Loading ...

Home USA

മറ്റൊരു യുദ്ധത്തിന് സേനയെ അയയ്ക്കില്ലെന്ന് അമേരിക്ക: അഫ്ഗാനിസ്ഥാന്റെ 85% പ്രദേശവും കൈയ്യടക്കിയെന്ന് താലിബാന്‍

മോസ്‌കോ: അഫ്ഗാനിസ്ഥാനില്‍ 85% പ്രദേശവും കൈയ്യടക്കിയെന്ന് അവകാശപ്പെട്ട് താലിബാന്‍ രംഗത്ത്. അഫ്ഗാനിസ്ഥാന്റെ പ്രധാനപ്പെട്ട ഇറാന്‍ അതിര്‍ത്തി ഉള്‍പ്പെടെ താലിബാന്‍ അധീനതയിലാക്കിയെന്നാണ് അവകാശവാദം. അഫ്ഗാനില്‍ നിന്ന് യുഎസ് സൈന്യം പൂര്‍ണമായി പിന്മാറുന്ന പശ്ചാത്തലത്തിലാണ് താലിബാന്‍ വീണ്ടും അഫ്ഗാനില്‍ വേരുറപ്പിക്കുന്നത്.

അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള സേനാ പിന്മാറ്റം അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ആഗസ്ത് 31 ന് അവസാന സൈനികനും അഫ്ഗാന്‍ വിടുമെന്നും യുഎസ് പ്രസിഡന്റ ജോ ബൈഡന്റെ പ്രസ്താവനയ്ക്ക് തൊട്ട് പിന്നാലെയാണ് താലിബാന്‍ അവകാശവാദം ഉയര്‍ത്തി രംഗത്തെത്തിയത്. 20 വര്‍ഷമായി തുടരുന്ന അമേരിക്കന്‍ സേനയെയാണ് ബൈഡന്‍ പിന്‍വലിക്കുന്നത്.
അതിര്‍ത്തി നഗരമായ ഇസ്ലാം ക്വാല ഉള്‍പ്പെടെ ഇറാന്‍ അതിര്‍ത്തി മുതല്‍ ചൈനീസ് അതിര്‍ത്തി വരെ പിടിച്ചടുക്കിയതായി താലിബാന്‍ വ്യക്തമാക്കി. അഫ്ഗാനിസ്ഥാനിലെ 398 ജില്ലകളില്‍ 250 ജില്ലകള്‍ പിടിച്ചടുക്കിയതായാണ് താലിബാന്‍ ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുന്നത്. ഇസ്ലാം ക്വാല അതിര്‍ത്തി തങ്ങളുടെ പൂര്‍ണ നിയന്ത്രണത്തിലാണെന്ന് താലിബാന്‍ വക്താവ് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു. അതേസമയം താലിബാനെതിരെ തിരിച്ചടിക്കുന്നതായും സര്‍ക്കാര്‍വൃത്തങ്ങള്‍ കാബുളില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രദേശം തിരിച്ചുപിടിക്കാന്‍ അഫ്ഗാന്‍ സുരക്ഷാ സേന എല്ലാ ശ്രമങ്ങളും നടത്തി വരികയാണെന്ന് സര്‍ക്കാര്‍ വക്താവ് കൂട്ടിച്ചേര്‍ത്തു.

മറ്റൊരു യുദ്ധത്തിന് അമേരിക്കന്‍ തലമുറയെ അഫ്ഗാനിസ്ഥാനിലേക്ക് അയക്കക്കാന്‍ തയാറല്ലെന്ന് ബൈഡന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അഫ്ഗാനിസ്ഥാനാവശ്യമായ മാനുഷിക-സാമ്ബത്തിക സഹായങ്ങള്‍ തുടരുമെന്നും ബൈഡന്‍ പറഞ്ഞു

Related News