Loading ...

Home USA

കാലിഫോര്‍ണിയയില്‍ ചെറുവിമാനം വീടിന് മുകളില്‍ പതിച്ചു; ഇന്ത്യന്‍ വംശജനായ ഡോക്ടറടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടു


ലോസ് ആഞ്ചലസ്: കാലിഫോര്‍ണിയയിലെ സാന്‍ഡിയാഗോക്ക് സമീപം വീടിന് മുകളിലേക്ക് ചെറുവിമാനം തകര്‍ന്ന് വീണ് രണ്ട് പേര്‍ കൊല്ലപ്പെട്ടു. ലോസ് ആഞ്ചലസില്‍ നിന്നും 220 കിലോ മീറ്റര്‍ മാറി സാന്‍ഡിയിലാണ് സംഭവം. മരിച്ചവരില്‍ ഇന്ത്യന്‍ വംശജനുമുണ്ടെന്നാണ് സൂചന.

അരിസോണയിലെ യുമയില്‍ നിന്നും പുറപ്പെട്ട വിമാനമാണ് തകര്‍ന്ന് വീണത്. കാര്‍ഡിയോളജിസ്റ്റ് ഡോ. സുഗദ ദാസായിരുന്നു വിമാനം പറത്തിയത്. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി പോകുകയായിരുന്നു. സെസ്‌ന 340-എ വിമാനം ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കവെ അപകടം സംഭവിച്ചെന്നാണ് കരുതുന്നത്. ആറ് പേര്‍ക്ക് ഇരിക്കാന്‍ സാധിക്കുന്ന എയര്‍ക്രാഫ്റ്റിന് ട്വിന്‍-പിസ്റ്റണ്‍ എഞ്ചിനാണുള്ളത്.

വിമാനം വന്ന് പതിച്ചതോടെ രണ്ട് വീടുകളും പൂര്‍ണമായും തകര്‍ന്നു. എങ്കിലും വീടിനുള്ളില്‍ ഉണ്ടായിരുന്നവരെ രക്ഷാദൗത്യ സംഘം സുരക്ഷിതമായി പുറത്തെടുത്തു. പരിക്കേറ്റ രണ്ട് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തില്‍ ഒരു ഫയര്‍ ഹൈഡ്രന്റും ഡെലിവറി ട്രക്കും തകര്‍ന്നിട്ടുണ്ട്. വിമാനത്തിന്റെ ചിറകുകളാണ് ട്രക്കില്‍ ഇടിച്ചത്. മരിച്ചവരില്‍ ഒരാള്‍ ട്രക്ക് ഡ്രൈവറാണെന്നാണ് വിവരം. പാര്‍സല്‍ സര്‍വീസ് നടത്തുന്ന ട്രക്കാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് കാലിഫോര്‍ണിയ പോലീസ് അറിയിച്ചു.

Related News