Loading ...

Home Music

റസൂലന്‍ ബായി....മറവിയിലായ ആ പാട്ട്‌...


റസൂലന്‍ ബായിയുടെ പാട്ടുകള്‍ എത്ര പേര്‍ ഇപ്പോള്‍ ഓര്‍ക്കുന്നുണ്ടാവും? എത്രപേര്‍ അവരെക്കുറിച്ചും അവരുടെ പാട്ടുകളെക്കുറിച്ചും കേട്ടിട്ടുണ്ടാകും ?
തന്റെ കൂടെ എപ്പോഴും ഉണ്ടായിരുന്ന ദാരിദ്ര്യത്തെയും ഒറ്റപ്പെടലിനെയും അവഗണിച്ച‌് റസൂലന്‍ ബായ് പാടിയപ്പോള്‍ പെരുമഴ പോലെ തടസ്സങ്ങള്‍ അവരുടെ ജീവിതത്തെ വലയം ചെയ്തു. പാട്ട് തുടരുന്നത് അസാധ്യമെന്നു തോന്നിയ ഘട്ടങ്ങളില്‍ പിടിച്ചുനിന്നു. ഉള്ളിലെ സംഗീതത്തെ അണയാതെ സൂക്ഷിച്ചു. പ്രാണനില്‍ പാട്ട് കെടാതെ കാത്തു.

1974ല്‍ റസൂലന്‍ ബായിയുടെ മരണശേഷം വളരെ കുറച്ചുപേര്‍ മാത്രമാണ് അവരെക്കുറിച്ച്‌ സംസാരിച്ചത്. ആസ്വാദകര്‍ മറന്നു തുടങ്ങിയ കാലത്ത് അവരെ വീണ്ടും ശ്രദ്ധയില്‍ കൊണ്ടുവന്നത് സബ ദിവാന്‍ എന്ന സംവിധായികയാണ്. 2009ല്‍ സബ സംവിധാനം ചെയ്ത ദി അദര്‍ സോങ‌് എന്ന ഡോക്യുമെന്ററി ചിത്രം നഷ്ടപ്പെട്ട ഒരു പാട്ടിനെക്കുറിച്ചുള്ള അന്വേഷണമാണ‌്. റസൂലന്‍ ബായി 1935ല്‍ ഗ്രാമഫോണ്‍ റെക്കോഡില്‍ പാടുകയും പിന്നീട‌് വീണ്ടെടുക്കാനാകാത്ത വിധം നഷ്ടപ്പെടുകയും ചെയ‌്ത 'ലാഗത‌് ജബന്‍വ മേ ചോട്ട‌് ഫൂല്‍ ഗെന്ദ‌്‌വ ന മാരോ' (എന്റെ മാറിടത്തിലെക്ക് പൂക്കള്‍ എറിയരുത്. അവിടെ മുറിവേറ്റിരിക്കുന്നു) എന്ന പാട്ട് തിരയുന്നതിലൂടെ തവായിഫു (പ്രഭുസദസുകളില്‍ പാടുകയും നൃത്തം ചെയ്യുകയും ചെയ്യുന്നവര്‍) കളുടെ സംഗീതവും ജീവിതവും അന്വേഷിക്കുകയായിരുന്നു സബ. ഈ പാട്ടിന്റെ ഭേദഗതി വരുത്തിയ ഭാഗമാണ് ഇപ്പോള്‍ പ്രചാരത്തിലുള്ളത്. രണ്ടാമത്തെ പതിപ്പില്‍ ജബന്‍വ (മാറിടം ) എന്നത് കരെജ് വാ (ഹൃദയം) എന്നാക്കി മാറ്റി. ഈ മാറ്റം നിഷ്കളങ്കമായ ഒന്നല്ല. സ്വാതന്ത്ര്യാനന്തര കാലത്ത്‌ സവര്‍ണ മൂല്യങ്ങള്‍ സമൂഹത്തില്‍ ആധിപത്യം സ്ഥാപിക്കുന്നതിന്റെ അടയാളം കൂടിയായിരുന്നു അത്. സ്ത്രീകള്‍ക്ക് ആകാശവാണിയില്‍ പാടണമെങ്കില്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് ഹാജരാേക്കണ്ടിയിരുന്നു. ഈ വ്യവസ്ഥയില്‍ പ്രതിഷേധിച്ച്‌ അന്‍വരി ബായി ഉള്‍പ്പെടെയുള്ളവര്‍ റേഡിയോയില്‍ ഇനി മുതല്‍ പാടില്ല എന്ന് പ്രഖ്യാപിച്ചു.

 
മുഗള്‍ കാലഘട്ടത്തില്‍ സ്വതന്ത്ര ജീവിതം നയിച്ചവരും ലൈംഗിക സ്വാതന്ത്ര്യമുള്ള വരുമായിരുന്നു തവായിഫുകള്‍. മികച്ച പാട്ടുകാരികള്‍, നര്‍ത്തകിമാര്‍. ചെറുപ്പത്തില്‍ തന്നെ പെണ്‍കുട്ടികള്‍ക്ക് കഥക് നൃത്തത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും ഉര്‍ദു കവിതകളിലും പരിശീലനം കൊടുത്തിരുന്നു. ഗ്രാമഫോണില്‍ ആദ്യമായി പാടിയ ഗൗഹര്‍ ജാന്‍, ഗസല്‍ ഗായിക ബീഗം അക്തര്‍ സംഗീത സംവിധായികയും നടിയുമായ ജദ്ദന്‍ ഭായ്, ആദ്യ ശബ്ദ സിനിമയില്‍ അഭിനയിച്ച സുബൈദ തുടങ്ങിയവര്‍ കടന്നുവരുന്നത‌് ഈ പാരമ്ബര്യത്തിലൂടെ. നവാബുമാരുടെയും പ്രഭുക്കന്‍ മാരുടെയും ഇഷ്ട ജനങ്ങളായ പല തവായിഫുകള്‍ക്കും ഭരണകാര്യങ്ങളില്‍ നിര്‍ണായക സ്വാധീനമുണ്ടായിരുന്നു.
1902 ല്‍ ഉത്തര്‍പ്രദേശിലെ മിര്‍സാപുരില്‍ ജനിച്ച റസൂലന്‍ ബായ് അഞ്ചാം വയസ്സുമുതല്‍ സംഗീതത്തില്‍ താല്പര്യം പ്രകടിപ്പിച്ചു. കൊട്ടാര സദസ്സുകളില്‍ മുജ്റ നൃത്തത്തിന് അകമ്ബടി പാടി. നാല്‍പ്പത്താറാം വയസ്സില്‍ ബനാറസിലെ സാരി കച്ചവടക്കാരനായ സുലൈമാനെ വിവാഹം കഴിച്ചു. അതില്‍ വസീര്‍ എന്ന കുട്ടി ജനിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ സുലൈമാനും വസീറും പാകിസ്ഥാനിലേക്ക് പോയി. എന്നാല്‍ റസൂലന്‍ ബായ് ഗുജറാത്തിലെ അഹമ്മദ്ബാദിലേക്കാണ് പോയത്.

അഹമ്മദാബാദിലെ ജീവിതം ദുരിതപൂര്‍ണമായി. 1969ലെ വര്‍ഗീയ കലാപം അവരുടെ വീട് ചുട്ടെരിച്ചു. കലയെ ആദരിക്കാത്ത വര്‍ഗീയ ഭ്രാന്ത് ബാധിച്ച മനുഷ്യരുടെ ഇടയിലുള്ള ജീവിതം അവര്‍ക്ക് അസഹനീയമായി. ഗുജറാത്ത് വിട്ട്‌ യുപിയിലെ അലഹബാദിലേക്ക‌് ജീവിതം പറിച്ചുനട്ടു. ആകാശവാണി നിലയത്തിന് സമീപം ചെറിയൊരു ചായക്കട നടത്തി. വല്ലപ്പോഴും റേഡിയോയില്‍ പാടാന്‍ അവസരം കിട്ടി. എന്നിട്ടും സാമ്ബത്തികസ്ഥിതി മെച്ചപ്പെട്ടില്ല. 1974ല്‍ മരിക്കുമ്ബോഴും കടുത്ത ദാരിദ്ര്യത്തില്‍ തന്നെ.

സമകാലികരായ മറ്റു ഗായകരെക്കാളും ദുഃഖം റസൂലന്‍ ബായിയുടെ പാട്ടുകളില്‍ നിറഞ്ഞു നിന്നു. ജീവിതത്തില്‍ അവര്‍ അനുഭവിച്ച വേദനകള്‍ പാട്ടിലേക്കും കടന്നു വന്നു. പാട്ടുകളില്‍ ആസ്വാദകര്‍ കേട്ട വേദനെയേക്കാള്‍ എത്രയോ ഇരട്ടി യായിരുന്നു യഥാര്‍ഥ ജീവിതത്തില്‍ അവരനുഭവിച്ചത്. ബനാറസിലും ലഖ‌്‌നൗവിലും അലഹബാദിലും തവായിഫുകള്‍ക്ക് ഒരു കാലത്ത് ഉന്നത സ്ഥാനമുണ്ടായിരുന്നു. കലാകാരികള്‍ എന്ന നിലയില്‍ ആദരവ് പിടിച്ചു പറ്റി. എന്നാല്‍, ബ്രിട്ടീഷുകാര്‍ക്കെതിരെ ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ പോരാളികളെ സഹായിച്ചതു മുതല്‍ തവായിഫുകളോട് അവര്‍ വിരോധം പുലര്‍ത്തി. വേശ്യകള്‍ എന്ന് ബ്രിട്ടീഷുകാര്‍ മുദ്രകുത്തി. സ്വാതന്ത്ര്യാനന്തരം അധികാരമേറ്റവരും അതേ പല്ലവി ഏറ്റുപാടി. കപട സദാചാരത്തിന്‍റെയും സവര്‍ണ മൂല്യങ്ങളുടെയും കാവല്‍ക്കാര്‍ ഇൗ കലാകാരികളെ കല്ലെറിഞ്ഞു. അങ്ങനെ 1960കള്‍ ശേഷം തവായിഫ് പാരമ്ബര്യത്തില്‍നിന്ന് വരുന്ന കലാകാരികള്‍ക്ക് ജീവിക്കാന്‍ കടുത്ത പ്രയാസങ്ങള്‍ ഉണ്ടായി. അത് റസൂലന്‍ ബായിയെയും ബാധിച്ചിരുന്നു. തീവ്രമായ ഒറ്റപ്പെടലിനോടും ദാരിദ്ര്യത്തോടും പൊരുതിയാണ് അവര്‍ പാടിയതെന്ന് ഇപ്പോള്‍ കേള്‍ക്കുമ്ബോള്‍ നമ്മള്‍ ഓര്‍ക്കാറുണ്ടോ ?

Related News