Loading ...

Home health

പരിശോധനാഫലം വന്നു, നിപയുടെ ഉറവിടം ആ വവ്വാലുകളല്ല

തിരുവനന്തപുരം: പേരാമ്ബ്രയ്ക്കു സമീപം പന്തിരിക്കയിലെ കിണറ്റില്‍നിന്ന് പിടികൂടിയ വവ്വാലുകളല്ല നിപ വൈറസിന്റെ ഉറവിടമെന്ന് സ്ഥിരീകരിച്ചു. ഭോപാലിലെ ലാബിലേക്ക് പരിശോധനയ്ക്കയച്ച വവ്വാലുകളുടെയും മറ്റ് വളര്‍ത്തുമൃഗങ്ങളുടെയും സാമ്ബിളില്‍ നിപ വൈറസില്ലെന്ന ഫലം പുറത്തുവന്നു.

പനിബാധിച്ച്‌ മരിച്ച ചങ്ങരോത്ത് സൂപ്പിക്കടയിലെ സാബിത്തിന്റെ വീട്ടിലെ കിണറ്റില്‍നിന്ന് പിടിച്ച വവ്വാലുകളുടേതുള്‍പ്പെടെ 21 സാമ്ബിളുകളാണ് ഭോപാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസില്‍ പരിശോധിച്ചത്. ഈ ഫലങ്ങളെല്ലാം നെഗറ്റീവാണെന്ന് സംസ്ഥാന മൃഗസംരക്ഷണവകുപ്പ് ഡയറക്ടര്‍ ഡോ. എന്‍.എന്‍. ശശി പറഞ്ഞു.

ഇതോടെ വവ്വാലുകളില്‍ നിന്നല്ലെങ്കില്‍ വൈറസ് എവിടെനിന്നുവന്നു എന്നതിനെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം വേണ്ടിവരും. സാബിത്തിന് എങ്ങനെ രോഗബാധയുണ്ടായെന്നതിലേക്കാണ് അന്വേഷണം നീളുന്നത്. 

മേയ് അഞ്ചിനാണ് സാബിത്ത് പനിബാധിച്ച്‌ മരിച്ചത്. നിപയാണ് മരണകാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ അനുമാനമെങ്കിലും രക്തസാന്പിളുകള്‍ പരിശോധനയ്ക്ക് അയയ്ക്കാത്തതിനാല്‍ സ്ഥിരീകരിച്ചിരുന്നില്ല. പിന്നീട് സാബിത്തിന്റെ സഹോദരന്‍ സാലിഹും പിതാവ് മൂസ്സയും നിപ ബാധിച്ച്‌ മരിച്ചു. മൂവരും സൂപ്പിക്കടയ്ക്ക് സമീപമുള്ള കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയശേഷമാണ് നിപ പടര്‍ന്നതെന്നാണ് കരുതിയിരുന്നത്. അതുകൊണ്ടാണ് ഈ കിണറ്റിലുള്ള വവ്വാലുകളുടെ സാമ്ബിളുകള്‍ പരിശോധിച്ചതും.

ഈ വവ്വാലുകളല്ല വൈറസ് വാഹകരെന്ന് സ്ഥിരീകരിച്ചതോടെ സാബിത്തിന്റെ യാത്രാവിവരവും പൂര്‍വസാഹചര്യവും അന്വേഷിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജയും കോഴിക്കോട് കളക്ടര്‍ യു.വി. ജോസും വെള്ളിയാഴ്ച കോഴിക്കോട്ട് ചേര്‍ന്ന സര്‍വകക്ഷി യോഗത്തിനുശേഷം പറഞ്ഞു. ഇതിനായി വടകര റൂറല്‍ എസ്.പി.യെ നിയോഗിച്ചു.

പഴംതീനി വവ്വാലുകളാണ് നിപ വൈറസിന്റെ ഉറവിടമെന്ന് നേരത്തേ വിദേശത്ത് നടത്തിയ പഠനങ്ങളില്‍ തെളിഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് രോഗം പടര്‍ന്ന സ്ഥലത്തുകണ്ടെത്തിയ വവ്വാലിന്റെ സാമ്ബിളുകള്‍ ശേഖരിച്ച്‌ പരിശോധനയ്ക്ക് അയച്ചത്. തൊണ്ടയില്‍നിന്നുള്ള സ്രവം, രക്തം, കാട്ടം എന്നിവയുടെ സാമ്ബിളുകളാണ് വവ്വാലിന്റേതായി പരിശോധനയ്ക്കയച്ചത്.

എട്ട് പന്നികളുടെ മൂക്കില്‍നിന്നുള്ള സ്രവം, രക്തം എന്നിവയും പശുവിന്റെയും ആടിന്റെയും രക്തസാമ്ബിളുകളും പരിശോധിച്ചു. വളര്‍ത്തുമൃഗങ്ങള്‍ക്ക് നിപ ബാധിച്ചിട്ടില്ലെന്നതിന്റെ തെളിവുകൂടിയാണ് പരിശോധനാഫലം. കേന്ദ്രസര്‍ക്കാര്‍ അനുമതിയോടെയാണ് വെള്ളിയാഴ്ച വൈകീട്ട് ലബോറട്ടറി പരിശോധനാഫലം പുറത്തുവിട്ടത്.

നിപ രോഗവാഹകരല്ലാത്ത ഇന്‍സെക്ടിവോറസ്(കീടങ്ങളെ ഭക്ഷിക്കുന്ന) വവ്വാലുകളെയാണ് പന്തിരിക്കരയിലെ കിണറ്റില്‍നിന്ന് പിടിച്ചതും സാന്പിള്‍ ശേഖരിച്ചതും. സാധാരണ നിപ വൈറസ് കാണുന്നത് പഴങ്ങള്‍ ഭക്ഷിക്കുന്ന വവ്വാലുകളിലാണ്. ഇത്തരം വവ്വാലുകളുടെ സാമ്ബിളുകള്‍കൂടി പരിശോധിക്കുന്നുണ്ട്. മൃഗസംരക്ഷണവകുപ്പ് അധികൃതര്‍ പന്തിരിക്കരയിലും പരിസരത്തുനിന്നുമായി ഇവയുടെ കാട്ടവും മൂത്രവും ശേഖരിക്കുന്നുണ്ട്. ഏതാണ്ട് 50 സാമ്ബിളെങ്കിലും ശേഖരിക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍, മഴപെയ്യുന്നതിനാല്‍ കാട്ടം ശേഖരിക്കുന്നത് ബുദ്ധിമുട്ടായിരിക്കുകയാണ്.

പുണെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നുള്ള സംഘം ശനിയാഴ്ച ജില്ലയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവര്‍ പഴങ്ങള്‍ ഭക്ഷിക്കുന്ന വവ്വാലുകളെ പിടികൂടും. നേരത്തേവന്ന കേന്ദ്രസംഘം തിരിച്ചുപോയിരുന്നു.

21 പേര്‍ക്കുകൂടി നിപയില്ലെന്ന് സ്ഥിരീകരിച്ചു 

വെള്ളിയാഴ്ച ലഭിച്ച 21 പരിശോധനാഫലത്തില്‍ 21-ഉം നിപ അല്ല. ഇത് സ്ഥിതി നിയന്ത്രണത്തിലാണെന്നതിന് സൂചനയാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. 160 പേരുടെ സാന്പിള്‍ അയച്ചതിലാണ് 21 പേരുടെ ഫലം വന്നത്.

നിപ സംശയിച്ച്‌ വിവിധ ജില്ലകളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരുന്ന ഏഴുപേര്‍ക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. അതേസമയം കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍നിന്ന് നാലുപേര്‍ പുതുതായി രോഗബാധ സംശയിച്ച്‌ ചികിത്സതേടിയിട്ടുണ്ട്. ഇതോടെ 26 പേര്‍ ഇപ്പോള്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്.

കോഴിക്കോട് ജില്ലയില്‍ ഒരാളും മലപ്പുറത്ത് മൂന്നുപേരുമാണ് ആശുപത്രിവിട്ടത്. കോട്ടയം ജില്ലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന രണ്ടുപേര്‍ക്കും എറണാകുളത്ത് ഒരാള്‍ക്കും വൈറസ് ബാധയില്ലെന്ന് കണ്ടെത്തി. കോഴിക്കോട് പേരാമ്ബ്ര സ്വദേശിയും കോഴിക്കോട് സ്വകാര്യ ആശുപത്രി ജീവനക്കാരിയുമായ കോട്ടയം സ്വദേശിനിയുമാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഉണ്ടായിരുന്നത്.

എറണാകുളത്ത് മൂന്നുപേരും തൃശ്ശൂര്‍ ജില്ലയില്‍ ഒരാളും മലപ്പുറത്ത് ആറുപേരും കോഴിക്കോട്ട് 10 പേരും നിരീക്ഷണത്തിലുണ്ട്. തിരുവനന്തപുരം, വയനാട് ജില്ലകളിലായി രണ്ടുപേരും. നിപ ഭീതിയെത്തുടര്‍ന്ന് മലപ്പുറം ജില്ലയില്‍നിന്ന് പരിശോധനയ്ക്കയച്ച അഞ്ചുപേരുടെ സാമ്ബിളിലും നിപയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ക്കും രോഗമില്ലെന്ന് സ്ഥിരീകരിച്ചു.

Related News