Loading ...

Home USA

അമേരിക്കന്‍ പാര്‍ലമെന്റില്‍ കലാപം; നാല് മരണം,വാഷിംഗ്ടണില്‍ കര്‍ഫ്യൂ

വാഷിങ്ടണ്‍ : അമേരിക്കന്‍ പാര്‍ലമെന്റില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ തേര്‍വാഴ്ചയെ തുടര്‍ന്നുണ്ടായ കലാപത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. മരിച്ചവര്‍ ട്രംപ് അനുകൂലികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. യുഎസ് ക്യാപിറ്റോളില്‍ കടന്നുകയറിയുണ്ടാക്കിയ അതിക്രമത്തിനിടെ യുഎസ് പൊലീസിന്റെ വെടിയേറ്റാണ് സ്ത്രീ മരിച്ചത്. സംഘര്‍ഷത്തിനിടെ പരിക്കേറ്റ മറ്റു മൂന്നുപേര്‍ ചികില്‍സയിലിരിക്കെയാണ് മരിച്ചതെന്നും വാഷിങ്ടണ്‍ ഡിസി പൊലീസ് മേധാവി റോബര്‍ട്ട് കോണ്ടി വ്യക്തമാക്കി. സംഘര്‍ഷത്തിന്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രതിഷേധക്കാര്‍ രാസവസ്തുക്കള്‍ കയ്യില്‍ കരുതിയിരുന്നതായി പൊലീസ് ആരോപിച്ചു. പാര്‍ലമെന്റ് വളപ്പില്‍ നിന്നും രണ്ട് പൈപ്പ് ബോംബുകള്‍ കണ്ടെടുത്തതായും പൊലീസ് അറിയിച്ചു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വാഷിങ്ടണില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ നീട്ടി. നിരോധനാജ്ഞ 15 ദിവസത്തേക്ക് നീട്ടിയതായാണ് വാഷിങ്ടണ്‍ ഡിസി മേയര്‍ മുരിയേല്‍ ബൗസര്‍ അറിയിച്ചത്. കര്‍ഫ്യൂ ലംഘിച്ചതിനും കലാപം ഉണ്ടാക്കിയതിനും 52 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പാര്‍ലമെന്റിന്റെ സുരക്ഷാചുമതല സുരക്ഷാ സേന ഏറ്റെടുത്തിട്ടുണ്ട്. അമേരിക്കന്‍ യുഎസ് കോണ്‍ഗ്രസിന്റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെ ഡൊണള്‍ഡ് ട്രംപിന്റെ അനുകൂലികള്‍ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് ഇരച്ചു കയറുകയായിരുന്നു. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ പാര്‍ലമെന്റ് സമ്മേളിക്കുന്നതിനിടെയാണ് അക്രമാസക്തരായ ആയിരക്കണക്കിന് ട്രംപ് അനുകൂലികള്‍ കാപ്പിറ്റോള്‍ മന്ദിരത്തിലെ സുരക്ഷാവലയം ഭേദിച്ച്‌ അകത്തുകടന്നത്.

Related News