Loading ...

Home peace

ശബരിമല: വിധിയും വിശ്വാസവും



എന്താണ‌് ക്ഷേത്രസംസ‌്കാരം, ആരാധന എന്നത‌് കൃത്യമായി അറിയാതെ വരുമ്ബോഴാണ‌് ജനങ്ങളെ വേഗം തെറ്റിദ്ധരിപ്പിക്കാന്‍ കഴിയുന്നത‌്. എങ്ങനെ ഈ തെറ്റിദ്ധാരണയുണ്ടാക്കുന്നു എന്നതിനെക്കുറിച്ച‌് സ്വാമി വിവേകാനന്ദന്‍ കൃത്യമായി പറഞ്ഞിട്ടുണ്ട‌്. വിവേകാനന്ദന്റെ മത പാര്‍ലമെന്റ‌് പ്രസംഗത്തിന്റെ അവസാനഭാഗത്ത‌് മൂഢമായ കടുംപിടിത്തത്തെപ്പറ്റി പറയുന്നു. ഒരു തരത്തിലുള്ള യുക്തിയുടെയോ ധര്‍മത്തിന്റെയോ ഒന്നും പിന്‍ബലമില്ലാത്ത വാദങ്ങളെയാണ‌് മൂഢമെന്ന‌് ഉദ്ദേശിക്കുന്നത‌്. മൂഢമായ കടുംപിടിത്തം, വിഭാഗീയത ഇവയില്‍നിന്നാണ‌് മതഭ്രാന്ത‌് ഉണ്ടാകുന്നത‌്. മതഭ്രാന്തിനെ കൊടുംപിശാചുക്കള്‍ എന്നാണ‌് വിവേകാനന്ദന്‍ വിശേഷിപ്പിച്ചത‌്. ഇൗ പിശാചുക്കളാണ‌് ഭൂമിയില്‍ എപ്പോഴും രക്തം വീഴ‌്ത്തുന്നത‌്‌. ഇവ ഇല്ലായിരുന്നെങ്കില്‍ ഭൂമി എത്ര സുന്ദരമായേനെയെന്ന‌് പ്രത്യാശിക്കുന്നുമുണ്ട‌്. അവരുടെ മരണമണിയാണ‌് ഈ പുലര്‍കാലത്ത‌് മുഴങ്ങിയ മണിയെന്നു പറഞ്ഞുകൊണ്ടാണ‌് അദ്ദേഹം പ്രസംഗം അവസാനിപ്പിക്കുന്നത‌്. അദ്ദേഹം 125 വര്‍ഷംമുമ്ബ‌് പറഞ്ഞതിന‌് കേരളം സാക്ഷ്യംവഹിക്കുകയാണ‌്. അതെന്താണെന്ന‌് ചോദിച്ചാല്‍ ശബരിമലയുമായി ബന്ധപ്പെട്ട നാമജപമെന്ന‌് പറഞ്ഞുനടക്കുന്നത‌് വ്യക്തമായ രാഷ്ട്രീയലക്ഷ്യത്തോടെയുള്ള തെറിവിളിയാണ‌്.

കോടതിവിധിയും വിശ്വാസവും 
ഇവിടെ ഒരു ഭക്തന്‍ ചോദിക്കുകയാണ‌് ഇപ്പോഴത്തെ കോടതിവിധി ഏതെങ്കിലുംവിധത്തില്‍ വിശ്വാസത്തെ ഹനിക്കുന്നതാണോയെന്ന‌്. അത്തരത്തിലുള്ള ഒരു പരാമര്‍ശവുമില്ലെന്നാണ‌് അതിനുത്തരം. സ‌്ത്രീകളെ പ്രവേശിപ്പിക്കാത്ത തെറ്റായ കീഴ‌്‌വഴക്കത്തെയാണ‌് കോടതി ഉന്മൂലനം ചെയ‌്തത‌്. വിലക്കിന‌ു കാരണമായി പറഞ്ഞത‌് സ‌്ത്രീകള്‍ക്ക‌് 41 ദിവസം വ്രതമെടുക്കാന്‍ കഴിയില്ലെന്നാണ‌്. ആ വാദം അസംബന്ധവും വിവരക്കേടുമാണ‌്. നമ്മുടെ പുരാണങ്ങളിലും ഇതിഹാസങ്ങളിലും എത്രയോ കാലങ്ങള്‍, ഉദാഹരണത്തിന‌് ഏറ്റവും വലിയ വ്രതം ചാതുര്‍മാസ വ്രതമാണ‌്. നാലുമാസം നീളുന്ന ഈ വ്രതം സ‌്ത്രീകള്‍ അനുഷ‌്ഠിക്കുന്നുണ്ട‌്. വ്രതം സ്വീകരിക്കുന്നത‌് മനസ്സാണ‌് ശരീരമല്ല. മനസ്സ‌് ചാഞ്ചാടുമ്ബോഴാണ‌് വ്രതം ഇല്ലാതാകുന്നത‌്; അത‌് സ‌്ത്രീയായാലും പുരുഷനായാലും. സ‌്ത്രീകളെ പണ്ട‌് വിലക്കിയിരുന്നത‌് ആ പ്രദേശത്തിന്റെ പ്രത്യേകത കൊണ്ടുമാത്രമാണ‌്. കാലം മാറിയപ്പോള്‍ മാറ്റം ഉള്‍ക്കൊള്ളാന്‍ തയ്യാറാകണം.

മറ്റൊരു വാദം പ്രതിഷ‌്ഠയുടെ സ്വഭാവം ബ്രഹ്മചര്യമാണെന്നതാണ‌്. ഇത‌് കൃത്യമായി കോടതിയെയോ ജനങ്ങളെയോ ബോധിപ്പിക്കാന്‍ ഇവര്‍ക്കായിട്ടില്ല. എവിടെയാണ‌് ഇങ്ങനെയൊരു ബ്രഹ്മചര്യത്തെപ്പറ്റി പറയുന്നത‌്. ശബരിമല ശ്രീധര്‍മശാസ‌്താക്ഷേത്രം എന്നാണ‌് അറിയപ്പെടുന്നത‌്. ഐതിഹ്യപ്രകാരം പരശുരാമന്‍ പ്രതിഷ‌്ഠ നടത്തിയ ശാസ‌്താവാണ‌് അവിടെ. സാമാന്യരൂപത്തില്‍ ആളുകള്‍ അറിയുന്നത‌് അയ്യപ്പന്‍ ശാസ‌്താവില്‍ ലയിച്ചെന്നും. അങ്ങനെയാകുമ്ബോള്‍ ശാസ‌്താവില്ലാതാകുന്നില്ല. നദി അറബിക്കടലില്‍ ചേര്‍ന്നാല്‍ പിന്നീടത‌് കടലാണ‌്. ഒരിക്കലും അതിനെ പിന്നെ നദി എന്നാരും വിളിക്കില്ല. ഗുരുവായൂര്‍ കേശവന്‍ പോയി ഗുരുവായൂരില്‍ ലയിച്ചെന്നാണ‌് പറയുന്നത‌്. അപ്പോളവിടെ കേശവന്റെയല്ല, പ്രതിഷ‌്ഠ ഗുരുവായൂരപ്പന്റേതാണ‌്. ഏതേത‌് മൂര്‍ത്തികളെയാണോ ഒരാള്‍ ആരാധിക്കുന്നത‌് അയാള്‍ ആ മൂര്‍ത്തിയില്‍ വിലയംപ്രാപിക്കുന്നു എന്നാണ‌് ഹിന്ദുമത സങ്കല്‍പ്പം. അത്തരത്തില്‍ അയ്യപ്പന്‍ ശാസ‌്താവിനെ പൂജിച്ച ആളായിരിക്കാം‌. ഇവിടെ ചോദ്യം ശാസ‌്താവിന്റെ സ്വഭാവത്തില്‍ എങ്ങനെയാണ‌് അയ്യപ്പന്റെ സ്വഭാവം കടന്നുകൂടുക. അയ്യപ്പന്‍ കടുത്ത സ‌്ത്രീവിരോധിയോ ബ്രഹ്മചാരിയോ ആയ ആളായിരുന്നെങ്കില്‍ അത‌് എങ്ങനെയാണ‌് ശാസ‌്താവിലേക്ക‌് ആരോപിക്കപ്പെടുന്നത‌്. ശാസ‌്താവിന്റെ പ്രതിഷ‌്ഠ ശബരിമലയില്‍ തന്ത്രസമുച്ചയപ്രകാരം ഭാര്യയോടും മകനോടുംകൂടിയാണ‌്. അത‌് ധ്യാനശ്ലോകത്തില്‍ വ്യക്തമാണ‌്. അയ്യപ്പന്‍ ശാസ‌്താവില്‍ ലയിച്ചപ്പോള്‍ ശാസ‌്താവ‌്, മോനും ഭാര്യയും പുറത്തുപോകട്ടെയെന്നും സ‌്ത്രീകളാരും ഇങ്ങോട്ടുവരേണ്ടയെന്നും തീരുമാനിച്ചതായി എവിടെയെങ്കിലും എഴുതിവച്ചിട്ടുണ്ടോ ?.

à´† ആചാരങ്ങള്‍ എവിടെപ്പോയി 
ശബരിമലയില്‍ തുടര്‍ന്നുവന്ന ശ്രദ്ധേയമായ പല ആചാരങ്ങളും സവര്‍ണമേധാവികളുടെ താല്‍പ്പര്യത്തിനായി നിര്‍ത്തലാക്കിയ ചരിത്രമുണ്ട‌്. ആദ്യം അവിടത്തെ ആചാരമാറ്റത്തെക്കുറിച്ച‌് പറയാം.

കുറച്ച‌് വര്‍ഷംമുമ്ബ‌് ശബരിമലയില്‍ ആദിവാസികള്‍ക്ക‌് കരാറടിസ്ഥാനത്തില്‍ ജോലി കൊടുത്തിരുന്നു. വാസ‌്തവത്തില്‍ കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യേണ്ടവരല്ല ആദിവാസികള്‍‌. കാരണം പണ്ടുകാലത്ത‌് ഊരുമൂപ്പനും ആദിവാസികളും ഘോഷയാത്രയായെത്തി ഭഗവാനെ തേനഭിഷേകം ചെയ്യും. ഊരുമൂപ്പന്‍ ശ്രീകോവിലില്‍ കയറിയാണ‌് അഭിഷേകം നടത്തുന്നത‌്. à´† ആചാരം ആരാണ‌് നിര്‍ത്തിച്ചത‌്? അവസാനം തേന്‍ കൊണ്ടുവന്ന‌് ആദിവാസികള്‍ അത‌് കൊടിമരച്ചുവട്ടില്‍ വയ‌്ക്കുകയെന്നാക്കി. തന്ത്രി അഥവാ സവര്‍ണര്‍ കൊണ്ടുപോയി അഭിഷേകം നടത്തിയാല്‍ മതിയെന്നാക്കി. കാര്യങ്ങള്‍ വ്യക്തമാക്കി പൗരോഹിത്യവര്‍ഗത്തിന്റെ മേല്‍ക്കോയ‌്മയ‌്ക്ക‌ു വേണ്ടിയാണ‌് അത‌് അട്ടിമറിച്ചത‌്. 
ആദിവാസികള്‍ ശ്രീകോവിലിനുള്ളില്‍ കയറി അഭിഷേകം നടത്തുന്നുവെന്നതിന‌് വലിയ തലങ്ങളുണ്ട‌്. ശബരിമലയുടെ ഔന്നിത്യത്തെ പതിന്മടങ്ങ‌് ഉയര്‍ത്തുന്ന ചടങ്ങിന്റെ കടയ‌്ക്കലാണ‌് കത്തിവച്ചത‌്. അതിന‌് കൂട്ടുനിന്നവരാണ‌് ഇന്ന‌് ശബരിമല സംരക്ഷണമെന്നു പറഞ്ഞ‌് തെരുവിലിറങ്ങുന്നത‌്.

ചരിത്രഗ്രന്ഥങ്ങളില്‍ ഇല്ലാത്ത വാദങ്ങള്‍ 
കേരളത്തിലെ ഭൂരിഭാഗം ക്ഷേത്രങ്ങളുടെയും ഐതിഹ്യം പറയുന്ന പുസ‌്തകമാണ‌് കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാല. ഇതില്‍ എവിടെയും നൈഷ‌്ഠിക ബ്രഹ്മചര്യത്തെപ്പറ്റിയോ പ്രേമകഥയോ ഒന്നും വരുന്നില്ല. ഇതെല്ലാം പിന്നീട‌് ചിലര്‍ തട്ടിക്കൂട്ടി ഉണ്ടാക്കിയതാണ‌്. അയ്യപ്പന്‍ പോയി ശാസ‌്താവില്‍ ലയിച്ചെന്ന‌് മാത്രമാണ‌് ഐതിഹ്യമാലയിലുള്ളത‌്. ഐതിഹ്യമാലയില്‍ പറയുന്നതിങ്ങനെ 'ശബരിമലയിലെ പ്രധാന ദേവന്‍ ശാസ‌്താവ‌് തന്നെയെങ്കിലും അവിടെ വേറെ ചില മൂര്‍ത്തികളെയും കുടിയിരുത്തിയിട്ടുണ്ട‌്. അവയില്‍ പ്രധാനം ഭദ്രകാളിയാണ‌്. ഭദ്രകാളിയെ കുടിയിരുത്തിയിരിക്കുന്നത‌് രണ്ടു നിലയുള്ള മാളികയുടെ മുകളിലെ നിലയിലാണ‌്. അതിനാല്‍ ആ ഭഗവതി മാളികപ്പുറത്തമ്മ എന്നു പറഞ്ഞുവരുന്നു. ഇതുകൂടാതെ വാവരുസ്വാമി, കടുത്തസ്വാമി എന്ന രണ്ട‌് മൂര്‍ത്തികളുണ്ട‌്. വാവരു സ്വാമി ജാതിയില്‍ മുഹമ്മദീയനും കടുത്തസ്വാമി ഈഴവനുമാണ‌്. രണ്ടുപേരും അയ്യപ്പസ്വാമിയുടെ ആജ്ഞാകാരന്‍മാരായിരുന്നു. അവര്‍ ചരമഗതിയെ പ്രാപിച്ചിട്ടും അയ്യപ്പസ്വാമിയെ വിട്ടുപോകാന്‍ മനസ്സില്ലാതെ അയ്യപ്പസന്നിധിയില്‍ തന്നെ നിന്നതിനാലാണ‌് അവിടെ കുടിയിരുത്തിയത‌്. ഈ മൂന്ന‌് ഉഗ്രമൂര്‍ത്തികളെയും ഉദ്ദേശിച്ചാണ‌് മകരം ഏഴിന‌് അവിടെ ഗുരുതി കഴിച്ചിരുന്നത‌്‌ '. നിലവില്‍ അവിടെ കടുത്തസ്വാമിക്ക‌് സ്ഥാനമില്ല. ഈ ചടങ്ങുകളൊന്നും ഇല്ല. ഈഴവനായ മൂര്‍ത്തിയെ പുറത്താക്കിയതിന‌ു പിന്നില്‍ സവര്‍ണരുടെ ഇടപെടലാണ‌്. ഒരുകാലത്ത‌് അവര്‍ണരുടെ പ്രധാന തീര്‍ഥാടനകേന്ദ്രമായിരുന്നു ശബരിമല. ദേവസ്വം രേഖകളില്‍ ശബരിമലയില്‍ കുഞ്ഞൂണ‌് നടന്നതിന‌് തെളിവുകളുണ്ട‌്. യുവതികള്‍ പ്രവേശിച്ചിട്ടുണ്ട‌്. ഒരിടത്തും സ‌്ത്രീക്ക‌് വിലക്കേര്‍പ്പെടുത്തണമെന്ന‌് പറഞ്ഞിട്ടില്ല. 1991ല്‍ ജസ‌്റ്റിസ‌് പരിപൂര്‍ണന്‍ ഒരു വിധിയുണ്ടാക്കി. അത‌് ഉയര്‍ത്തിപ്പിടിച്ചാണ‌് ചിലര്‍ തെളിവെന്നുപറഞ്ഞ‌് നടക്കുന്നത‌്.

പൊള്ളയായ വാദങ്ങള്‍ 
ധര്‍മശാസ‌്ത്രത്തിന്റെ പിന്‍ബലമില്ലാത്ത, തന്ത്രശാസ‌്ത്രത്തിന്റെ പിന്‍ബലമില്ലാത്ത, യുക്തിയുമില്ലാത്തതാണ‌് പ്രശ്നമുണ്ടാക്കുന്നവര്‍ ഉന്നയിക്കുന്ന വാദങ്ങള്‍. വേദം നിഗമവും തന്ത്രശാസ‌്ത്രം ആഗമവുമാണ‌്. അപ്പോള്‍ നിഗമത്തിന്റെയും ആഗമത്തിന്റെയും പിന്‍ബലമില്ലാത്ത യുക്തിയുമില്ലാത്ത വാദങ്ങളാണ‌് നിരത്തുന്നത‌്. എല്ലാ പ്രായത്തിലുമുള്ള സ‌്ത്രീകളും പ്രവേശിച്ചാല്‍ ശബരിമലയുടെ യശസ്സ‌് വര്‍ധിക്കും. കാരണം ശബരി എന്ന സ‌്ത്രീയുടെ പേരിലാണ‌് ആ മല. കോടതിയില്‍ പരസ‌്പരവിരുദ്ധമായ കഥകളാണ‌് സ‌്ത്രീപ്രവേശനം തടയാന്‍ ഇവര്‍ പറഞ്ഞത‌്. കോടതി അത്തരം പൊള്ളയായ കഥകളെല്ലാം തള്ളി നീതി നടപ്പാക്കി. ഇപ്പോള്‍ ചിലരുടെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടിയുള്ള കോപ്രായങ്ങളാണ‌് തെരുവുകളില്‍. ഭക്തന്‍മാര്‍ ദൈവത്തിന‌ുവേണ്ടി സമരം ചെയ്യേണ്ട ആവശ്യമില്ല. ഭക്തന്റെ സമരം അവനോടു തന്നെയാണ‌്. തന്നിലെ ദുര്‍ഗുണങ്ങളെ ജയിക്കാന്‍ അവന്‍ അവനോട‌് ചെയ്യുന്ന സമരത്തെയാണ‌് ഭക്തിമാര്‍ഗമെന്നു പറയുന്നത‌്. സ്വാമി ശരണവും ഒപ്പം മുഖ്യമന്ത്രിയെ തെറിയും വിളിക്കുന്നത‌് ഭക്തിപ്രകടനമല്ല. ശരണമന്ത്രങ്ങള്‍ ശാന്തിയും സമാധാനവും ഉണ്ടാക്കാന്‍ വേണ്ടിയുള്ളതാണ‌്.

തുല്യതയുടെ വിധിയെ അംഗീകരിക്കണം 
കുഴിക്കാട്ട‌് പച്ചയാണ‌് തന്ത്രത്തെ സംബന്ധിക്കുന്ന ഗ്രന്ഥം. ഇതില്‍ ശാസ‌്താവിന്റെ ബിംബശുദ്ധി വരുത്തേണ്ടത‌് കാട്ടുപന്നിയുടെ തേറ്റയില്‍ നിന്നെടുത്ത മണ്ണ‌്, ആനക്കൊമ്ബില്‍നിന്നുള്ള മണ്ണ‌് എന്നിവ കൊണ്ടു വന്നുവേണം. ഇതാണ‌് ആചാരം. ഇതൊക്കെ കാലങ്ങള്‍ക്കു മുമ്ബേ മാറി. ശബരിമലയിലെ ആചാരം അടിമുടി മാറിയിട്ടുള്ളതാണ‌്. ഒരിക്കലും മാറ്റാന്‍ പാടില്ലാത്ത ശബരിമലയുടെ യശസ്സ‌് വാനോളം ഉയര്‍ത്തുന്ന, പൂര്‍വികര്‍ ഏറ്റവും ഉദാത്തമായി കല്‍പ്പിച്ചിട്ടുള്ള അതിന്റെ താല്‍പ്പര്യങ്ങളെ മുഴുവന്‍ ബലികഴിച്ച‌് ആചാരങ്ങള്‍ ഇപ്പോള്‍ സമരം നടത്തുന്ന സവര്‍ണമേധാവികള്‍ മാറ്റിയിട്ടുണ്ട‌്. ജെല്ലിക്കെട്ട‌് എന്നുപറഞ്ഞ‌് പേടിപ്പിക്കാന്‍ ചെന്നാല്‍ പള്ളിക്കെട്ട‌് തലയിലേന്തി വരുന്ന ഭക്ത/ഭക്തന്‍ പുറംകാലുകൊണ്ട‌് തൊഴിക്കും. എന്തു തടസ്സം സൃഷ്ടിച്ചാലും ശബരിമലയിലേക്കുള്ള ഭക്തകളുടെ പ്രവാഹം തടയാനാകില്ല.

രാമന്‍ വിജയിച്ചില്ല ഇനി അയ്യപ്പന്‍ ശരണം 
കേരളത്തില്‍ രാമന്‍ വിജയിക്കാത്തതുകൊണ്ട‌് അയ്യപ്പനെ ഉപയോഗിക്കാന്‍ ഒരുവിഭാഗം ശ്രമിക്കുകയാണ‌്. ശ്രീരാമനിലൂടെ ഒരു വര്‍ഗീയ കലാപവും വര്‍ഗീയ ധ്രുവീകരണവും കേരളത്തില്‍ ലക്ഷ്യമിട്ടെങ്കിലും സാധിച്ചില്ല. അതിന്റെ സൂത്രധാരരായ ചില തല്‍പ്പരകക്ഷികള്‍ അയ്യപ്പനിലൂടെ ആ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുകയാണ‌്. എങ്ങനെയെങ്കിലും നാലു വോട്ട‌് നേടാനുള്ള ലക്ഷ്യമാണ‌് ഇവര്‍ക്ക‌്. മഹാത്മാ ഗാന്ധിയുടെ പിന്മുറക്കാരായ കോണ്‍ഗ്രസിന്റെ നിലപാടാണ‌് എന്നെ അത്ഭുതപ്പെടുത്തുന്നത‌്. വൈക്കം സത്യഗ്രഹത്തില്‍ പങ്കെടുക്കാനെത്തിയ ഗാന്ധിയെപ്പോലും അന്ന‌് ചിലര്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, ഗാന്ധിജി സത്യം തിരിച്ചറിഞ്ഞു. ആ ഗാന്ധിയില്‍നിന്ന‌് ഇന്നത്തെ കോണ്‍ഗ്രസ‌് നേതാക്കളിലേക്കുള്ള ദൂരം വളരെ വലുതാണ‌്.

ചരിത്രപരമായ കോടതിവിധിക്കെതിരെ ചിലര്‍ നടത്തുന്ന സമരത്തെ തുറന്നുകാട്ടാനും കേരളത്തിന്റെ നവോത്ഥാന മനസ്സ‌് മുന്നോട്ടുവരണം. കുപ്രചാരണങ്ങള്‍ക്കെതിരെ സത്യാവസ്ഥ ജനങ്ങളെയും വിശ്വാസികളെയും ബോധ്യപ്പെടുത്താന്‍ എല്ലാ സാഹിത്യ-സാംസ‌്കാരിക പ്രവര്‍ത്തകരും രംഗത്തുവരണം. കാരണം, ഇത‌് കേരളമാണ‌്. ശ്രീനാരായണ ഗുരുവിന്റെയും അയ്യന്‍കാളിയുടെയും ചട്ടമ്ബിസ്വാമിയുടെയും പിന്മുറക്കാരാണ‌് നമ്മള്‍.

Couresy: Deshabhimani

Related News