Loading ...

Home USA

അമേരിക്കയില്‍ കാട്ടുതീ;കനത്ത നാശം, ഏഴ് മരണം

വാഷിംഗ്ടണ്‍: കൊവിഡ് പ്രതിസന്ധിയ്ക്കിടെ കാലിഫോര്‍ണിയയില്‍ കഴിഞ്ഞ ശനിയാഴ്ച പൊട്ടിപുറപ്പെട്ട കാട്ടുതീയില്‍ അമേരിക്കയിലെ വെസ്റ്റ് കോസ്റ്റ് മേഖലയില്‍ കനത്ത നാശം. വാഷിംഗ്ടണ്‍, ഒറിഗോണ്‍ എന്നിവിടങ്ങളടക്കം പല പ്രദേശങ്ങളും തീയുടെ പിടിയിലാണ്. ഒരു വയസുകാരനടക്കം ഏഴ് പേര്‍ കാട്ടുതീയില്‍പ്പെട്ട് മരിച്ചതായാണ് വിവരം. വടക്കന്‍ കാലിഫോര്‍ണിയയില്‍, അതിവേഗം പടരുന്ന അഗ്നിബാധയുടെ ഭീകരമായ രംഗങ്ങളാണ് പുറത്തുവരുന്നത്. കാട്ടുതീയുടെ പുകയും തീയുടെ ഓറഞ്ച് നിറവുമാണ് പ്രദേശത്താകെയുള്ളത്. അഗ്നിബാധ മൂലം ആയിരക്കണക്കിന് ആളുകള്‍ വീടുകളില്‍ നിന്ന് പലായനം ചെയ്തു. ഒറിഗോണില്‍ മണിക്കൂറില്‍ 45 മൈല്‍ വേഗത്തിലാണ് തീ പടര്‍ന്ന് പിടിക്കുന്നത്. രണ്ട് നഗരങ്ങള്‍ പൂര്‍ണമായും കത്തിയമര്‍ന്നു. ആയിരത്തിലധികം വീടുകള്‍ കത്തി നശിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കാലിഫോര്‍ണിയയുടെ ചരിത്രത്തില്‍ അടുത്തകാലത്ത് റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും കഠിനമായ കാട്ടുതീയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. 25 ദശലക്ഷം പ്രദേശം അഗ്നിക്കിരയായി. കഴിഞ്ഞ വര്‍ഷമുണ്ടായ കാട്ടുതീയുടെ 20 ഇരട്ടി നാശമാണിത്. വാഷിംഗ്ടണില്‍ ഈ ആഴ്ചമാത്രം 4,800,00 ഏക്കറോളം ഭൂമി കത്തി നശിച്ചു. നിരവധി കെട്ടിടങ്ങള്‍ക്കും നാശമുണ്ടായിട്ടുണ്ട്. വീടുകള്‍ക്ക് പുറമെ, പോസ്റ്റ് ഓഫീസ്, ഫയര്‍ സ്റ്റേഷന്‍ അടക്കമുള്ള മുനിസിപ്പല്‍ കെട്ടിടങ്ങളും കത്തി നശിച്ചു. ഒറിഗോണില്‍ 3,00,000 ഏക്കര്‍ ഭൂമി അഗ്നിക്കിരയായി. ചൂടും തുടര്‍ച്ചയായ ഉഷ്ണക്കാറ്റുമാണ് തീയുടെ ആക്കം കൂട്ടിയിരിക്കുന്നത്. അതേസമയം, കാട്ടുതീയ്ക്ക് കാരണം പ്രദേശവാസികളില്‍ ചിലരുടെ അശ്രദ്ധ എന്നാണ് റിപ്പോര്‍ട്ട്. ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം വെളിപ്പെടുത്തുന്ന 'ജെന്‍ഡര്‍ റിവീല്‍' പാര്‍ട്ടിക്കൊപ്പം നടത്തിയ കരിമരുന്ന് പ്രയോഗമാണ് തീപടരാന്‍ കാരണമായതെന്നാണ് വിവരം.

Related News