Loading ...

Home celebrity

കലാമണ്ഡലം ഗീതാനന്ദന്റെ വേര്‍പ്പാട് മലയാളികള്‍ക്ക് തീരാനഷ്ടം

ഓട്ടന്‍തുള്ളലിന് വേണ്ടി ജീവിതകാലം മുഴുവന്‍ ഓടി ഒടുക്കം ആടിതിമിര്‍ക്കുമ്ബോള്‍ വേദിയില്‍ തന്നെ അന്ത്യവും; സ്വപ്നങ്ങള്‍ ബാക്കിയാക്കിയുള്ള കലാമണ്ഡലം ഗീതാനന്ദന്റെ വേര്‍പ്പാട് മലയാളികള്‍ക്ക് തീരാനഷ്ടം......

തുള്ളല്‍ കലയ്ക്കുവേണ്ടി ജീവിച്ച കലാകാരന്‍ കലാകലാമണ്ഡലം ഗീതാനന്ദന്‍ (58) അന്തരിച്ചു. അവിട്ടത്തൂര്‍ ശ്രീമഹാദേവ ക്ഷേത്രത്തില്‍ തുള്ളല്‍ അവതിപ്പിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.തുള്ളല്‍കലയ്ക്കുവേണ്ടി ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു കലാമണ്ഡലം ഗീതാനന്റേത്. വേദിയില്‍ തുള്ളല്‍ നിറഞ്ഞാടുമ്ബോഴാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞത്.

തൃശ്ശൂര്‍ ഇരിങ്ങാലക്കുടയ്ക്കടുത്തുള്ള അവിട്ടത്തൂര്‍ മഹാശിവക്ഷേത്രത്തില്‍ ഓട്ടന്‍തുള്ളല്‍ അവതരിപ്പിക്കുന്നതിനിടെയാണ് അദ്ദേഹം കുഴഞ്ഞുവീണത്. നിരവധി സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കലാമണ്ഡലം അധ്യാപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.കുഞ്ചന്റെ മണ്ണില്‍ ഈ കലാരൂപം എക്കാലവും നിലനില്‍ക്കാന്‍ തുള്ളല്‍പ്രകാരം തയ്യാറാക്കുകയായിരുന്നു അദ്ദേഹത്തിന്റെ വലിയ മോഹം. ഈ പഠനസഹായി ഒരുക്കുന്നതിനൊപ്പം വിദേശരാജ്യങ്ങളില്‍ കളരി സ്ഥാപിച്ചും പഠനക്ലാസുകള്‍ നടത്തിയും തുള്ളല്‍ കലയുടെ പ്രോത്സാഹനമാണ് അദ്ദേഹം ആഗ്രഹിച്ചതും. എന്നാല്‍ അതൊക്കെ പൂര്‍ത്തിയാകും മുമ്ബേ അദ്ദേഹം വിടപറഞ്ഞു, അതും തുള്ളല്‍വേദിയില്‍ത്തന്നെ. അദ്ദേഹത്തിന്റെ വേര്‍പ്പാട് തുള്ളല്‍ കലയ്ക്ക് ഒരു തീരാനഷ്ടമാണ്.

എട്ടാമത്തെ വയസില്‍ പിതാവില്‍ നിന്നാണ് തുള്ളല്‍കച്ച സ്വീകരിച്ചത്. ചിലങ്കയണിഞ്ഞ്, കിരീടം വെച്ച്‌ 1969ല്‍ ആമക്കാവ് ദേവീക്ഷേത്ര തിരുമുറ്റത്തായിരുന്നു അരങ്ങേറ്റം. പിന്നീടങ്ങോട്ട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. പത്തുകൊല്ലം മുമ്ബ് ആന്‍ജിയോപ്ലാസ്റ്റി നടത്തിയ ഗീതാനന്ദന്‍ ആറായിരത്തിനടുത്ത് വേദികളില്‍ തുള്ളല്‍ അവതരിപ്പിച്ചു. 125 രാഗങ്ങളിലും ഒമ്ബത് താളത്തിലും തുള്ളല്‍ക്കഥക്കച്ചേരിയും അവതരിപ്പിച്ചു.കേരള സംഗീത നാടക അക്കാദമി അവാര്‍ഡിന് പുറമെ 12 ഓളം പ്രശസ്ത അവാര്‍ഡുകള്‍ കരസ്ഥമാക്കി. കലാമണ്ഡലം തുള്ളല്‍ വിഭാഗം മേധാവി പദവിയില്‍ നിന്നു 2017 മാര്‍ച്ചിലാണ് വിരമിച്ചത്. അഭിനേതാവ് എന്നതിനേക്കാള്‍ പ്രശസ്തനായ തുള്ളല്‍ കലാകാരന്‍ എന്ന് കലാലോകം തിരിച്ചറിയുന്ന വ്യക്തി.അച്ഛനും ഗുരുവുമായ മഠത്തില്‍ പുഷ്പവത്ത് കേശവന്‍ നമ്ബീശന്‍ പ്രശസ്തനായ തുള്ളല്‍ കലാകാരനായിരുന്നു. തുള്ളല്‍ കലയില്‍ നിന്ന് ദാരിദ്ര്യം മാത്രം സമ്ബാദ്യമായുണ്ടായിരുന്ന കേശവന്‍ നമ്ബീശന്‍, മകനെ തുള്ളല്‍ പഠിപ്പിക്കുവാന്‍ ആദ്യം വിസമ്മതിച്ചു, പക്ഷേ ഗീതാനന്ദന്റെ വാശിയില്‍ അച്ഛന്‍ തന്നെ തുള്ളലിന്റെ ആദ്യ പാഠങ്ങള്‍ ഗീതാനന്ദനു പറഞ്ഞു കൊടുത്തു. അമ്ബലത്തില്‍ കഴകം ജോലി ചെയ്തിരുന്ന അദ്ദേഹത്തെ അച്ഛനാണ് 1974ല്‍ കലാമണ്ഡലത്തില്‍ ചേര്‍ത്തത്. 1983 മുതല്‍ കലാമണ്ഡലത്തില്‍ അധ്യാപകനായി ജോലിക്കു ചേര്‍ന്നു. തുള്ളലിനെ പ്രോത്സാഹിപ്പിക്കുവാനും പ്രചരിപ്പിക്കുവാനും വേണ്ടി കലോത്സവ വേദികളിലും നിറഞ്ഞുനിന്നു.അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ തുള്ളല്‍ അവതരിപ്പിക്കാതെ കടന്നു പോകുന്ന ഒരു സംസ്ഥാന കലോത്സവവും ഇല്ല എന്ന് തന്നെ പറയാം. കമലദളം എന്ന ചിത്രത്തിലൂടെ സിനിമയിലേക്കെത്തി. 'തൂവല്‍ കൊട്ടാരം', 'മനസ്സിനക്കരെ', 'നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക' തുടങ്ങി 32 ഓളം സിനിമകളില്‍ വലുതും ചെറുതുമായ വേഷങ്ങളില്‍ അദ്ദേഹം അഭിനയിച്ചു.ഭാര്യ: ശോഭ ഗീതാനന്ദന്‍, മക്കള്‍ - സനല്‍ കുമാര്‍, ശ്രീലക്ഷ്മി. പ്രശസ്തനായ കഥകളിയാചാര്യന്‍ നീലകണ്ഠന്‍ നമ്ബീശന്‍ അമ്മാവനാണ്, ജ്യേഷ്ഠന്‍ കലാമണ്ഡലം വാസുദേവന്‍ പ്രശസ്തനായ മൃദംഗം വിദ്വാന്‍.

Related News