Loading ...

Home Australia/NZ

20 മാസങ്ങള്‍ക്ക് ശേഷം അതിര്‍ത്തികള്‍ തുറക്കാന്‍ ഓസ്‌ട്രേലിയ; വിദ്യാര്‍ത്ഥികള്‍ക്കും ജോലിക്കാര്‍ക്കും ഡിസംബര്‍ ഒന്ന് മുതല്‍ പ്രവേശനം

ന്യൂഡല്‍ഹി: വിദേശത്ത് നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ക്കും ജോലിക്കാര്‍ക്കുമുള്ള നിയന്ത്രണം അടുത്ത മാസം മുതല്‍ നീക്കാനൊരുങ്ങി ഓസ്‌ട്രേലിയ.
കൊറോണയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ക്ക് ശേഷം ഡിസംബര്‍ ഒന്ന് മുതല്‍ രാജ്യത്തേക്ക് മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനം അനുവദിക്കും. നീണ്ട 20 മാസങ്ങള്‍ക്ക് ശേഷമാണ് രാജ്യത്തിന്റെ അതിര്‍ത്തികള്‍ വീണ്ടും തുറക്കാനൊരുങ്ങുന്നത്. ആഭ്യന്തര വകുപ്പ് മന്ത്രി കാരെന്‍ ആന്‍ഡ്രൂസ് ആണ് ഇക്കാര്യം അറിയിച്ചത്. കൊറോണയ്‌ക്കെതിരായ പ്രതിരോധത്തില്‍ രാജ്യം ഒരു ചുവട് കൂടി മുന്നോട്ട് പോവുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഓസ്‌ട്രേലിയയിലുള്ളവര്‍ക്ക് മറ്റ് ഇടങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനുള്ള നിരോധനം കഴിഞ്ഞ മാസം എടുത്ത് മാറ്റിയതായി പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ വ്യക്തമാക്കിയിരുന്നു. രണ്ട് വാക്‌സിനും സ്വീകരിച്ചവര്‍ക്കായിരിക്കും രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്നത്. ഓസ്‌ട്രേലിയയിലേക്ക് എത്തുന്നവര്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ, രണ്ട് വാക്‌സിന്‍ സ്വീകരിച്ചതിന്റെ രേഖകളോ കൈവശം വയ്‌ക്കേണ്ടതാണ്. ഇന്ത്യന്‍ നിര്‍മ്മിത വാക്‌സിനുകളായ കൊവാക്‌സിനും കൊവിഷീല്‍ഡും ഓസ്‌ട്രേലിയ അംഗീകരിച്ചിട്ടുണ്ട്. രാജ്യത്തെ സാമ്ബത്തിക രംഗത്തിനും ഈ നീക്കം കരുത്ത് പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ദക്ഷിണ കൊറിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്കും ഡിസംബര്‍ ഒന്ന് മുതല്‍ രാജ്യത്തേക്ക് പ്രവേശനം ഉണ്ടാകും. രണ്ട് വാക്‌സിനും സ്വീകരിച്ചവര്‍ക്കായിരിക്കും ഇതിനുള്ള അനുമതി ലഭിക്കുന്നത്. വിദേശത്ത് നിന്നുള്ള വിദ്യാര്‍ത്ഥികള്‍ തിരികെ എത്തുന്നതോടെ 25,000കോടി രൂപയോളം സാമ്പത്തികനേട്ടം രാജ്യത്തിന് ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. ലക്ഷക്കണക്കിന് വിദേശ വിദ്യാര്‍ത്ഥികളാണ് ഓരോ വര്‍ഷവും ഇവിടെ പഠനത്തിനായി എത്തിച്ചേരുന്നത്. ഇവിടെ പഠിച്ചു കൊണ്ടിരുന്നവര്‍ക്ക് എത്രയും വേഗം തിരികെ വരാമെന്നും, ഏറ്റവും മികച്ച വാര്‍ത്തയാണിതെന്നും കാരെന്‍ ആന്‍ഡ്രൂസ് വ്യക്തമാക്കി.


Related News