Loading ...

Home health

എലിപ്പനി: സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം

കണ്ണൂര്‍: പ്രളയക്കെടുതി നേരിടുന്ന സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ ആരോഗ്യവകുപ്പിന്റെ എലിപ്പനി മുന്നറിയിപ്പ്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് മുന്നറിയിപ്പ്. പ്രതിരോധമരുന്നുകള്‍ കഴിക്കാന്‍ ആരും മടിക്കരുതെന്നും ഏതെങ്കിലും തരത്തിലുള്ള പനി ലക്ഷണം കണ്ടാല്‍ സ്വയം ചികിത്സയ്‌ക്ക് മുതിരാതെ ആരോഗ്യ കേന്ദ്രങ്ങളില്‍ ബന്ധപ്പെടണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

പ്രളയത്തില്‍ അകപ്പെട്ടവരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികള്‍ ആകുന്നവരും പ്രതിരോധമരുന്നുകള്‍ കഴിക്കണം. മറ്റുളളവരും ജാഗ്രത പുലര്‍ത്തണം. പ്രളയവുമായി നേരിട്ട് ബന്ധമില്ലാത്തവര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ലെപ്റ്റോസ്പൈറസ് എന്ന ബാക്ടീയയാണ് എലിപ്പനിക്ക് കാരണം. എലിയിലൂടെയാണ് രോഗാണു പകരുന്നത്. എന്നാല്‍ കന്നുകാലികള്‍, പൂച്ച, പട്ടി എന്നിവയും രോഗാണുവാഹകരാണ്. ഇവയുടെ മൂത്രത്തിലൂടെ നേരിട്ടോ അത് കലര്‍ന്ന മണ്ണ്, വെള്ളം എന്നിവയിലൂടെയോ രോഗം വരാം. കൈകാലുകളിലെ മുറിവുകള്‍, കണ്ണ്, മൂക്ക്, വായ, എന്നിവയിലൂടെയാണ് രോഗാണു മനുഷ്യ ശരീരത്തില്‍ എത്തുന്നത്.

പനി, പേശീവേദന, കണ്ണിന് ചുവപ്പ്, ഛര്‍ദി എന്നിവയാണ് രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍. രോഗം ഗുരുതരാവസ്ഥയിലെത്തിയാല്‍ കരള്‍, വൃക്ക, ശ്വാസകോശം, ഹൃദയം, തുടങ്ങിയ അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കും. മരണവും സംഭവിക്കും. അതുകൊണ്ട് തന്നെ പനി വന്നാല്‍ സ്വയം ചികിത്സ പാടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Related News