Loading ...

Home USA

ഫോമാക്ക് കേരളവും കേരളത്തിന് ഫോമയും പരസ്പരം കൈത്താങ്ങാവണം: മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: അമേരിക്കൻ മലയാളികളുടെ ഐക്യബോധത്തിന്‍റെ പതാക വഹിക്കുന്ന ഫോമാ എന്ന ബഹുജന സംഘടനയുടെ പ്രതിജ്ഞാബദ്ധമായ പ്രവർത്തനങ്ങൾക്ക് കേരള സമൂഹത്തെ സാക്ഷ്യപ്പെടുത്തി എല്ലാവിധ പിന്തുണയും ആശംസകളും നേരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം മാസ്ക്കറ്റ് ഹോട്ടലിലെ ഒഎൻവി നഗറിൽ ഫോമായുടെ കേരള കണ്‍വൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫോമാക്ക് കേരളവും കേരളത്തിന് ഫോമയും പരസ്പരം കൈത്താങ്ങാവണം. കേരളം നിരവധി വികസന പ്രവർത്തനങ്ങൾക്ക് തുടക്കമിടുന്ന കാലഘട്ടമാണിത്. പ്രസ്തുത പദ്ധതികൾക്ക് അമേരിക്കൻ മലയാളികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാൻ ഫോമക്ക് സാധിക്കുമെന്ന് വിശ്വസിക്കുന്നു. അമേരിക്കൻ മലയാളി സമൂഹത്തിന്‍റെ സാന്പത്തിക നട്ടെല്ലാണ് നഴ്സുമാർ. കേരളത്തിലെ സ്വകാര്യ നേഴ്സുമാരുടെ ജീവൽ പ്രശ്നങ്ങൾ സുപ്രീം കോടതിയുടെ മാർഗനിർദേശങ്ങൾ പ്രകാരം പരിഹരിച്ചു കഴിഞ്ഞു. അമേരിക്കൻ മലയാളി നഴ്സ് സമൂഹവും മലയാളികൾ ഒന്നാകെയും നാടിനെ നെഞ്ചേറ്റുന്നു എന്നതിന്‍റെ ഉദാഹരണമാണ് സമ്മേളനമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

ഫോമ നാഷണൽ പ്രസിഡന്‍റ് ബെന്നി വാച്ചാച്ചിറ അധ്യക്ഷത വഹിച്ചു. സംഘടനാപരമായി ഫോമാ കേരളത്തിൽ കൂട്ടായ്മയുടെ വിളന്പരവുമായി വർഷത്തിലൊരിക്കലെത്തുന്നത് നാട്ടിലുള്ള മലയാളികളുടെ സുഖദുഃഖങ്ങളിൽ ആത്മാർഥതയോടെ പങ്കുചേരുവാനാണെന്ന് ഫോമ നാഷണൽ പ്രസിഡന്‍റ് ബെന്നി വാച്ചാച്ചിറ പറഞ്ഞു. ചടങ്ങിൽ അദ്ദേഹം ഫോമായുടെ ചാരിറ്റി പദ്ധതികൾ പ്രഖ്യാപിച്ചു. ഫോമാ ജനറൽ സെക്രട്ടറി ജിബി തോമസ് സ്വാഗതം ആശംസിച്ചു. 

അമേരിക്കയിലും കാനഡയിലുമുൾപ്പെടെയുള്ള വിദേശ മലയാളികൾ അയയ്ക്കുന്ന പണമാണ് കേരളത്തിന്‍റെ ഐശ്വര്യമെന്നും ഫോമായുടെ എല്ലാവിധ പ്രവർത്തനങ്ങൾക്കും ആശംസകളും പിന്തുണയും നേരുന്നുവെന്നും ചാരിറ്റി തുകയുടെ ചെക്ക് നൽകിക്കൊണ്ട് ഗതാഗത മന്ത്രി തോമസ് ചാണ്ടി പറഞ്ഞു. തിരുവനന്തപുരം കാട്ടാക്കട കിള്ളിയിലെ പ്രോവിഡൻസ് ഹോമിലെ ബുദ്ധിവികാസം പ്രാപിക്കാത്ത 60 കുട്ടികൾക്കുള്ള മൂന്ന് ലക്ഷം രൂപയുടെ ചെക്ക് സിസ്റ്റർമാരായ ഷേർളിയും സ്മിതയും ചേർന്ന് മന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി. നിർധനരായ കായിക പ്രതിഭകളെ പ്രോൽസാഹിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി കോവളം ഫുട്ബോൾ ക്ലബിലെ കുട്ടികൾക്കുള്ള ഫോമായുടെ ഒരു ലക്ഷം രൂപയുടെ സഹായവും മന്ത്രി വിതരണം ചെയ്തു.

തുടർന്ന് ആശംസകളർപ്പിച്ച് സംസാരിച്ച കെപിസിസി പ്രസിഡന്‍റ് à´Žà´‚.à´Žà´‚ ഹസൻ പ്രവാസി വോട്ടവകാശത്തെപ്പറ്റി സംസാരിക്കുകയും വിദ്യാഭ്യാസ സ്കോളർഷിപ്പ് നൽകുകയും ചെയ്തു. എംഎൽഎമാരായ രാജു എബ്രഹാം, മോൻസ് ജോസഫ്, ബി.ജെ.പി സംസ്ഥാന മുൻ പ്രസിഡന്‍റ് വി. മുരളീധരൻ, നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ കെ. വരദരാജൻ, കേരള മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ് ബാബു, അഡ്വ. ഷിബു മണല തുടങ്ങിയവർ ഫോമായുടെ ബഹുമുഖ സംരംഭങ്ങൾക്ക് ആശംസകൾ നേർന്നു. നഴ്സിംഗ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ മേഖലയിൽ പഠനം ആഗ്രഹിക്കുന്നവർക്ക് അമേരിക്കയിൽ കുറഞ്ഞ ഫീസ് നിരക്കിൽ പഠനത്തിനുള്ള സംവിധാനം ഒരുക്കിയതായി ഫോമ നാഷണൽ പ്രസിഡന്‍റ് ബെന്നി വാച്ചാച്ചിറ സമ്മേളനത്തെ അറിയിച്ചു. നാട്ടിൽ ശ്രദ്ധേയമായ പദ്ധതികൾ നടപ്പാക്കിക്കൊണ്ട് ഫോമാ ജൻമനാടിന്‍റെ മനം കവർന്നിരിക്കുന്നുവെന്ന് കേരള മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്. ബാബു പറഞ്ഞു. 

ഫോമാ ബിസിനസ് മെൻ ഓഫ് ദ ഇയർ പുരസ്കാരം മഹാലക്ഷ്മി സിൽക്സ് മാനേജിംഗ് ഡയറക്ടർ റ്റി.കെ വിനോദ് കുമാറിനും ഫോമ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡ് ഫോമ മുൻ പ്രസിഡന്‍റും ജീവകാരുണ്യ പ്രവർത്തകനും അമേരിക്കൻ വ്യവസായിയുമായ ജോണ്‍ ടൈറ്റസിനും മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു. കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ റോയ്, ദത്ത ആൻഡ് കണ്ണൻ ആർക്കിടെക്ട് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഇന്ദ്രനീൽ ദത്ത, കേരള കണ്‍വൻഷൻ മുൻ ചെയർമാൻ ഡോ. ജേക്കബ് തോമസ് എന്നിവർക്കും അവാർഡ് നൽകി ആദരിച്ചു. കേരള കണ്‍വൻഷൻ ജനറൽ കണ്‍വീനർ അഡ്വ. വർഗീസ് മാമ്മൻ നന്ദി പറഞ്ഞു.


Related News