Loading ...

Home celebrity

കൂരിരുട്ടിലെ വഴികാട്ടി

ജനുവരി 4 ലൂയിസ് ബ്രെയിലിന്റെ 209-ാം ജന്മദിനം

”ആശയ വിനിമയത്തിന് തുറന്നു കിട്ടുന്ന പാതയായിരിക്കും 
വിജ്ഞാനത്തിന് തുറന്നുകിട്ടുന്ന പാത. അപഹസിക്കപ്പെടാനും 
സഹതാപം മാത്രം ഏറ്റുവാങ്ങി
കഴിയാനുമല്ല ഞങ്ങളുടെ 
വിധിയെങ്കില്‍ ആശയവിനിമയം à´«à´²à´µà´¤àµà´¤à´¾à´¯ രീതിയില്‍ ഞങ്ങള്‍ക്ക് സാധ്യമാവണം-”
-ലൂയിസ് ബ്രെയില്‍

ഡോ. ലൈലാ വിക്രമരാജ്

ചുറ്റും അന്ധകാരം മാത്രം, പ്രകാശരശ്മികള്‍ പോലും കാണാനാകാതെ, ജീവിതത്തിലുടനീളം അന്ധകാരത്തില്‍ കഴിഞ്ഞുകൂടേണ്ടിവരുന്ന ജീവിതങ്ങളെക്കുറിച്ച് കൂട്ടുകാര്‍ ആലോചിച്ചുനോക്കു. കണ്ണുള്ള നമുക്കാര്‍ക്കും കണ്ണിന്റെ യഥാര്‍ഥ വില അറിയില്ലെന്നതാണ് സത്യം. എഴുത്തും വായനയുമാണ് ഒരു വ്യക്തിയിലെ വ്യക്തിത്വം വാര്‍ത്തെടുക്കുന്നതെന്നത് നിസ്തര്‍ക്കമായ വിഷയമാണ്. നിത്യാന്ധതയില്‍ കഴിയുന്ന മനുഷ്യര്‍ക്ക്- അന്ധര്‍ക്കും കാഴ്ചവൈകല്യമുള്ളവര്‍ക്കും എഴുത്തും വായനയും സാധ്യമാകുന്ന ബ്രെയിലി ലിപിയുടെ ഉപജ്ഞാതാവായ ലൂയിസ് ബ്രെയിലിന്റെ 209-ാം ജന്മദിനമാണ് ജനുവരി 4.
ഫ്രാന്‍സിലെ കുപ്‌വ്‌റെ എന്ന സ്ഥലത്ത് 1809 ലായിരുന്നു അദ്ദേഹത്തിന്റെ ജനനം. അമ്മ മോണിക് ബ്രെയിലും അച്ഛന്‍ സൈമണ്‍ റെനെബ്രെയിലുമായിരുന്നു. അപ്രതീക്ഷിതമായി ബാല്യത്തിലുണ്ടായ ഒരപകടത്തിലൂടെ അദ്ദേഹത്തിന്റെ കാഴ്ചശക്തി നഷ്ടപ്പെടുകയാണുണ്ടായത്. പൂര്‍ണമായ അന്ധതബാധിച്ചെങ്കിലും ആ വൈകല്യത്തെ മറികടക്കാന്‍ വിദ്യാര്‍ഥിയായിരിക്കെ അദ്ദേഹം ഒരു പുതിയ സംവിധാനം കണ്ടുപിടിച്ചു. ഈ വിദ്യ പിന്നീടുള്ള തലമുറയിലെ കോടിക്കണക്കിനാളുകളുടെ ഭാവിക്ക് നിര്‍ണായകമായ വഴിത്തിരിവായിത്തീര്‍ന്നു. ഉയര്‍ന്നു നില്‍ക്കുന്ന കുത്തുകളില്‍ സ്പര്‍ശിച്ച് നോക്കി ഇംഗ്ലീഷിലെ എല്ലാ അക്ഷരങ്ങളും തിരിച്ചറിയാന്‍ കഴിയുന്ന ഈ രീതിയാണ് ആദ്യം ബ്രെയ്‌ലി സമ്പ്രദായം എന്നറിയപ്പെട്ടത്. രണ്ടു നൂറ്റാണ്ടിലധികം പിന്നിട്ട ബ്രെയിലി ലിപി ഇന്ന് മലയാളം ഉള്‍പ്പെടെ അനേകം ഭാഷകളില്‍ പഠിക്കുവാനുള്ള സൗകര്യമുണ്ട്.
ബാല്യകാലം
സാമാന്യം സമ്പന്നരായ അച്ഛന്റെയും അമ്മയുടെയും നാലുമക്കളില്‍ ഏറ്റവും ഇളയവനായിരുന്നു ലൂയി. തുകലുല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന വ്യവസായിയായിരുന്നു സൈമണ്‍ റെനെ. മൂന്നു വയസുള്ളപ്പോള്‍ ലൂയിസ് ഒരു ദിവസം തുകലുല്‍പ്പന്നങ്ങള്‍ തുന്നുന്ന വലിയ സൂചികൊണ്ട് കളിക്കവേ അബദ്ധത്തില്‍ അത് ഒരു കണ്ണില്‍ തുളച്ചുകയറി. വിദഗ്ധ ചികിത്സ ലഭിച്ചിട്ടും രക്ഷിക്കാനായില്ല. കൂടാതെ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ രണ്ടാമത്തെ കണ്ണിനും അണുബാധയുണ്ടാവുകയും അഞ്ചാം വയസില്‍ ചികിത്സകളെല്ലാം പരാജയപ്പെട്ട് അദ്ദേഹം നിത്യാന്ധതയിലേക്ക് നയിക്കപ്പെടുകയാണുണ്ടായത്. മാതാപിതാക്കളുടെ എല്ലാവിധ പിന്തുണയും പരിപാലനവും പ്രോത്സാഹനവും മൂലം സ്വന്തം ശാരീരിക വൈകല്യത്തോട് പൊരുത്തപ്പെടുകയും അതിനെ അതിജീവിക്കാന്‍ കരുത്താര്‍ജിക്കുകയുമായിരുന്നു ലൂയിസ്. പഠിത്തത്തില്‍ സമര്‍ഥനും അധ്വാനശീലനുമായിരുന്ന ലൂയിസ് ലോകത്തെ ആദ്യത്തെ അന്ധവിദ്യാലയത്തില്‍ ചേര്‍ന്ന് പഠിക്കുവാന്‍ തുടങ്ങി.
വിദ്യാരംഭം
അന്നത്തെ അന്ധവിദ്യാര്‍ഥികള്‍ ‘ഹാഉയി’ എന്ന പഠന സമ്പ്രദായമായിരുന്നു പിന്‍തുടര്‍ന്നിരുന്നത്. അന്ധത എന്തെന്നറിയാത്ത വലന്റെയിന്‍ ഹാഉയി എന്നയാള്‍ രൂപം നല്‍കിയ സമ്പ്രദായമായിരുന്നു അത്. അത്രയൊന്നും മെച്ചമല്ലാത്ത അധ്യാപനരീതിയായിരുന്നു അവിടെ ഉണ്ടായിരുന്നത്. ഭീമമായ ഉല്‍പാദന ചെലവും ഭാരമേറിയ പുസ്തകവും കുറച്ചുമാത്രം വിവരങ്ങള്‍ രേഖപ്പെടുത്തുന്നു എന്നതുമെല്ലാം ഈ രീതിയുടെ ന്യൂനതകളായിരുന്നു. എന്നാല്‍ ലൂയി ഈ സംവിധാനത്തിലൂടെ സിലബസ് പൂര്‍ത്തിയാക്കുകയും അവിടെതന്നെ അധ്യാപകനായിത്തീരുകയും ചെയ്തു. 24 വയസില്‍ പ്രൊഫസര്‍ പദവി ലഭിച്ചു. ചരിത്രം, ഗണിതം, ജ്യോമിതി എന്നിവയായിരുന്നു അദ്ദേഹം പഠിപ്പിച്ചിരുന്നത്. നല്ലൊരു സംഗീതജ്ഞനുമായിരുന്നു ലൂയിസ്.
ഉപജ്ഞാതാവാകുന്നു
”ആശയ വിനിമയത്തിന് തുറന്നു കിട്ടുന്ന പാതയായിരിക്കും വിജ്ഞാനത്തിന് തുറന്നുകിട്ടുന്ന പാത. അപഹസിക്കപ്പെടാനും സഹതാപം മാത്രം ഏറ്റുവാങ്ങിക്കഴിയാനുമല്ല ഞങ്ങളുടെ വിധിയെങ്കില്‍ ആശയവിനിമയം ഫലവത്തായ രീതിയില്‍ ഞങ്ങള്‍ക്ക് സാധ്യമാവണം-” ലൂയിസ് ബ്രെയിലിന്റെ വാക്കുകളായിരുന്നു. ആ തത്വം പ്രാവര്‍ത്തികമാക്കലായിരുന്നു അദ്ദേഹത്തിന്റെ ജീവിതലക്ഷ്യം.
സ്വന്തം ആശയസാക്ഷാല്‍ക്കാരത്തിനായി അദ്ദേഹം ഫ്രഞ്ച് പട്ടാളത്തിന്റെ പ്രത്യേക രീതിയിലുള്ള വായനാരീതിയാണ് തിരഞ്ഞെടുത്തത്. ഇരുട്ടത്ത് പരസ്പരം സംസാരിക്കാതെ രഹസ്യങ്ങള്‍ എഴുതി കൈമാറാനും ഇരുട്ടത്ത് തന്നെ വിരല്‍സ്പര്‍ശം കൊണ്ട് വായിക്കാനുമുള്ള ഒരു രീതിയായിരുന്നു അത്. കുട്ടിയായ ലൂയിക്ക് അതിനെ കുറച്ചുകൂടി ലഘൂകരിക്കാനാവുമെന്ന ബോധ്യവുമുണ്ടായിരുന്നു. പിന്നീടങ്ങോട്ട് അശ്രാന്തപരിശ്രമമായിരുന്നു. ലിപി വികസിപ്പിച്ചെടുത്ത ഉപജ്ഞാതാവിന്റെ പ്രായം വെറും 15 വയസ് മാത്രമായിരുന്നു. പുതിയ ലിപി എഴുതുവാനുപയോഗിക്കുന്ന തൂലിക പണ്ട് അദ്ദേഹത്തിന്റെ കാഴ്ച നഷ്ടപ്പെടുത്തിയതുപോലെയുളള സൂചിതന്നെയായിരുന്നു. താമസിയാതെ തന്റെ ഇഷ്ടവിനോദമായ സംഗീതം രേഖപ്പെടുത്തുവാനുള്ള സംവിധാനം കൂടി പുതിയ ലിപിസമ്പ്രദായത്തിലൂടെ ലൂയി വികസിപ്പിച്ചെടുത്തു.
മാനവരാശിക്ക് ലൂയിസ് ബ്രെയില്‍ നല്‍കിയ മഹത്തായ ഈ സംഭാവന
അന്ധരെ സംബന്ധിച്ചിടത്തോളം കാഴ്ചശക്തിയില്ലാത്തത് ഒരു വലിയ പോരായ്മയേ അല്ലാതെ മാറ്റിയിരിക്കുന്നു. പ്രകാശ രശ്മികള്‍ കാണാന്‍ കഴിയാതെ നിശ്ശബ്തയുടെ ലോകത്ത് നിസഹായയായി വര്‍ഷങ്ങള്‍ തള്ളിനീക്കാന്‍ വിധിക്കപ്പെടുമായിരുന്ന ഹെലന്‍ കെല്ലര്‍ ഈ ലിപിയുടെ സഹായത്താല്‍ എഴുത്തിനോടുള്ള തന്റെ അഭിരുചി സാക്ഷാല്‍ക്കരിച്ച് ലോക പ്രശസ്തയായിത്തീര്‍ന്നത് കൂട്ടുകാര്‍ ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതാണ്. ലോകം മുഴുവനുമുള്ള അന്ധര്‍ക്കും അന്ധബധിരര്‍ക്കും വേണ്ടി വിദഗ്ധമായി നടത്തപ്പെടുന്ന സ്‌കൂളുകള്‍ക്ക് പ്രചോദനവും ഹെലന്‍ കെല്ലറായിരുന്നു.
1852 ജനുവരി ആറാം തീയതി 43-ാമത്തെ വയസില്‍ പാരീസില്‍ വച്ച് ലൂയിസ് ബ്രെയില്‍ മരണത്തിന് കീഴടങ്ങി. ഫ്രാന്‍സിലെ പാന്തോണ്‍ അദ്ദേഹത്തിന്റെ ശവകുടീരമാണ്.

Related News