Loading ...

Home health

പത്തായത്തിലൂടെ മടങ്ങാം പ്രകൃതിയിലേക്ക്

Back to nature അഥവാ പ്രകൃതിയിലേക്ക് ഒരു മടങ്ങി പോക്ക്.. ഈ ക്യാപ്ഷനോടെ ഡോ. ഗംഗാധരന്‍ പത്തായം തുറക്കുമ്പോള്‍ പ്രകൃതിയെ നമുക്ക് നേരിട്ട് അറിയാനുള്ള വാതായനം കൂടി തുറക്കുകയാണ്
മലയാളിയുടെ ഭക്ഷണ സംസ്‌കാരം ഫാസ്റ്റ് ഫുഡിലേക്കു മാറിയപ്പോള്‍ രോഗവും ഹോട്ടലിലെ മെനുവിനൊപ്പം നമുക്കു വിലകൊടുത്തു വാങ്ങാനായി. എന്നാല്‍ വിഭിന്നമായ ഒരു ഭക്ഷണ സംസ്‌കാരത്തെ വിളമ്പുന്ന ഇടമാണ് പത്തായം.തലസ്ഥാന നഗരിയിലെത്തുന്നവരെ സ്വീകരിക്കാനായി ‘പത്തായം’ വിഭവങ്ങള്‍ വിളമ്പോള്‍ തന്നെ നാം അറിയാതെ നമ്മുടെ പഴയ കാലത്തേക്ക് മടങ്ങുകയാണ്. രുചിയുടെ മറ്റേതോ ലോകത്ത് ചെന്നപോലെ. 
സ്റ്റാച്യൂവിലെ ട്യൂട്ടേഴ്‌സ് ലൈനില്‍ ആണ് പത്തായം പ്രവര്‍ത്തിക്കുന്നത് . തിരുവനന്തപുരത്തെ പഴവങ്ങാടിയിലും കോഴിക്കോടും പത്തായം വിളമ്പുന്നത് പ്രകൃതിദത്ത ഭക്ഷണങ്ങളാണ്.
പത്തായത്തില്‍ ജൈവ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും ഉപയോഗിച്ച് ആരോഗ്യമാണ് വിളമ്പുന്നത്. ഭക്ഷണരീതി ജൈവമാകുമ്പോള്‍ ശരീരത്തിനു യാതൊരുവിധ ദോഷവും ഉണ്ടാക്കുന്നില്ലന്നു മാത്രമല്ല ഉന്മേഷവും പോഷകവും പ്രദാനം ചെയ്യുന്നു. ഗംഗാധരന്‍ ഡോക്ടറിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ‘ഭക്ഷണം തന്നെയാണ് ഔഷധം. ജൈവ പച്ചക്കറികള്‍ മാത്രം ഉപയോഗിച്ചാണ് നാം രോഗി ആകില്ലെന്ന ധാരണ തെറ്റാണ്. ജൈവ പച്ചക്കറികള്‍ ഉപയോഗിക്കാന്‍ ആദ്യം പാചകം നന്നായി ചെയ്യാന്‍ പഠിക്കണം. ഇന്ന് ആര്‍ക്കാകും ഭക്ഷണം നന്നായി പാചകം ചെയ്യാന്‍.
കേരളത്തില്‍ വിതരണത്തിനെത്തുന്ന പാലിനെപ്പറ്റിയും ഡോക്ടര്‍ വാചാലനായി. ലോകത്ത് മനുഷ്യനല്ലാതെ ഒരു ജീവി മറ്റൊരു ജീവിയുടെ പാല് കുടിക്കുന്നത് കണ്ടിട്ടില്ല, അതുകൊണ്ട് പശുവിന്റെ പാല് പശുവിന് മനുഷ്യന്റെ പാല് മാത്രം മനുഷ്യന്. പശുവിന്‍ പാലിലുള്ള പ്രോട്ടീന്‍ അതിന്റെ കുട്ടിക്കുള്ളതാണ്.
ജൈവവളങ്ങളില്‍ നിന്നാണ് ഗംഗാധരന്‍ ജൈവഭക്ഷണ സങ്കല്‍പ്പത്തിലേക്ക് തിരിഞ്ഞത്. അദ്ദേഹം കേരളമൊട്ടാകെ നിരീക്ഷിച്ചതില്‍ നിന്നും ജൈവവിളകള്‍ക്ക് മാര്‍ക്കറ്റുകള്‍ ഇല്ല എന്ന് മനസ്സിലാക്കി. ജൈവവളങ്ങള്‍ക്ക് വേണ്ടിയുള്ള തിരച്ചിലും വിപണനപ്രചരണ പരിപാടികളും ജൈവവളങ്ങളില്‍ നിന്ന് വികസിപ്പിച്ചെടുക്കുന്ന ജൈവപച്ചക്കറികളും ജൈവപഴങ്ങളും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്ക് മാറിയത് വളരെപ്പെട്ടെന്നായിരുന്നു എന്ന് അദ്ദേഹം ഓര്‍ക്കുന്നു.
ജൈവവളങ്ങള്‍ക്ക് പ്രചാരം കൂട്ടാനും അത്തരം കര്‍ഷകര്‍ക്ക് പിന്‍തുണ നല്‍കാനും ജൈവപച്ചക്കറികളും പഴങ്ങളും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലകളിലൂടെ കഴിയുമെന്ന തിരിച്ചറിവിലൂടെയാണ് പത്തായം എന്ന കേരളത്തിലെ ആദ്യ ജൈവഭക്ഷണശാല വരവ്. കോഴിക്കോട് ബീച്ചിനടുത്തായി സ്ഥാപിച്ച ഈ ഭക്ഷണശാല തുടക്കം മുതല്‍ക്കേ ആളുകള്‍ ശ്രദ്ധിച്ചിരുന്നു.
lപോസ്‌റര്‍ ഒട്ടിക്കാനായി ഉപയോഗിക്കുന്ന മൈദ ഉപയോഗിച്ചുണ്ടാക്കുന്ന പൊറോട്ട അന്ന് കേരളത്തിന്റെ മുഖ്യഭക്ഷണമായി ആളുകള്‍ കരുതിത്തുടങ്ങുന്ന കാലമായിരുന്നു അത് എന്ന് ഗംഗാധരന്‍ ഓര്‍ക്കുന്നു. മൈദയ്‌ക്കെതിരെയുള്ള ഈ യുദ്ധം പിന്നീട് ദോശയും, ഇഡ്ഡലിയും പോലുള്ള വിരുദ്ധാഹാരങ്ങളിലേക്കുള്ള വിവരശേഖരണത്തിലേക്കാണ് അദ്ദേഹത്തെ നയിച്ചത്.അരിയും ഉഴുന്നും വിരുദ്ധമാണെന്ന് മനസ്സിലാക്കിയ ഗംഗംധരന്‍ മല്ലിപ്പൊടി മഞ്ഞള്‍പ്പൊടി എന്നിവയെ മാത്രം ഭക്ഷണത്തിന്റെ ചേരുവകളില്‍ ചേര്‍ത്തു. കായവും, മസാലപ്പൊടികള്‍ക്കുമെതിരെ അദ്ദേഹം ഈ ഭക്ഷണശാലയിലൂടെ ഒരു വിപ്‌ളവം തന്നെ നടത്തി.പത്തായത്തില്‍ എരിവിന് വേണ്ടി മുളക് ചേര്‍ക്കും, പൊടികളുടെ രൂപത്തില്‍ മഞ്ഞളും മല്ലിയും മാത്രം പൊടിച്ചുപയോഗിക്കും.ഇങ്ങനെയാണ് മഞ്ഞളും മല്ലിയും മാത്രം ഉപയോഗിക്കുന്ന സാമ്പാര്‍ പത്തായത്തിന്റെ മാത്രം പ്രത്യേകതയായത്. പാലുപയോഗിക്കാത്ത പത്തായത്തില്‍ പക്ഷേ ഊണിനൊപ്പം മോരു വിളമ്പുന്നുണ്ട്. സാധാരണ മോരല്ല, ബട്ടര്‍ മില്‍ക്ക് വിത്തൌട്ട് മില്‍ക്ക് എന്ന ആശയത്തില്‍ തേങ്ങാപ്പാലില്‍ നിന്നാണ് ഈ മോര്.ജാപ്പി, കര്‍ക്കിടകമാസത്തില്‍ കഞ്ഞി,എന്നും സാധാരണ കഞ്ഞി, ഫ്രൂട്ട് മീല്‍സ്, ഫ്രൂട്ട് കിറ്റ് എന്നുവേണ്ട പത്തായത്തിന്റെ ഫാര്‍മസിയെന്ന അടുക്കളയില്‍ നിന്ന് മാത്രം ഒരുങ്ങുന്ന നിരവധി വിഭവങ്ങളുണ്ട് ഗംഗാധരന് അഭിമാനിക്കാന്‍.അടുക്കള ഒരു മാസം തുറക്കുന്നില്ല എന്ന് തീരുമാനിച്ചാല്‍ മതി മനുഷ്യന്‍ പ്രകൃതിയോടിണങ്ങാന്‍ എന്നാണ് ഗംഗാധരന്റെ അഭിപ്രായം. വേവിക്കാത്ത പച്ചക്കറികളും, പഴങ്ങളും, കാര്‍ബോഹൈഡ്രേറ്റിനായി തവിട് അടങ്ങിയ അവലും, അണ്ടിപ്പരിപ്പും നിലക്കടലയും പോലുള്ള പരിപ്പുകളും, ഉണങ്ങിയ പഴങ്ങളും, മുളപ്പിച്ച പയറ് വര്‍ഗ്ഗങ്ങളും ഒക്കെ നമുക്ക് സമീകൃതാഹാരത്തിനായി ഉപയോഗിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.മുളകൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന പത്തായത്തിന്റെ ചുവരുകളില്‍ ഇന്നത്തെ ഭക്ഷ്യസംസ്‌കാരത്തെ വെല്ലുവിളിക്കുന്ന വാചകങ്ങള്‍ തൂക്കിയിരിക്കുന്നത് നമുക്ക് കാണാം. ജൈവപരമായ പച്ചക്കറികളും പഴങ്ങളും, എണ്ണകളും, പലതരം പുസ്തകങ്ങളും ഒക്കെ ഇവിടെ പ്രദര്‍ശനത്തിനും വില്‍പ്പനയ്ക്കും ഒക്കെയായി വച്ചിട്ടുണ്ട്.കോഴിക്കോട് റയില്‍വേ സ്‌റേഷന് സമീപത്തിയി രണ്ടാമത് ഒരു പത്തായം കൂടി തുറന്നതിന് ശേഷമാണ് തിരുവനന്തപുരത്ത് അഞ്ച് വര്‍ഷത്തിന് മുന്‍പ് പത്തായം ആരംഭിക്കുന്നത്. 80 ശതമാനത്തോളം സ്ഥിരം ഉപഭോക്താക്കളുള്ള ഈ ഭക്ഷണശാലയില്‍ വരുന്നവരില്‍ ഏറെപ്പേരും 30 വയസ്സില്‍ താഴെയുള്ളവരാണ്.
യുവാക്കള്‍ക്കിടയില്‍ കണ്ടു വരുന്ന ഈ ഭക്ഷണ സംസ്‌കാരത്തിലുള്ള മാറ്റത്തില്‍ താന്‍ സന്തുഷ്ടനാണെന്ന് ഗംഗാധരന്‍ പറയുന്നു.
എല്ലാ ദിവസവും വ്യത്യസ്ത വിഭവങ്ങള്‍ ഒരുക്കുന്നു പത്തായം. ന്യായമായ വിലയില്‍ ആരോഗ്യകരമായ ഭക്ഷണത്തിനായി പോകാം പത്തായത്തിലേയ്ക്ക്.

Related News