Loading ...

Home USA

ലോകത്ത് ഏറ്റവും കൂടുതല്‍ പ്ലാസ്റ്റിക് മാലിന്യം ഉണ്ടാകുന്നത് അമേരിക്കയിൽ

വാഷിങ്ടണ്‍: ജീവിതം കൂടുതല്‍ സൗകര്യപ്രദമാക്കിതീര്‍ക്കാനുള്ള മനുഷ്യന്റെ അന്വേഷണം സംഭാവന ചെയ്ത ഒരു വസ്തുവാണ് പ്ലാസ്റ്റിക്.

പ്ലാസ്റ്റിക്കിന്റെ കണ്ടുപിടിത്തം ലോകത്തിന്റെ ഗതിവിഗതികളെ സമൂലമായി മാറ്റിമറിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് ബോട്ടിലുകള്‍, പേന, കവറുകള്‍, കളിപ്പാട്ടങ്ങള്‍, വീട്ടുപകരണങ്ങള്‍ എന്നു വേണ്ട അത്യാധുനിക ആയുധങ്ങളില്‍ ഉള്‍പ്പെടെ പ്ലാസ്റ്റിക്ക് ഇന്നു അത്യന്താപേക്ഷിതമാണ്.

എന്നാല്‍, ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് മനുഷ്യനും പ്രകൃതിക്കും വരുത്തിവയ്ക്കുന്ന വിനാശം പറഞ്ഞറിയിക്കാനാവാത്തതാണ്. പ്ലാസ്റ്റിക്കുകള്‍ പൊതുവായി പ്രകൃതിയുടെ ജൈവരാസ പ്രക്രിയക്ക് വിധേയമാകാത്തതിനാല്‍ പരിസരമലിനീകരണത്തിന് ഹേതുവാകുന്നു.

ഏറ്റവും കൂടുതല്‍ പ്ലാസ്റ്റിക് മാലിന്യം ഉണ്ടാക്കുന്നത് അമേരിക്ക

ലോകത്തിലെ ആഗോള പ്ലാസ്റ്റിക് മാലിന്യത്തില്‍ ഏറ്റവും വലിയ സംഭാവന നല്‍കുന്നത് അമേരിക്കയാണെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 'ആഗോള സമുദ്രത്തിലെ പ്ലാസ്റ്റിക് മാലിന്യത്തില്‍ യുഎസിന്റെ പങ്ക് കണക്കാക്കല്‍' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച റിപോര്‍ട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരമുള്ളത്. വര്‍ധിച്ചുവരുന്ന പ്രതിന്ധിയെ നേരിടാന്‍ ദേശീയ നയം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഫെഡറല്‍ ഗവണ്‍മെന്റിന് ബുധനാഴ്ചയാണ് ഈ റിപോര്‍ട്ട് സമര്‍പ്പിച്ചത്.

2016ല്‍ 42 ദശലക്ഷം മെട്രിക് ടണ്‍ (എംഎംടി) പ്ലാസ്റ്റിക് മാലിന്യം യുഎസ് സംഭാവന ചെയ്‌തെന്നാണ് റിപോര്‍ട്ടിലുള്ളത്. ഇത് ചൈനയുടെ ഇരട്ടിയിലധികവും യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങള്‍ ഒന്നിച്ചുള്ളതിനേക്കാള്‍ കൂടുതലും വരുമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ശരാശരി, ഓരോ അമേരിക്കക്കാരനും പ്രതിവര്‍ഷം 130 കിലോഗ്രാം (286 പൗണ്ട്) പ്ലാസ്റ്റിക് മാലിന്യം ഉത്പാദിപ്പിക്കുന്നു. പട്ടികയില്‍ രണ്ടാമതുള്ള ദക്ഷിണ കൊറിയയിലെ ഒരു പൗരന്‍ പ്രതിവര്‍ഷം 88 കിലോ പ്ലാസ്റ്റിക് മാലിന്യമാണ് പുറംതള്ളുന്നത്.

1966ല്‍ 20 ദശലക്ഷം മെട്രിക് ടണ്ണായിരുന്നു ആഗോള പ്ലാസ്റ്റിക് ഉല്‍പ്പാദനമെങ്കില്‍ 2015ല്‍ അത് 381 എംഎംടി ആയി ഉയര്‍ന്നു. അരനൂറ്റാണ്ടിനിടെ 20 മടങ്ങ് വര്‍ധനവാണ് പ്ലാസ്റ്റിക് ഉല്‍പ്പാദനത്തില്‍ ഉണ്ടായിട്ടുള്ളതെന്ന് റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

സമുദ്രങ്ങള്‍ വന്‍തോതില്‍ പ്ലാസ്റ്റിക് മാലിന്യങ്ങളാല്‍ നിറഞ്ഞതായും റിപോര്‍ട്ട് വ്യക്തമാക്കുന്നു. ഏകദേശം ആയിരത്തോളം ഇനം സമുദ്രജീവികള്‍ പ്ലാസ്റ്റിക് കെണിയിലാകുകയോ മൈക്രോപ്ലാസ്റ്റിക് കഴിക്കുകയോ ചെയ്യുമെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അത് ഭക്ഷ്യ ശ്രൃംഖലയിലൂടെ മനുഷ്യരിലേക്ക് തന്നെ മടങ്ങുന്നു.

പ്രതിവര്‍ഷം 80 ലക്ഷം മെട്രിക് ടണ്‍ മാലിന്യം പുറംതള്ളപ്പെടുന്നുണ്ടെന്നാണ് റിപോര്‍ട്ട്. ഓരോ മിനിറ്റിലും ഒരു മാലിന്യ ട്രക്ക് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സമുദ്രത്തിലേക്ക് തള്ളുന്നതിന് തുല്യമാണിത്.

Related News