Loading ...

Home health

‘നിറപറ’ യുടെ മുളക്, മല്ലി, മഞ്ഞൾ പൊടികൾ നിരോധിച്ചു

തിരുവനന്തപുരം∙ മുപ്പതിലേറെ സാംപിളുകളിൽ മായം കണ്ടെത്തിയതിനെ തുടർന്നു ‘നിറപറ’ ബ്രാൻഡിന്റെ മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി എന്നിവയുടെ വിൽപന സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മിഷണർ നിരോധിച്ചു. പാക്കറ്റിലും മറ്റും പരിശുദ്ധമെന്ന് അവകാശപ്പെട്ടു വിൽക്കുന്ന ഇൗ മൂന്ന് ഉൽപന്നങ്ങളിലും വിലകുറഞ്ഞ അന്നജമാണ് 15% മുതൽ 75% വരെ അടങ്ങിയിരിക്കുന്നതെന്ന കണ്ടെത്തലിനെ തുടർന്നാണു നടപടി. മായം ചേർക്കലിനെതിരെ നോട്ടീസുകൾ നൽകിയെങ്കിലും ഉൽപാദകർ അനുസരിക്കാത്തതിനാലാണു നിരോധനത്തിലേക്കു കടക്കുന്നതെന്നു കമ്മിഷണർ ടി.വി. അനുപമ ഉത്തരവിൽ വ്യക്തമാക്കി.മായം ചേർത്തതിനു 34 കേസുകൾ നിറപറ ബ്രാൻഡ് ഉൽപാദകരായ കാലടി കെകെആർ ഫുഡ് പ്രോഡക്ട്സിനെതിരെ ചുമത്തിയിട്ടുണ്ട്. ആറു കേസിലായി 16 ലക്ഷത്തോളം രൂപ പിഴയും ഇൗടാക്കി. ഏതു തരത്തിലുള്ള അന്നജമാണു മായം ചേർക്കലിന് ഉപയോഗിച്ചതെന്നു കണ്ടെത്താൻ വിശദ രാസപരിശോധനയ്ക്കും കമ്മിഷണർ ഉത്തരവിട്ടു.ഇന്നു മുതൽ സംസ്ഥാന വ്യാപകമായി നിറപറയുടെ ഇൗ മൂന്ന് ഉൽപ്പന്നങ്ങളും പരിശോധന നടത്തി പിടിച്ചെടുക്കാൻ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. വിൽപനയ്ക്കു പുറമെ ഉൽപാദനം, സംഭരണം, വിതരണം എന്നിവയ്ക്കും നിരോധനമുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ‌ നിന്നു പരിശോധിച്ച സാംപിളുകൾ ഫുഡ് ടെസ്റ്റിങ് ലാബിലെ പരിശോധനയ്ക്കു ശേഷം ഉൽപാദകരുടെ ആവശ്യപ്രകാരം മറ്റു ലാബുകളിലും പരിശോധിച്ചിരുന്നു.

Related News