന് സാധിക്കുന്നു. മുറിവുകളും, പൊള്ളലുകളും വേഗത്തില്‍ ഉണങ്ങുന്നതിനും തേന്‍ സഹായിക്കുന്നു. തേനിലുള്ള ഗ്ലൂക്കോസും, ഫ്രക്‌റ്റോസും മുറിവിലെ ഈര്‍പ്പം വലിച്ചെടുക്കുന്നതിലൂടെയാണിത്.


Related News