Loading ...

Home celebrity

രേവതി വീണ്ടും സംവിധായികയാകുന്നു; "അര്‍ഥ‌്" റീമേക്ക്‌ വരുന്നു

രേവതി വീണ്ടും സംവിധാനരം​ഗത്ത് സജീവമാകുന്നു. ബോളിവു‍ഡ് ക്ലാസിക് ആയി വിലയിരുത്തപ്പെടുന്ന മഹേഷ്ഭട്ട് ചിത്രം അര്‍ഥ‌് (1982) റീമേക്ക് ചെയ്യാന്‍ ഒരുങ്ങുകയാണ് രേവതി. വിവാഹവും വിവാഹേതര പ്രണയവും ചര്‍ച്ചചെയ്യുന്ന ചിത്രം പുതിയകാലഘട്ടത്തിന്റെ രൂപമാറ്റത്തോടെ അവതരിപ്പിക്കാനാണ് ശ്രമം. സ്മിത പാട്ടീലും ശബാന ആസ്മിയുമാണ് അര്‍ഥില്‍ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ചത്. പരസ്യസംവിധായകനായ ഭര്‍ത്താവ് തന്റെ ചിത്രങ്ങളിലെ നായികയുമായി പ്രണയത്തിലാകുന്നതോടെ ഒറ്റപ്പെടുന്ന ഭാര്യയുടെ അതിജീവനമാണ് പ്രമേയം.
ഒറ്റയ്ക്കുള്ള ജീവിതം തെരഞ്ഞെടുക്കുന്ന ഭാര്യയുടെ കഥാപാത്രത്തെ അവതരിപ്പിച്ച ശബാനയ്ക്ക് മികച്ച നടിക്കുള്ള ദേശീയപുരസ്കാരം ലഭിച്ചു. 1993ല്‍ മറുപടിയും.. എന്ന പേരില്‍ ഭാരതിരാജ ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്തു. ചിത്രത്തില്‍ ഭാര്യ കഥാപാത്രത്തെ അവതരിപ്പിച്ചത് രേവതിയായിരുന്നു. രോഹിണിയാണ് ചലച്ചിത്രതാരമായെത്തിയത്.
ബോളിവുഡ് റീമേക്കില്‍ സ്മിതപാട്ടീല്‍ അവതരിപ്പിച്ച വേഷം ചെയ്യാന്‍ ബോളിവുഡ് മുഖ്യധാര ചിത്രങ്ങളില്‍ ഇടംനേടിയ ശ്രീലങ്കന്‍നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെയാണ് രേവതി സമീപിച്ചത്. ശബാന ആസ്മി അവതരിപ്പിച്ച വേഷം ചെയ്യാന്‍ സ്വരഭാസ്കര്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ബോളിവുഡ് മുഖ്യധാര ചിത്രങ്ങളില്‍ പങ്കാളിയാകുമ്ബോള്‍ ശക്തമായ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കാനും അവസരം ലഭിച്ചിട്ടുള്ള നടിയാണ് സ്വര. തനു വെ‍‍ഡ്സ് മനു, ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ, വീരേ ദി വെഡ്ഡിങ് തുടങ്ങിയ ചിത്രങ്ങളിലെ സ്വരയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയുടെ തിരക്കഥ പുതുക്കുന്ന ജോലിയിലാണ് ഇപ്പോള്‍ രേവതി. ഈവര്‍ഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കാനാണ് നീക്കം. ചിത്രത്തിലെ നായകനെ ഇതുവരെ തീരുമാനിച്ചിട്ടില്ല. രേവതി 2002ല്‍ സംവിധാനം ചെയ്ത് മിത്ര് മൈ ഫ്രണ്ട് ദേശീയപുരസ്കാരം നേടി. ഫില്‍ മിലേം​ഗെ(2014)യും ശ്രദ്ധിക്കപ്പെട്ടു. കേരള കഫെ, മുംബൈ കട്ടിങ് എന്നീ ചിത്രസമാഹാരങ്ങളിലും രേവതി സംവിധാനമികവ് തെളിയിച്ചു. ആഷിക് അബുവിന്റെ വൈറസ് ആണ് രേവതി അവസാനം അഭിനയിച്ച ചിത്രം.

Related News