Loading ...

Home peace

സര്‍വരും സോദരത്വേന വാഴാന്‍ പഠിപ്പിച്ച ഗുരു

കന്യാകുമാരിക്കടുത്തുള്ള മരുത്വാമലയുടെ മുകളിലുള്ള ഗുഹയിലായിരുന്നു ഗുരു തപസ്സനുഷ‌്ഠിച്ചിരുന്നത‌്. അന്നപാനങ്ങളില്ലാതെ വര്‍ഷങ്ങളോളം തപസ്സനുഷ‌്ഠിച്ച ഗുരുവിന് പരിനിര്‍വാണംവരെയും വേണമെങ്കില്‍ അവിടെത്തന്നെ കഴിയാമായിരുന്നു. താപസന്മാര്‍ പൊതുവെ അങ്ങനെയാണ്. സന്യാസത്തിനും മോക്ഷത്തിനുമായി മല കയറുന്നവരെയാണ് ഭാരതത്തിന് പരിചയം. ഗുരു ഭാരതീയപരമ്ബര്യത്തിന് അപവാദമാണ്. ആ അപവാദമാണ് ഗുരുവിനെ സവിശേഷനാക്കുന്നത‌്. മരുത്വാമലയില്‍നിന്ന‌് ഗുരു ഇറങ്ങിവന്നത് അരുവിപ്പുറത്തേക്കാണ്. നൂറ്റാണ്ടുകള്‍ നിലനിന്നിരുന്ന വ്യവസ്ഥിതി തിരുത്തപ്പെട്ടത് അവിടെവച്ചാണ്. അതൊരു അനിവാര്യതയായിരുന്നു. തികച്ചും അനിവാര്യമായൊരു സാഹചര്യത്തിലാണ് ഗുരു ഇടപെടുന്നത്. ആ ഇടപെടല്‍ ചരിത്രത്തിന്റെ തിരുത്തലായി മാറുകയായിരുന്നു. അവിടെ കോറിയ വാക്കുകള്‍ എന്നും പ്രതിധ്വനിക്കുന്നവയായിരുന്നു. 'സോദരത്വേന വാഴുന്ന മാതൃകാസ്ഥാനം' സാഹോദര്യത്തിന് തടസ്സമാകുന്ന ഒന്നുമുണ്ടാകാന്‍ പാടില്ലെന്ന് ഗുരു നിഷ‌്കര്‍ഷിക്കുന്നു.

ലോകത്തിന്നില്ലാതിരിക്കുന്നതും ലോകം ആവശ്യപ്പെടുന്നതുമായ സാഹോദര്യതത്വശാസ‌്ത്രമാണ‌് അരുവിപ്പുറത്തുനിന്ന‌് പ്രതിധ്വനിക്കുന്നത്.

ഭാരതംപോലൊരു വികസ്വരരാഷ്ട്രത്തില്‍ വികസിതരാജ്യങ്ങള്‍ക്കു സമാനമായ നേട്ടങ്ങളുണ്ടാക്കിയ കേരളം ലോകത്തിന് പല കാര്യങ്ങളിലും മാതൃകയാണ്. പ്രകൃതിക്ഷോഭത്തില്‍ തകര്‍ന്നടിയേണ്ട കേരളം അതിനെ തരണംചെയ‌്തതും കേരളപുനഃസൃഷ്ടിക്ക‌് കളമൊരുക്കുന്നതും ഗുരു പറഞ്ഞ സാഹോദര്യത്തിന്റെ കരുത്തിലാണ്. ഒരു വിഭാഗീയതയുമില്ലാതെ മനുഷ്യസമൂഹത്തിന‌് സഹവര്‍ത്തിത്വം പുലര്‍ത്താമെന്നും അതിജീവനത്തിന് സാഹോദര്യമെങ്ങനെ സഹായകമാകുമെന്നും കേരളം തെളിയിച്ചിരിക്കുകയാണ്.

സാഹോദര്യത്തിന് പ്രളയത്തെപ്പോലും അതിജിവിക്കാന്‍ കെല്‍പ്പുണ്ടെന്ന് തിരിച്ചറിഞ്ഞ കേരളീയര്‍ സാഹോദര്യത്തിന്റെ സന്ദേശവാഹകരാകേണ്ടതാണ്. അതിന് ഗുരുവിനെ പിന്‍പറ്റേണ്ടതുണ്ട‌്. സമത്വത്തിനും സാഹോദര്യത്തിനും തടസ്സമാകുന്ന ഘടകങ്ങളില്ലാതാകണമെന്നാണ് ഗുരു പഠിപ്പിച്ചത്. സമത്വവും സാഹോദര്യവും ലക്ഷ്യമാകുമ്ബോള്‍ അത് സാധ്യമാക്കാനുള്ള മാര്‍ഗങ്ങളും അറിഞ്ഞിരിക്കേണ്ടതാണ‌്.

സമത്വത്തിനും സാഹോദര്യത്തിനും തടസ്സമാകുന്ന സുപ്രധാനഘടകങ്ങളെയാണ് ഗുരു എടുത്തുപറയുന്നത്. ജാതിഭേദവും മതദ്വേഷവും. ഇതുകൂടാതെയുള്ള ഘടകങ്ങളെല്ലാം ഉള്‍ക്കൊള്ളുന്നതാണ് 'ഏതുമില്ലാതെ' എന്ന പ്രയോഗത്തിലൂടെ അര്‍ഥമാക്കേണ്ടത്. മനുഷ്യനും മനുഷ്യനും തമ്മില്‍ ഉച്ചനീചത്വമുണ്ടാക്കുന്ന, വിഭാഗീയത വളര്‍ത്തുന്ന എന്തൊക്കെയുണ്ടോ അവയെല്ലാം ഇല്ലാതാക്കിയാല്‍മാത്രമേ സമത്വവും സാഹോദര്യവും മനുഷ്യര്‍ക്കിടയില്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുകയുള്ളൂ. ജീവന‌് ഭീഷണി വരുമ്ബോള്‍മാത്രമാണ് മനുഷ്യന്‍ ഇത്തരം ഘടകങ്ങളെ വിസ‌്മരിക്കുന്നത‌്. മൂക്കറ്റം മുങ്ങിനില്‍ക്കുമ്ബോള്‍ രക്ഷിക്കാന്‍ വഞ്ചിയുമായെത്തിയത് പുലയനാണോ മുക്കുവനാണോ എന്നാരും തിരക്കിയതായി കേട്ടില്ല.

 
ജീവന് ഭീഷണിയുണ്ടാകുമ്ബോള്‍ മനുഷ്യന്‍ കുലവും കുടുംബവും, ഉള്ളവനും ഇല്ലാത്തവനും, തൊഴിലാളി മുതലാളി, പണ്ഡിതന്‍ പാമരന്‍, ന്യൂനപക്ഷം ഭൂരിപക്ഷം എന്നൊക്കെ കരുതിവച്ചിരിക്കുന്ന വലുപ്പങ്ങളൊക്കെ ഇല്ലാതാകുന്നതുപോലെ എല്ലായ‌്‌പോഴും എല്ലാവരും സോദരത്വേന വാഴുവാനാണ് ഗുരു കല്‍പ്പിച്ചത്. അത് സാധ്യമാക്കുന്നതിന് ജീവിതത്തിന്റെ പൊരുളും അടിസ്ഥാനതത്വവും ബോധ്യപ്പെടേണ്ടതുണ്ട‌്. ആത്മാേപദേശശതകം, അദ്വൈത ദീപിക, ബ്രഹ്മവിദ്യാപഞ്ചകം, അറിവ്, ദര്‍ശനമാല തുടങ്ങി അറുപത്തഞ്ചോളം കൃതികളിലൂടെ ജീവിതതത്വശാസ്ത്രം ഗുരു ആവിഷ‌്കരിച്ചു. അതിനെ വേദാന്തമെന്നോ അദ്വൈതമെന്നോ പറഞ്ഞുപോരുമ്ബോഴും അതിലെല്ലാം നിറഞ്ഞുനില്‍ക്കുന്ന സന്ദേശം സാഹോദര്യത്തിന്റേതുതന്നെയാണ്.
ദര്‍ശനങ്ങളുടെ നാടെന്ന് പുകള്‍പെറ്റ ഭാരതത്തില്‍ അദ്വൈതമൊരു പുതിയ തത്വശാസ‌്ത്രമല്ല. എന്നാല്‍, ഗുരുവിലൂടെ അദ്വൈതത്തിനും ആത്മീയതയ‌്ക്കും പുത്തന്‍ മാനങ്ങള്‍ കൈവന്നു. ബ്രഹ്മത്തെയും മായയെയുംകുറിച്ച്‌ മാത്രമല്ല ഗുരു പറഞ്ഞത്. മനുഷ്യസാഹോദര്യത്തിന് തടസ്സമാകുന്ന, മനുഷ്യജീവിതത്തെ പുല്‍കിനില്‍ക്കുന്ന സാമൂഹ്യഘടകങ്ങളുടെ നിജസ്ഥിതിയെ ഗുരു പഠിപ്പിച്ചു. മനുഷ്യസാഹോദര്യത്തിന് തടസ്സമാകുന്ന ജാതി, മതംപോലുള്ള രൂഢമൂലമായ വിശ്വാസങ്ങളുടെ നിരര്‍ഥകത ഗുരു വ്യക്തമാക്കി.

ജാതിയെയും മതത്തെയും ദൈവത്തെയുമൊക്കെ നിര്‍വചിക്കുകയും വിലയിരുത്തുകയും വ്യക്തമാക്കുകയും ചെയ്തു. മനുഷ്യന് മനുഷ്യത്വമല്ലാതെ മറ്റൊരു ജാതിയുമില്ലെന്ന് ഗുരു അസന്ദിഗ‌്ധമായി പ്രഖ്യാപിച്ചു. ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍ എന്നൊക്കെയുള്ള തരംതിരിവ‌് ശുദ്ധ അസംബന്ധമാണെന്ന് ഗുരു ബോധ്യപ്പെടുത്തി. നൂറ്റാണ്ടുകളായി ഭാരതത്തെ ഭരിച്ചിരുന്ന ചാതുര്‍വര്‍ണ്യവ്യസ്ഥയോടുള്ള നിലപാട് ഗുരുവിനെ ഭാരതത്തില്‍ അദ്വിതീയനാക്കി. മതത്തിന്റെ പൊള്ളത്തരങ്ങള്‍ സധൈര്യം വ്യക്തമാക്കുകയും മനുഷ്യനെ മതങ്ങള്‍ക്കതീതമായ നിലയിലേക്കുയര്‍ത്തുകയും ചെയ‌്തു. മതാന്ധത ബാധിച്ചവര്‍ സമൂഹത്തില്‍ സൃഷ്ടിച്ചേക്കാവുന്ന വലിയ വിപത്തിനെ പ്രതിരോധിക്കാനായി സര്‍വമത സമ്മേളനവും മതമഹാപാഠശാലയും ആരംഭിക്കാന്‍ ഗുരു നിഷ‌്കര്‍ഷിച്ചു. മതത്തെ അറിയാത്ത മതവിശ്വാസികളുടെ എണ്ണം വര്‍ധിപ്പിച്ച്‌ അധികാരത്തിലേക്കുള്ള കുറുക്കുവഴിതേടുന്ന പൗരോഹിത്യമതങ്ങള്‍ക്ക് ഗുരുദര്‍ശനം എന്നും കണ്ണിലെ കരടാണ്.

ദൈവദശകമെന്ന മഹത്തായ രചന ലോകാത്ഭുതമാണ്. തന്നില്‍നിന്ന‌് അന്യമല്ലാത്തൊരു ദൈവത്തെയാണ് ഗുരു ദൈവദശകത്തില്‍ അവതരിപ്പിക്കുന്നത്. മനുഷ്യന് അപ്രാപ്യമാക്കി മതം അത്യുന്നതങ്ങളില്‍ സൂക്ഷിച്ചിരുന്ന ദൈവത്തെ സ്വതന്ത്രവും വ്യക്തിനിഷ‌്ഠവുമാക്കിയതിലൂടെ വിശ്വാസത്തിലെ വിപ്ലവമാണ‌് ഗുരു സാധ്യമാക്കിയത്. മനുഷ്യന്റെ സാഹോദര്യത്തെ തകര്‍ത്ത് ദൈവത്തിന്റെയും ആചാരങ്ങളുടെയും പേരില്‍ ഭയപ്പെടുത്തി മനുഷ്യനെ കൊള്ളയടിക്കുന്ന മതങ്ങള്‍ക്കതീതമായി മാനവികതയെ സംസ്ഥാപിച്ച ഗുരു മനുഷ്യസ്നേഹത്തിന്റെ ഉത്തമപ്രതീകമാണ്. മരുത്വാമലയില്‍നിന്ന‌് മലയിറങ്ങിയ ഈ മഹാഗുരു മനുഷ്യനെ വല്ലാതെ സ‌്നേഹിച്ചിരുന്നു. ഗുരു കാണിച്ച സ‌്നേഹത്തിന്റെ വഴിയെ ലോകം സഞ്ചരിച്ച്‌ സര്‍വരും സോദരത്വേന വാഴുവാന്‍ ഈ സുദിനം പ്രേരകമാകട്ടെ.

(ശ്രീനാരായണ അന്തര്‍ദേശീയ പഠനകേന്ദ്രം ഡയറക്‌ടറാണ‌് ലേഖകന്‍)

Related News