Loading ...

Home USA

ചൈനയെ ആഗോളശക്തിയാകാന്‍ അനുവദിക്കില്ലെന്ന് അമേരിക്ക

വാഷിംഗ്ടണ്‍: ചൈനയെ ഒരിക്കലും ആഗോള ശക്തിയാകാന്‍ അനുവദിക്കില്ലെന്ന് തുറന്നടിച്ച്‌ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ലോകമാനവരാശിക്ക് തന്നെ അപകടമായ രാജ്യമാണ് തങ്ങളെന്ന് ചൈന ഓരോ സംഭവങ്ങളിലൂടേയും തെളിയിക്കുകയാണെന്നും ബൈഡന്‍ പറഞ്ഞു. ആഗോള മനുഷ്യസമൂഹത്തെ ഞെട്ടിക്കുന്ന കൊടുംക്രൂരമായ മനുഷ്യാവകാശ ലംഘനമാണ് ബീജിംഗ് നടത്തുന്നതെന്നും ബൈഡന്‍ വ്യക്തമാക്കി. അമേരിക്കന്‍ പ്രസിഡന്റ് പദവിയിലെത്തിയ ശേഷം ഇതാദ്യമായാണ് ജോ ബൈഡന്‍ ചൈനയെ നേരിട്ട് വെല്ലുവിളിക്കുന്നത്. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എടുത്ത നടപടിയേക്കാള്‍ ഒട്ടും പിന്നിലല്ല താനെന്ന് ജോ ബൈഡനും തെളിയിക്കുന്നത് ചൈനയ്ക്ക് കനത്ത തിരിച്ചടിയാണ് നല്‍കുന്നത്. വടക്കന്‍ കൊറിയ രണ്ട് ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തിയതിനെയും ജോ ബൈഡന്‍ രൂക്ഷമായി വിമര്‍ശിച്ചു. വടക്കന്‍ കൊറിയ നടത്തിയത് അന്താരാഷ്ട്ര നിയമങ്ങളോടുള്ള കടുത്ത വെല്ലുവിളി. ഐക്യരാഷ്ട്ര സുരക്ഷാ കൗണ്‍സിലിന്റെ പ്രമേയങ്ങളുടെ നഗ്നമായ ലംഘനമാണ് കൊറിയ നടത്തിയതെന്നും അമേരിക്കന്‍ പ്രസിഡന്റ് ആരോപിച്ചു. അധികാരമേറ്റ ശേഷം നടത്തിയ രണ്ടാമത്തെ ഔദ്യോഗിക വാര്‍ത്താ സമ്മേളനത്തിലാണ് വടക്കന്‍ കൊറിയക്കെതിരെ ബൈഡന്റെ രൂക്ഷ പരാമര്‍ശം. വടക്കന്‍ കൊറിയയുടെ മിസൈല്‍ പരീക്ഷണത്തെ അന്താരാഷ്ട്ര തലത്തില്‍ സഖ്യരാജ്യ ങ്ങളുമായി ചര്‍ച്ച ചെയ്യുമെന്നും ബൈഡന്‍ പ്രസ്താവനയില്‍ അറിയിച്ചു. ഐക്യരാഷ്ട്ര സുരക്ഷാ കൗണ്‍സിലിന്റെ 1718 പ്രമേയം മിസൈല്‍ പരീക്ഷണങ്ങളെ സംബന്ധിച്ച്‌ കൃത്യമായ മാര്‍ഗ്ഗരേഖ പുറപ്പെടുവിച്ചിട്ടുണ്ട്. ലോകരാജ്യങ്ങളെല്ലാം അത് പാലിക്കുന്നുമുണ്ട്. സ്വന്തം രാജ്യത്തിനകത്ത് തന്നെ മിസൈല്‍ പരീക്ഷിക്കുന്നതിന് എതിര്‍പ്പുമില്ല. എന്നാല്‍ കിം ജോംഗ് ഉന്‍ നടത്തിയ പരീക്ഷണം അന്താരാഷ്ട്ര കപ്പല്‍ ചാലിലാണ്. ഒപ്പം ജപ്പാന്റെ അതിര്‍ത്തിയിലേക്കുമായിരുന്നു. പസഫിക്കിലെ രാജ്യങ്ങളെല്ലാം വടക്കന്‍ കൊറിയക്കെതിരെ രംഗത്ത് വന്നപ്പോള്‍ ചൈന വടക്കന്‍ കൊറിയയ്ക്ക് ശക്തമായ പിന്തുണയാണ് നല്‍കിയിരിക്കുന്നത്.

Related News