Loading ...

Home USA

'മറക്കില്ല, പൊറുക്കില്ല'; ഐ.എസിനെ വേട്ടയാടുമെന്ന് ​ബൈഡന്‍


കാബൂളില്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്തുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 110 ആയി. 13 യു.എസ് സൈനികരും കൊല്ലപ്പെട്ടവരിലുള്‍പ്പെടും. 28 താലിബാന്‍ അംഗങ്ങള്‍ കൊല്ലപ്പെട്ടന്ന ആരോഗ്യ അധികൃതരുടെ റിപ്പോര്‍ട്ടിനെ തള്ളി താലിബാന്‍. തങ്ങളുടെ ഭാഗത്തുള്ള ഒരാളും കൊല്ലപ്പെട്ടിട്ടില്ലെന്ന് താലിബാന്‍ വക്താവ് വ്യക്തമാക്കി. അതേസമയം, വിമാനത്താവളത്തിലെ ഒഴിപ്പിക്കല്‍ ദൗത്യം വീണ്ടും ആരംഭിച്ചു.

വ്യാഴാഴ്ച വൈകീട്ടുണ്ടായ സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഐ.എസിന്റെ അഫ്ഗാനിലെ പ്രാദേശിക ഘടകമായ ഐ.എസ് ഖൊറാസന്‍ ഏറ്റെടുത്തു. ചാവേറാക്രമണമാണ് നടത്തിയതെന്ന് ഐ.എസ് ഖൊറാസന്‍ വ്യക്തമാക്കി. അമേരിക്കന്‍ സൈന്യവുമായി സഹകരിക്കുന്നവരെയും വിവര്‍ത്തകരെയുമാണ് ലക്ഷ്യമിട്ടതെന്നും സംഘം അറിയിച്ചു. അതേസമയം, ആക്രമണത്തിന് തക്കതായ തിരിച്ചടി നല്‍കുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രസ്താവിച്ചു.

യു.എസ് സേനയുടെ നിയന്ത്രണത്തിലുള്ള മേഖല ലക്ഷ്യമിട്ടായിരുന്നു വ്യാഴാഴ്ച ഭീകരാക്രമണം. ഒഴിപ്പിക്കല്‍ ദൗത്യത്തിന്റെ തിരക്കിനിടയില്‍ ഭീകരാക്രമണമുണ്ടാവുമെന്നും ആളുകള്‍ വിമാനത്താവളത്തില്‍നിന്ന് ഒഴിഞ്ഞുപോകണമെന്നും ബ്രിട്ടന്റെയും യു.എസിന്റെയും മുന്നറിയിപ്പു വന്ന് മണിക്കൂറുകള്‍ക്കകമാണ്, ചാവേര്‍ ആക്രമണമുണ്ടായത്.

ആഗസ്റ്റ് 31നകം ഒഴിപ്പിക്കല്‍ ദൗത്യം പൂര്‍ത്തിയാക്കി വിദേശരാജ്യങ്ങള്‍ അഫ്ഗാന്‍ വിടണമെന്ന് താലിബാന്‍ അന്ത്യശാസനം നല്‍കിയതിനെ തുടര്‍ന്ന് കാബൂള്‍ വിമാനത്താവളത്തില്‍ അഭൂതപൂര്‍വമായ തിരക്കാണ് ദിവസങ്ങളായി അനുഭവപ്പെടുന്നത്.

തങ്ങളുടെ 12 സൈനികരടക്കം നിരവധി പേര്‍ കൊല്ലപ്പെട്ട സ്‌ഫോടനത്തില്‍ കടുത്ത പ്രതികരണമവുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തിയിരിക്കുന്നത്. ആക്രമണത്തിന് ഉത്തരവാദികളായവരോട് പകരം വീട്ടുമെന്നും അഫ്ഗാനില്‍നിന്നുള്ള ഒഴിപ്പിക്കല്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Related News