Loading ...

Home health

'ഉത്തരവാദിത്വം പങ്കുവയ്ക്കാം. ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാം': ഇന്ന് ലോക എയ്ഡ്‌സ് ദിനം

ഇന്ന് ലോക എയിഡ്‌സ് ദിനം. ഉത്തരവാദിത്വം പങ്കുവയ്ക്കാം..ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാം എന്ന സന്ദേശവുമായാണ് ലോകം ഇന്ന് എയ്ഡ്‌സ് ദിനം ആചരിക്കുന്നത്. ഈ ദിനത്തില്‍ എയ്ഡ്‌സ് കുറിച്ച്‌ ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്നതാണ് പ്രധാനമായും ലോക രാജ്യങ്ങള്‍ ചെയ്ത് വരുന്നത്. എയ്ഡ്‌സ്് ദിനാചരണത്തിന്റെ 32-ാം വാര്‍ഷികം ആചരിക്കുമ്ബോള്‍ ഇന്ന് പലര്‍ക്കും ഇത്തരം രോഗാവസ്ഥ എങ്ങനെയാണ് പകരുന്നത്, പകരാതിരിക്കാന്‍ എന്താണ് ചെയ്യേണ്ടത്, രോഗബാധിതരുമായി ഇടപഴകുമ്ബോള്‍ രോഗം പകരുമോ എന്ന കാര്യങ്ങളിലൊക്കെ ഇന്നും സംശയങ്ങള്‍ ഏറെയാണ്. ഇതിനുള്ള ബോധവല്‍ക്കരണം കൂടിയാണ് ഈ ദിനത്തില്‍ ലക്ഷ്യമിടുന്നത്.

വൈദ്യ ശാസ്ത്രം അക്വയേഡ് ഇമ്യൂണോ ഡെഫിഷന്‍സി സിന്‌ഡ്രോം അഥവാ എയ്ഡ്‌സ്് എന്ന് പേരിട്ടു വിളിക്കുന്ന ഈ രോഗത്തിന് കാരണക്കാര്‍ ഹ്യൂമണ്‍ ഇമ്യൂണോ വൈറസുകളാണ്. ആഫ്രിക്കന്‍ കാടുകളിലെ ചിമ്ബാന്‍സികളിലാണ് ഈ വൈറസുകളെ ആദ്യം കണ്ടെത്തിയത്. പക്ഷെ ചിമ്ബാന്‍സികളില്‍ നിന്ന് എങ്ങനെയാണ് ഈ വൈറസ് മനുഷ്യരിലേക്കെത്തിയത് എന്നോ ഈ രോഗത്തിനുള്ള പ്രതിവിധി എന്ത് എന്നോ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ശാസ്ത്ര ലോകത്തിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം.

ലോകത്തുണ്ടായതില്‍ വെച്ച്‌ ഏറ്റവും മാരകമായ ഈ രോഗം റിട്രോവിറിഡേ എന്ന വൈറസ് കുടുംബത്തിലെ ലെന്റിവൈറസ് ജീനാണ് എച്ച്‌ഐവിയുടേത്. എച്ച്‌ഐവി 1, എച്ച്‌ഐവി 2 എന്നിങ്ങനെ രണ്ട് സ്പീഷിസുകളാണ് മനുഷ്യനെ ആക്രമിക്കുന്നത്. ഇതില്‍ എച്ച്‌ഐവി 1 ആണ് ഏറ്റവും കൂടുതല്‍ ആക്രമകാരിയായി കാണപ്പെടുന്നത്.

ലോകാരോഗ്യ സംഘടനയിലെ ഗ്ലോബല്‍ പ്രോഗ്രാം ഓണ്‍ എയ്ഡ്‌സിന്റെ രണ്ട് പബ്ലിക് ഇന്‍ഫോര്‍മേഷന്‍ ഓഫീസര്‍മാരായ ജെയിംസ് ഡബ്ല്യൂ ബെന്നും, തോമസ് നെട്ടരും ചേര്‍ന്ന് 1987ലാണ് എയിഡ്‌സ് ദിനാചരണം എന്ന ആശയം മുന്നോട്ട് വച്ചത്. ഐക്യരാഷ്ട്ര സഭയിലെ എയിഡ്‌സ് വിഭാഗം മേധാവിയായിരുന്ന ജോനാഥന്‍ മാന്‍ ഇത് അംഗീകരിക്കുകയായിരുന്നു. തുടര്‍ന്ന് 1988 ഡിസംബര്‍ 1ന് ആദ്യത്തെ ലോക എയ്ഡ്‌സ് ദിനമായി ആചരിക്കുകയും ചെയ്തു.

ലോകാരോഗ്യ സംഘടന, യു.എന്‍.എച്ച്‌.സി.ആര്‍., യൂണിസെഫ്, യു.എന്‍.ഡി.പി., യു.എന്‍.എഫ്.പി.എ., യൂനെസ്‌കോ, ഐ.എല്‍.ഒ., ഡബ്യു.ഇ.പി., യു.എന്‍.ഒ.ഡി.സി., ലോകബാങ്ക് എന്നിവയാണ് യുഎന്‍ എയിഡ്‌സ് പരിപാടിയുടെ പ്രധാന പങ്കാളികള്‍. ഇന്ത്യയില്‍ ദേശീയ എയിഡ്‌സ് നിയന്ത്രണ സംഘടനയും കേരളത്തില്‍ കേരള സംസ്ഥാന എയ്ഡ്‌സ്് നിയന്ത്രണ സംഘവുമാണ് ബോധവത്കരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.

അതേസമയം 2019 അവസാനം വരെയുള്ള കണക്കുകള്‍ പ്രകാരം ലോകത്താകമാനം 3,80,00000 പേര്‍ എച്ച്‌ ഐ വി ബാധിതരാണ്. ഇതില്‍ 3,60,00000 പേര്‍ പ്രായപൂര്‍ത്തിയായവരാണ്. 18 ലക്ഷം പേര്‍ പതിനാല് വയസ് വരെയുള്ള കുട്ടികളാണ്.

2019ല്‍ മാത്രം 17 ലക്ഷം പേരാണ് രോഗബാധിതരായത്. 6,90,000 പേരാണ് 2019ല്‍ എച്ച്‌ഐവി ബാധിച്ച്‌ മരിച്ചത്. 2010ന് ശേഷം ഓരോ വര്‍ഷവും പുതുതായി എച്ച്‌ഐവി ബാധിക്കുന്നവരില്‍ നിന്ന് 23 ശതമാനത്തിന്റെ കുറവാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയതെന്ന ഐക്യരാഷ്ട്ര സംഘടനയുടെ കണക്ക് ഏറെ ആശ്വാസം പകരുന്നതാണ്.

1981 മുതല്‍ 2017 വരെയുള്ള കണക്കെടുത്താല്‍ എച്ച്‌ഐവി അണുബാധയും എയ്ഡ്‌സ് മൂലമുള്ള മരണവും ഇന്ത്യയില്‍ കുറഞ്ഞു. 2017ല്‍ 87,590 പേര്‍ക്ക് പുതിയതായി എച്ച്‌ഐവി അണുബാധ ഉണ്ടായതായും 69,110 പേര്‍ എയ്ഡ്‌സുമായി ബന്ധപ്പെട്ട് മരണമടഞ്ഞതായും റിപ്പോര്‍ട്ട് പറയുന്നു. കേരളത്തിലും പുതിയ എയ്ഡ്‌സ് ബാധിതരുടെ എണ്ണം കുറയുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

Related News