Loading ...

Home peace

ഹിന്ദുതാലിബാനിസം – ചരിത്രസ്മാരകങ്ങള്‍ക്കും കലാസൃഷ്ടികള്‍ക്കും നേരെ

ടി കെ സുധീഷ്‌

മുസ്‌ലിംവിദ്വേഷം ഊതിപ്പെരുപ്പിക്കുന്ന വിധത്തില്‍ സിനിമയേയും മറ്റ് ഇതര കലാസൃഷ്ടികളേയും ചരിത്രനിര്‍മ്മിതികളേയും ദുരുപയോഗിക്കാമെന്നതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണങ്ങളാണ് പത്മാവതിയും താജ്മഹലും. ഭാരത ചരിത്രത്തില്‍ ഇസ്ലാം എന്നാല്‍ ഹിന്ദുവിന്റെ നേര്‍വിപരീതവും ബിംബവുമാക്കുന്ന അപകടകരമായ ആസൂത്രിത അജന്‍ഡയാണ് ഹിന്ദുത്വ ശക്തികള്‍ പയറ്റുന്നത്. മുസ്‌ലിം ചക്രവര്‍ത്തിമാരും ഭരണാധികാരികളുമെല്ലാം ആക്രമണകാരികളും അധര്‍മികളും ഹിന്ദു സംസ്‌കാര നിര്‍മ്മിതികളെ തകര്‍ത്തവരും കയ്യേറ്റക്കാരുമായി മുദ്രയടിക്കുന്ന വ്യാജ ചരിത്രനിര്‍മ്മാണമാണ് ഇപ്പോള്‍ നടമാടുന്നത്.
രാജസ്ഥാനിലെ ചിത്തോറിലെ രജപുത്രരാജ്ഞി പത്മാവതിയെ മോശമായി ചിത്രീകരിച്ചുവെന്നാരോപിച്ചാണ് രജപുത്രസംഘടനകള്‍ സംഘപരിവാരത്തിന്റെ ഒത്താശയോടെ ‘ബന്‍സാലിയുടെ ബോളിവുഡ്ചിത്രത്തിനെതിരെ കലാപമഴിച്ചുവിട്ടത്. ‘ആരും സെന്‍സര്‍ബോര്‍ഡ് ചമയേണ്ടതില്ലെന്ന’ സുപ്രിം കോടതിയുടെ ഉഗ്രശാസനത്തിനൊടുവിലാണ് തല്‍ക്കാലം ചിത്രത്തിന്റെ പേരിലുള്ള കോലാഹലത്തിന് ശമനമുണ്ടായിട്ടുള്ളത്. ഏറ്റവും രസകരമായ വസ്തുത, കലാപക്കാര്‍ ഉള്‍പ്പെടെ ആരും തന്നെ ഈ ചിത്രം കണ്ടിട്ടില്ലായെന്നുള്ളതാണ്. ചിത്രം കാണുന്നതിനുമുമ്പ് ഊഹാപോഹങ്ങളുടെ പേരില്‍ കലാപത്തിന് തീ കൊളുത്തിയ ഹിന്ദുത്വശക്തികളുടെ ലക്ഷ്യം സമുദായ ഭിന്നിപ്പും വോട്ട് ബാങ്ക് രാഷ്ട്രീയവും മാത്രം. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി പുറത്തുവിട്ട ചില ഗാനരംഗങ്ങള്‍ കണ്ടാണ് പ്രതിഷേധക്കാര്‍ ജയ്പൂരിലെ ജയ്ഗഡ് കോട്ടയിലെ ചീത്രികരണ സെറ്റ് തകര്‍ക്കുകയും സംവിധായകന്‍ ബന്‍സാലി ഉള്‍പ്പെടെയുള്ള കലാകാരന്മാരെ കയ്യേറ്റം ചെയ്യുകയും ഉണ്ടായത്. സിനിമാചിത്രീകരണം പിന്നീട് ബോംബെയിലേക്ക് മാറ്റേണ്ടി വന്നു. പത്മാവതിയായി അഭിനയിച്ച ദീപിക പദുക്കോണിന്റെ മൂക്ക് ചെത്തുമെന്നുവരെ കലാപകാരികള്‍ ഭീഷണി മുഴക്കി. സൂഫികവിയായ മാലിക് മുഹമ്മദ് ജയാസിയുടെ ഇതിഹാസസമാനമായ കാവ്യത്തെ അവലംബമാക്കിയാണ് ഈ ചിത്രം അണിയിച്ചൊരുക്കിയിട്ടുള്ളതെന്നും, ഇതിലെ പത്മാവതി സങ്കല്പ കഥാപാത്രമാണെന്ന് ആണയിട്ടു പറഞ്ഞിട്ടും ബന്‍സാലിയെ ഹിന്ദുത്വശക്തികള്‍ വെറുതെ വിടുന്നില്ല.
1303ല്‍ രജപുത്രരാജ്യമായ മേവാറിനെ അലാവുദ്ദിന്‍ഖില്‍ജി ആക്രമിക്കുന്ന അവസരത്തില്‍ പത്മാവതി എന്നു പേരായ ഒരു രാജ്ഞി ജീവിച്ചിരുന്നില്ലെന്ന് ചരിത്രകാരന്മാര്‍ തറപ്പിച്ചു പറയുന്നു. ഖില്‍ജി മരിച്ചതിന് രണ്ട് നൂറ്റാണ്ടുകള്‍ക്കുശേഷമാണ് ആ പേരിലുള്ള രാജ്ഞി ജീവിച്ചിരുന്നതെന്ന് പറയപ്പെടുന്നു. നൂറ്റാണ്ടുകള്‍ക്കിടയില്‍ ചമയ്ക്കപ്പെട്ട കഥകളുടെ ഭാഗമായിട്ടാകാം പത്മാവതിയെ രജപുത്ര അഭിമാനത്തിന്റെ പ്രതീകമായി വാഴ്ത്തപ്പെട്ടത്. മേവാര്‍ പിടിച്ചടക്കിയതിനുശേഷം ഖില്‍ജിയെപ്പോലെ മുസല്‍മാനായ ഒരു അന്യപുരുഷന്റെ മുന്നില്‍ പ്രത്യക്ഷപ്പെടാന്‍ വിസമ്മതിച്ച രാജ്ഞി ആയിരക്കണക്കിന് രജപുത്രവനിതകള്‍ക്കൊപ്പം സതി അനുഷ്ഠിച്ചുവെന്ന കഥയ്ക്ക് ചരിത്രപരമായ പിന്‍ബലമില്ലെന്ന് പറയപ്പെടുന്നു. സതി നിരോധിച്ച രാജ്യത്ത്, അത് അനുഷ്ഠിച്ച പത്മാവതിയുടെ പേരില്‍ മിഥ്യാഭിമാനത്തിന്റെ പെരുമ്പറ മുഴക്കുന്നത് മുസ്‌ലിം അപരവത്ക്കരണം ശക്തിപ്പെടുത്തുന്നതിന് വേണ്ടി മാത്രമാണ്. മിത്തും ചരിത്രവും കൂടിക്കുഴഞ്ഞ ജയാസിയുടെ കാവ്യത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തില്‍ ബന്‍സാലിയുടെ ഭാവനയും കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുണ്ടാകാം. മലയാളിയായ സനല്‍കുമാര്‍ ശശിധരന്റെ സെക്‌സിദുര്‍ഗ്ഗ എന്ന ചിത്രവും ഈയിടെ വിവാദത്തില്‍ പെട്ടിരിക്കുകയാണ്. പടത്തിന്റെ ടൈറ്റിലാണ് പ്രധാനമായും ഈ ചിത്രത്തിന് വിനയായി മാറിയത്. ചില വ്യവസ്ഥകളോടെ സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ലഭിച്ചെങ്കിലും ഗോവന്‍ ചലച്ചിത്രമേളയില്‍ അവസാന നിമിഷം ചിത്രത്തിന്റെ പ്രദര്‍ശനാനുമതി നിഷേധിക്കുകയും സെന്‍സര്‍ ബോര്‍ഡ് നല്‍കിയ അംഗീകാരം പിന്‍വലിക്കുകയും ചെയ്തു. ഒരു ചലച്ചിത്രത്തെ ചരിത്രത്തിന്റെ മാത്രം അളവുകോലുകള്‍ വെച്ചുവിലയിരുത്തുന്നതില്‍ എന്തെങ്കിലും കഴമ്പുണ്ടോയെന്നതാണ് ആസ്വാദകര്‍ ഉന്നയിക്കുന്ന ചോദ്യം. സിനിമ പ്രദര്‍ശിപ്പിക്കാന്‍ യോഗ്യമാണോ, അല്ലയോ എന്നു പരിശോധിക്കുന്നത് സെന്‍സര്‍ ബോര്‍ഡാണ്. അതിന്റെ കലാപരമായ മൂല്യം വിലയിരുത്തേണ്ടത് പ്രേക്ഷകരുടെ ഉത്തരവാദിത്ത്വവും. എന്നാല്‍ വര്‍ഗീയ വാദികള്‍ ‘സൂപ്പര്‍ സെന്‍സര്‍’മാരാകുന്ന അപകടകരമായ സാഹചര്യത്തിന് കേന്ദ്രസര്‍ക്കാര്‍ മൗനാനുവാദം മാത്രമല്ല, എല്ലാ പ്രോത്സാഹനവും നല്‍കുന്ന ദൗര്‍ഭാഗ്യകരമായ സ്ഥിതിയാണ് ഇന്നുള്ളത്.
നേരത്തേയും നിരവധി ചിത്രങ്ങള്‍ക്കുനേരെ വര്‍ഗ്ഗീയവാദികള്‍ കലാപക്കൊടി ഉയര്‍ത്തിയ അനുഭവമുണ്ടായിട്ടുണ്ട്. 2008ല്‍ പുറത്തിറങ്ങിയ ‘ജോധാ അക്ബര്‍’ എന്ന ചിത്രത്തിനെതിരെ ഇതേ രജപുത്രകര്‍ണിസേന രംഗത്ത് വന്നിരുന്നു. അക്ബര്‍ ചക്രവര്‍ത്തിക്ക് ജോധാ എന്ന പേരില്‍ ഒരു രജപുത്ര രാജ്ഞി ഉണ്ടായിരുന്നില്ലെന്ന വാദമുയര്‍ത്തിയാണ് അന്ന് കോലാഹലമുണ്ടാക്കിയത്. ദീപ മേത്തയുടെ ‘ഫയര്‍’, ‘വാട്ടര്‍’ തുടങ്ങിയ ചിത്രങ്ങള്‍ക്കു നേരേയും ഹിന്ദുത്വ ശക്തികള്‍ രംഗത്തു വന്നിരുന്നു. ഫയര്‍ ഇന്ത്യയില്‍ വച്ച് ചിത്രീകരിക്കുവാന്‍ പോലും അവര്‍ സമ്മതിച്ചില്ല. അയോദ്ധ്യ സംഭവത്തിന്റെ പശ്ചാത്തലത്തിലെടുത്ത ‘ബോംബെ’ എന്ന മണിരത്‌നത്തിന്റെ ചിത്രത്തിനു നേരേയും പ്രതിഷേധം ഉയര്‍ന്നിരുന്നു.
ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് നൊബേല്‍സമ്മാനജേതാവ് ലോകപ്രശസ്തനായ അമര്‍ത്യാസെന്നിന്റെ ‘ഡോക്യുമെന്ററിക്ക്’ സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കാന്‍ വിസമ്മതിച്ചത്. അമര്‍ത്യാസെന്‍ സാമ്പത്തികവിദഗ്ദനായ കൗശിക്ബസുവുമായി നടത്തുന്ന അഭിമുഖ സംഭാഷണമടങ്ങിയ ‘ദി ആര്‍ഗുമെന്റേറ്റീവ് ഇന്ത്യന്‍’ എന്ന ഡോക്യുമെന്ററിക്കാണ് ഈ ഗതികേടുണ്ടായത്. പശു, ഗുജറാത്ത്, ഹിന്ദുഇന്ത്യ തുടങ്ങിയ വിവാദ വാക്കുകള്‍ ഡോക്യുമെന്ററിയില്‍നിന്ന് ഒഴിവാക്കണമെന്ന വര്‍ഗീയവാദികളുടെ വാദങ്ങളെ സെന്‍സര്‍ബോര്‍ഡും പിന്‍താങ്ങുകയായിരുന്നു. സര്‍വ്വദേശീയ തലത്തില്‍ ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയ ഡോക്യുമെന്ററിസംവിധായകന്‍ സുമന്‍ഘോഷ് സെന്‍സര്‍ ബോര്‍ഡിന്റെ തീട്ടൂരങ്ങള്‍ക്ക് വഴങ്ങാന്‍ തയ്യാറായില്ല.
പുരാണങ്ങളില്‍നിന്നോ ഇതിഹാസങ്ങളില്‍നിന്നോ എന്തിനേറെ പറയുന്നു, കേവലം മിത്തുകളില്‍നിന്നുപോലും പ്രമേയങ്ങള്‍ സ്വീകരിക്കുന്നതിനും സ്വതന്ത്രമായ ആവിഷ്‌ക്കാരങ്ങള്‍ നടത്തുന്നതിനും കഴിയാത്ത തരത്തില്‍ രാജ്യത്തിന്റെ സാമൂഹ്യാന്തരീക്ഷത്തില്‍ വര്‍ഗ്ഗീയശക്തികള്‍ ‘സൂപ്പര്‍ സെന്‍സര്‍മാരാകുന്ന’ ഭയാനകമായ സാഹചര്യം സൃഷ്ടിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ‘അടിയന്തരാവസ്ഥ’യില്‍ പോലും ഇല്ലാത്തതരത്തില്‍ എഴുത്തുകാരും പ്രതിഭകളും വിലക്കുകളേയും ഭീഷണികളേയും നേരിടേണ്ട ഗതികേടിലാണിപ്പോള്‍.
ലോകത്തെ സപ്താത്ഭുതങ്ങളില്‍ ഒന്നായ താജമഹലിനെപോലും അവര്‍ വെറുതെ വിടുന്നില്ല. താജ്മഹല്‍ രാജ്യത്തിന് അപമാനമാണെന്ന് തുറന്നടിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഭരണത്തിന്‍ കീഴില്‍ ടൂറിസം വകുപ്പിന്റെ വിനോദ സഞ്ചാരപ്പട്ടികയില്‍നിന്നും താജ്മഹലിനെ നിഷ്‌ക്കരുണം ഒഴിവാക്കിയിരുന്നു. എന്നാല്‍ ആഗോളതലത്തില്‍ സഞ്ചാരികള്‍ കാണാനിഷ്ടപ്പെടുന്ന സ്ഥലങ്ങളില്‍ രണ്ടാം സ്ഥാനത്ത് താജ്മഹലാണെന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നു. പ്രമുഖ വെബ്‌പോര്‍ട്ടലായ ‘ട്രിപ്പ്അഡൈ്വസര്‍’ നടത്തിയ സര്‍വ്വേയിലാണ് യുനസ്‌കോയുടെ ലോകപൈതൃക പട്ടികയില്‍പെടുന്ന ഈ പ്രേമകുടീരം രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്തി സ്ഥാനം പിടിച്ചത്. എന്നാല്‍ ഹിന്ദുവര്‍ഗീയവാദികള്‍ ഈ മഹത്തായ കലാസൃഷ്ടിയെ ഒരു തര്‍ക്കമന്ദിരമാക്കുന്നതിനുള്ള ആസൂത്രിത ശ്രമത്തിലാണിപ്പോള്‍. ബാബറി പള്ളിയേയും ഇത്തരത്തില്‍ തര്‍ക്കമന്ദിരമാക്കുന്നതിന് സംഘപരിവാരം സ്വീകരിച്ച ആസൂത്രിത നീക്കങ്ങള്‍ വിസ്മരിക്കുവാന്‍ സാധിക്കുകയില്ല. യോഗിആദിത്യനാഥിന്റെ മുന്‍ഗാമിയായ ഗോരക്പൂര്‍ മഠത്തിന്റെ അധിപതിയായിരുന്ന ദിഗ്‌വിജയനാഥാണ് 1949 ല്‍ ബാബറി മസ്ജിദിനുള്ളില്‍ അതിക്രമിച്ചു കയറി ശ്രീരാമന്റെയും സീതയുടേയും വിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കുന്നത്. ഹിന്ദുമഹാസഭയുടെ നേതാവുകൂടിയായിരുന്ന ദിഗ്‌വിജയനാഥിന്റെ നേതൃത്വത്തില്‍ അയോദ്ധ്യയില്‍ ‘അഖിലഭാരതീയരാമായണസഭ’ നടത്തിയ ഒമ്പതു ദിവസം നീണ്ടുനിന്ന രാമചരിതമാനസപാരായണത്തിന്റെ സമാപനത്തിലാണ് ഈ പാതകം അരങ്ങേറിയത്. അന്നുമുതല്‍ ബാബറി പള്ളി ഒരു തര്‍ക്കവിഷയമാക്കി മാറ്റാന്‍ ഹിന്ദുത്വശക്തികള്‍ക്ക് സാധിച്ചു. അതേ തന്ത്രം തന്നെയാണ് താജ്മഹല്‍ ഉള്‍പ്പടെ രാജ്യത്തെ ചില ചരിത്രസ്മാരകങ്ങള്‍ക്ക് നേരെ അവര്‍ സ്വീകരിക്കുന്നത്.
ഇത്തരം വിതണ്ഡവാദങ്ങള്‍ ഇന്നു തുടങ്ങിയതല്ലെന്നും തൊള്ളായിരത്തി അറുപതുകള്‍ മുതല്‍ തന്നെ രാജ്യത്ത് ഉയര്‍ന്നുവന്നിട്ടുണ്ടെന്നും പ്രമുഖ ആര്‍ക്കിയോളജിസ്റ്റ് കെ കെ മുഹമ്മദ് സാക്ഷ്യപ്പെടുത്തുന്നു. ഹിന്ദു മഹാസഭയുടെ പ്രവര്‍ത്തകനും മുഴുത്ത ഹിന്ദുവര്‍ഗീയവാദിയുമായിരുന്ന പി എന്‍ ഓക് എന്നയാള്‍ ഇന്ത്യാചരിത്രത്തെ തിരുത്തുന്നതിനും ഹിന്ദു അനുകൂലമാക്കുന്നതിനുംവേണ്ടി ഒരു ഇന്‍സ്റ്റിറ്റ്യൂട്ട് തന്നെ 1960കളില്‍ സ്ഥാപിക്കുകയുണ്ടായി. ‘ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിറൈറ്റിങ്ങ് ഇന്ത്യന്‍ ഹിസ്റ്ററി’ എന്ന പേരിലാണ് ആ സ്ഥാപനം തുടങ്ങിയത്. രാജ്യത്തിനകത്തും പുറത്തുമുള്ള ഒട്ടനവധി ചരിത്രസ്മാരകങ്ങളും സ്ഥലങ്ങളും ഹിന്ദു സംസ്‌കാരത്തിന്റെ ഭാഗമായി നിര്‍മ്മിച്ചവയായിരുന്നുവെന്നും പിന്നീട് ആക്രമണകാരികളായ കൈയ്യേറ്റക്കാരുടെ കൈവശമായിപോയതാണെന്നും സ്ഥാപിക്കാനാണ് ഇയാള്‍ ശ്രമിച്ചത്. ഇദ്ദേഹത്തിന്റെ ഭ്രാന്തനാശയങ്ങള്‍ അന്ന് വിലപോയില്ലെങ്കിലും വീണ്ടും അവ പൊടിത്തട്ടിയെടുക്കുവാനുള്ള ഗൂഢ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയാണ് സംഘപരിവാര്‍. കുഞ്ഞുമനസ്സുകളില്‍പോലും മുസ്‌ലിം വിരുദ്ധത അടിച്ചുകയറ്റുന്നതിന്റെ ഭാഗമായി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പാഠ പുസ്തകങ്ങളില്‍ സാര്‍വ്വത്രികമായ പൊളിച്ചെഴുത്തുകളാണ് നടന്നുകൊണ്ടിരിക്കുന്നത്. ചരിത്രത്തെ വികലമാക്കുന്ന കടുംകൈ പ്രയോഗിക്കുന്ന ഹിന്ദുത്വശക്തികള്‍ രാജ്യത്തെ അധികാരത്തിന്റെ നിര്‍ണ്ണായകസ്ഥാനങ്ങളില്‍ വന്നതോടെ, ചരിത്രനിര്‍മ്മിതിയില്‍, സിനിമയില്‍, പത്രദൃശ്യമാധ്യമങ്ങളില്‍, സര്‍വ്വകലാശാലകളില്‍ എന്നുവേണ്ട സംസ്‌കാരികവ്യവഹാരവുമായി ബന്ധപ്പെട്ട എല്ലാ ഇടങ്ങളിലും തങ്ങളുടെ സ്വാധീനം ഉറപ്പിക്കാനുള്ള തന്ത്രങ്ങളാണ് മെനയുന്നത്. അഭിനവ പ്രൊക്രൂസ്റ്റസുകള്‍ അവരുടെ ‘പ്രത്യയശാസ്ത്ര കട്ടില്‍’ തയ്യാറാക്കി വര്‍ത്തമാനകാല സാമൂഹിക ജീവിതത്തില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. നമ്മെ ഓരോരുത്തരേയും ശരിപ്പെടുത്തുവാന്‍! ഈ രാജ്യത്തെ ശരിപ്പെടുത്തുവാന്‍! വയലാര്‍രാമവര്‍മ്മ പാടിയതുപോലെ…….
പ്രൊക്രൂസ്റ്റസ്സുകള്‍ ഒന്നല്ലന്നവധി
പ്രൊക്രൂസ്റ്റസുകള്‍ വന്നു
പ്രത്യയശാസ്ത്ര ശതങ്ങളുരുക്കി
……………………………………………………
ഇരുണ്ട ഗുഹകൡലിവിടെയൊരായിര-
മിരുമ്പുകട്ടിലുകൂട്ടി
……………………………………………………
പ്രത്യയശാസ്ത്ര കട്ടിലിലിട്ടവര്‍
അട്ടഹസിപ്പു നാട്ടില്‍

Related News