Loading ...

Home USA

അമേരിക്കന്‍ സമ്പദ് വ്യവസ്ഥ കടുത്ത പ്രതിസന്ധിയിലേക്ക്; 40 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പണപ്പെരുപ്പം

അമേരിക്കയില്‍ 40 വര്‍ഷത്തിനിടയിലെ ഏറ്റവും വലയ പണപ്പെരുപ്പം രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. 1982 ന് ശേഷം ആദ്യമായാണ് ഏഴ് ശതമാനം പണപ്പെരുപ്പം രേഖപ്പെടുത്തിയത്. ഇത് അമേരിക്കന്‍ സമ്പദ് വ്യവസ്ഥക്ക് വന്‍ തോതിലുള്ള ഭീഷണി ഉയര്‍ത്താന്‍ സാധ്യതയുണ്ട്.ഗാര്‍ഹിക ചെലവുകള്‍ ഇനിയും കൂടും, കാറുകള്‍, ഗ്യാസ്, ഭക്ഷണം, ഫര്‍ണിച്ചറുകള്‍ തുടങ്ങിയവയുടെ വിലയും കുത്തനെ ഉയര്‍ന്നു. തൊഴിലാളികളുടേയും അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമം വിതരണ മേഖലകളെ കൂടുതലായി ബാധിച്ചു.

പുതിയ കാര്‍ ഉല്‍പ്പാദനം പരിമിതപ്പെടുത്തിയതിനാല്‍ ഉപയോഗിച്ച കാറുകളുടെ വില കഴിഞ്ഞ വര്‍ഷം 37 ശതമാനത്തിലധികം ഉയര്‍ന്നു. പുതിയ കാര്‍ വിലയില്‍ കഴിഞ്ഞ വര്‍ഷം 11.8 ശതമാനം വര്‍ധനവാണ് രോഖപ്പെടുത്തിയത്.വസ്ത്രങ്ങളുടെ വില ഡിസംബറില്‍ 1.7 ശതമാനം ഉയര്‍ന്നു, മുന്‍ വര്‍ഷത്തേക്കാള്‍ 5.8 ശതമാനം വര്‍ധനയാണ് വസ്ത്ര മേഖലയില്‍ ഉണ്ടായത്. വാടക, റസ്റ്റോറന്റ് ഭക്ഷണം, പലചരക്ക് സാധനങ്ങള്‍ എന്നിവയുടെ വിലകള്‍ ഇപ്പോഴും ഉയരുകയാണ്.

സാമ്പത്തിക വിദഗ്ധരും നയരൂപീകരണക്കാരും പണപ്പെരുപ്പത്തെക്കുറിച്ച്‌ സംസാരിക്കുമ്പോള്‍, സാധാരണക്കാരെ നേരിട്ടു ബാധിക്കില്ലെന്നാണ് പറയുന്നത്. എന്നാല്‍ ഉപഭോക്തൃ വില സൂചികയിലാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്.ക്രൂഡ് ഓയില്‍ വിലക്കയറ്റവും ഓഹരികളുടെ തകര്‍ച്ചയും ബാങ്കിങ്, ഫാര്‍മ സെക്ടറുകളുടെ വീഴ്ചയും അമേരിക്കന്‍ വിപണിയുടെ കൂടുതല്‍ മുന്നേറ്റം തടസ്സപ്പെടുത്തി.

2021 വരെ വര്‍ഷങ്ങളായി പണപ്പെരുപ്പം കുറവായിരുന്നു. മഹാമാരിയും ലോക്ഡൗണുകളുമാണ് വിലക്കയറ്റത്തിന് കാരണമായത്. 2022-ല്‍ പണപ്പെരുപ്പം ഇനിയും ഉയരാനുള്ള സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. അമേരിക്കയില്‍ കോവിഡ് വ്യാപനം വന്‍തോതില്‍ വര്‍ധിക്കുകയാണ്. ഒമിക്രോണ്‍ കുറയുമ്പോള്‍ പണപ്പെരുപ്പത്തില്‍ ചില മാറ്റങ്ങള് ഉണ്ടാവുമെന്ന് സാമ്ബത്തിക വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു.



Related News