Loading ...

Home health

മനുഷ്യന്റെ വയറിനുള്ളില്‍ 70,000ല്‍ അധികം വിചിത്ര വൈറസുകള്‍, ഞെട്ടിക്കുന്ന കണ്ടെത്തലുമായി ഗവേഷകര്‍

ശാസ്ത്രലോകത്തിന് ഇപ്പോഴും മനുഷ്യന്റെ ശരീരത്തെ പൂര്‍ണമായി മനസിലാക്കാന്‍ സാധിച്ചിട്ടില്ല എന്നത് സത്യമാണ്. മനുഷ്യ ശരീരത്തിലെ മാറ്റങ്ങളെ കുറിച്ച്‌ ഇപ്പോഴും പഠനങ്ങള്‍ പുരോഗമിയ്ക്കുകയാണ്. ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ പുതിയ 70,000 ലേറെ വൈറസുകളെ മനുഷ്യന്റെ വയറ്റില്‍ മാത്രമായി കണ്ടെത്തിയിരിക്കുകയാണ്. എന്നാല്‍ ഇവയുടെ ജോലി എന്താണെന്നോ ഇവ മൂലം അസുഖങ്ങള്‍ ഉണ്ടാകുമെന്നോ ഉള്ള വിവരങ്ങള്‍ ഒന്നും തന്നെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കണ്ടെത്തിയതില്‍ ഭൂരിഭാഗം ബാക്ടീരിയകളും നിരുപദ്രകാരികളും നമ്മുടെ ശരീരത്തിന് ആവശ്യമായവയുമാണെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയ ലൂയിസ് കമാരില്ലോ ഗുവേറോ പറയുന്നത്. മെറ്റജെനോമിക്‌സ് എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ വൈറസുകളെ കണ്ടെത്തിയിരിയ്ക്കുന്നത്. സൂഷ്മാണുക്കളുടെ കൂട്ടത്തില്‍ നിന്നും അവയുടെ ജനിതകഘടന തിരിച്ചറിയുകയും അതുപയോഗിച്ച്‌ പ്രത്യേകം വിഭാഗങ്ങളെ തിരിച്ചറിയുകയുമായിരുന്നു ചെയ്തത്. പഠനത്തിനായി 28 രാജ്യങ്ങളില്‍ നിന്നായി 28,000 സൂഷ്മാണു സാംപിളുകള്‍ ഗവേഷകര്‍ ശേഖരിക്കുകയും ചെയ്തു. ഇതില്‍ നിന്നാണ് 1,40,000 വിവിധ വിഭാഗത്തില്‍ പെട്ട വൈറസുകള്‍ മനുഷ്യന്റെ വയറ്റിലുണ്ടാകുമെന്ന് കണ്ടെത്തിയത്. ബാക്ടീരിയകളെ ഭക്ഷിക്കുന്ന ബാക്ടീരിയോഫേഗുകളിലാണ് പഠനം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഉദര സൂഷ്മാണുവ്യവസ്ഥയില്‍ ഇത്തരം ബാക്ടീരിയോഫേഗുകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ചും ഏതെല്ലാം ബാക്ടീരിയകള്‍ക്ക് ദഹനവ്യവസ്ഥയില്‍ മുന്‍തൂക്കം ലഭിക്കുന്നുവെന്നതടക്കമുള്ള കാര്യങ്ങള്‍ സൂഷ്മാണുക്കളെ ഭക്ഷിക്കുന്ന ബാക്ടീരിയോഫേഗുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ജേണല്‍ സെല്ലിലാണ് ഈ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. മനുഷ്യന്റെ ദഹനവ്യവസ്ഥയുടെ ഭാഗമായ പുതിയതായി കണ്ടെത്തിയ 70,000ലേറെ വൈറസുകളുടെ ജനിതക വിവരങ്ങളാണ് പഠനത്തിന്റെ ഭാഗമായി ഗവേഷകര്‍ പുറത്തു വിട്ടിരിക്കുന്നത്. ഭാവിയില്‍ ഇതേക്കുറിച്ചുള്ള പഠനങ്ങള്‍ക്ക് അടിസ്ഥാനമാകും തങ്ങള്‍ പുറത്തു വിട്ട വിവരങ്ങളെന്നാണ് കമാറില്ലോ ഗുരേരോ പറയുന്നത്.

Related News