Loading ...

Home peace

പ്രത്യാശ ഇന്ത്യയിലെ സാധാരണ മനുഷ്യരില്‍

അഭിമുഖം 
സുനില്‍ പി ഇളയിടം/ മനില സി മോഹന്‍

ഐതിഹ്യകഥകളായ മഹാഭാരതത്തിന്റെയും രാമായണത്തിന്റെയുമൊക്കെ കാലികവും രാഷ്ട്രീയവുമായ വായനകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് താങ്കള്‍. ഇന്ത്യന്‍ സംസ്കാരത്തിന്റെ ഭാഗമായ അത്തരം മൂലവാക്യങ്ങള്‍ ഹിന്ദുത്വവാദികളുടെ കുത്തകയായി വിട്ടുകൊടുക്കേണ്ടതില്ല എന്ന വാദത്തെ വാദത്തിനുവേണ്ടി അംഗീകരിച്ചാല്‍ത്തന്നെയും ആ ഐതിഹ്യകഥകള്‍ക്ക്, ആത്യന്തികമായി അത് കഥകളാണല്ലോ! കൂടുതല്‍ സ്വീകാര്യതയുണ്ടാക്കിക്കൊടുക്കലല്ലേ അത് എന്ന് വിമര്‍ശനമുന്നയിച്ചാല്‍ എന്തു പറയും? കാരണം അതിന്റെ അടിത്തറ ഉറപ്പായും മതകീയമാണല്ലോ. കഥകളുടെ രാഷ്ട്രീയ വ്യാഖ്യാനങ്ങളേക്കാള്‍ പ്രധാനമല്ലേ ചരിത്രത്തിന്റെ ഓര്‍മപ്പെടുത്തലും രാഷ്ട്രീയ വ്യാഖ്യാനങ്ങളും എന്നാണ് ചോദ്യം.
ഞാനിപ്പോ അതിനെ കാണുന്ന രീതി, ഒരു ആശയം ജനങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അതിനെ ഒരു ഭൗതികശക്തിയായിട്ട് വേണം കാണാന്‍. ഇപ്പോള്‍ ദേശീയത ഒരു ആശയമാണല്ലോ? ദേശീയതയ്ക്ക് എവിടെയാണ് വസ‌്തുതാപരമായ ഭൗതിക അടിസ്ഥാനമുള്ളത്? ഒന്നുമില്ല. ദേശീയത ജനങ്ങളുടെ ഒരു ബോധ്യമാണ്. പക്ഷേ അത് പ്രവര്‍ത്തിക്കുന്നുണ്ടല്ലോ. അതുപോലെ, മതമെന്നത് ഭൗതികമായ ഒരു ശക്തിയായി സമൂഹത്തില്‍ ഇടപെട്ടുകൊണ്ടിരിക്കുന്നുണ്ട്. അതിനെ ആളുകളുടെ തെറ്റിദ്ധാരണയായിട്ടോ വിശ്വാസവ്യവസ്ഥയായിട്ടോമാത്രം ചുരുക്കിക്കാണരുത്. അത് രണ്ടും അതിനകത്തുണ്ട്. അതിനപ്പുറം അതിന് ആളുകളില്‍ പ്രവര്‍ത്തിക്കാനുള്ള ശക്തിയായി മാറാന്‍ കഴിയുന്നുണ്ട്.

ഐതിഹ്യത്തെയും ചരിത്രത്തെയും തമ്മില്‍ ചേര്‍ക്കുമ്ബോള്‍ പ്രശ‌്നമില്ലേ? 
ഐതിഹ്യത്തിന്റെ ചരിത്രം പറയണം എന്നാണ് ഞാന്‍ പറയുന്നത്. എങ്ങനെയാണ് ഇങ്ങനെയൊരു ഐതിഹ്യം വന്നത്. ഒരു ഐതിഹ്യത്തിന്റെ രൂപപ്പെടലിനുള്ളില്‍ ഒരു ജനതയുടെ ഏതെങ്കിലും തരത്തിലുള്ള സാമൂഹ്യ--ചരിത്രസങ്കല്‍പ്പം പ്രവര്‍ത്തിക്കുന്നുണ്ടാകും. അതെന്താണ് എന്ന് പറയുക വഴിയാണല്ലോ അതിലുള്ള അതിഭൗതികതയെ ഒഴിവാക്കാന്‍ പറ്റുക. അല്ലാതെ അത് ഒരു ഐതിഹ്യമാണ് എന്നുപറഞ്ഞ് ഒറ്റയടിക്ക് പുറത്താക്കിക്കഴിഞ്ഞാല്‍ നമുക്ക് തര്‍ക്കിച്ച്‌ പുറത്താക്കാം എന്നേയുള്ളൂ. അല്ലാതെ നാട്ടുകാരുടെ ഉള്ളില്‍നിന്ന് പോവില്ല.

കുടുംബത്തിനകത്ത് വരുത്തേണ്ട മാറ്റങ്ങള്‍ പറയാതിരിക്കുകയും ഒരു ക്ഷേത്രാചാരത്തെ മുന്‍നിര്‍ത്തി ശരീരത്തിന്റെ ജീവശാസ‌്ത്രപരമായ പ്രക്രിയ വിശദീകരിക്കേണ്ടിവരുകയും ചെയ്യുന്നത് യഥാര്‍ഥത്തില്‍ അസംബന്ധമല്ലേ? അതിനുള്ളില്‍ വൈരുധ്യമില്ലേ?
ഉറപ്പായും ഉണ്ട്. ഞാന്‍ നേരത്തെ പറഞ്ഞ കാര്യം അതാണ്. നമ്മുടെ സമൂഹത്തില്‍ ജനാധിപത്യവല്‍ക്കരിച്ചെടുക്കേണ്ട ഒരുപാട് കാര്യങ്ങളില്‍നിന്ന് വിട്ടുനിന്നിട്ട് ഇപ്പറയുന്നതില്‍ വൈരുധ്യമുണ്ട്. വാസ‌്തവത്തില്‍ ഇത്രയും വിദ്യാഭ്യാസമാര്‍ജിച്ചിട്ടുള്ള ഒരു പൊതുസമൂഹത്തില്‍ ആര്‍ത്തവത്തെക്കുറിച്ച്‌ നമ്മള്‍ ഇങ്ങനെ സംസാരിക്കുന്നത്, ഒരു സമൂഹം എന്ന നിലയില്‍ വളരെ ലജ്ജാകരമാണ്. എംഎസ‌്‌സിയും ബിഎസ‌്‌സിയുമൊക്കെ പാസായ ആളുകളാണ് ആര്‍ത്തവം അശുദ്ധിയാണ് എന്നുപറഞ്ഞ് റോഡില്‍ കൈകൊട്ടും പാട്ടുമൊക്കെയായി നടക്കുന്നത്.

പിന്നെ അവര്‍ നേടിയ അറിവിന് എന്ത് നീതിയാണുള്ളത്? 
കേരളത്തില്‍ കഴിഞ്ഞ കുറേക്കാലമായി സംഭവിച്ച കാര്യം, അറിവുണ്ട്, പക്ഷേ ആ അറിവ് വിവരമാണ്, അവബോധമല്ല. അതുകൊണ്ട് എംഎസ‌്സി പാസായാലും ശാസ‌്ത്രീയമായ ധാരണ ഉണ്ടാകില്ല. അങ്ങനെയൊരു പ്രശ്നമുണ്ടല്ലോ. ഏതൊരു അറിവിനെയും കേവല വിവരമാക്കുകയും അതിന്റെ സാമൂഹിക ഉള്ളടക്കത്തെ ചോര്‍ത്തിക്കളയുകയുംചെയ്യുന്ന ഒരു വലിയ മാറ്റമുണ്ട്. അതിവിടെ വളരെ കൂടുതലാണ്. അത് ആര്‍ത്തവത്തിലുമുണ്ട്. അത് സ്വാഭാവികമായും നേരത്തേപറഞ്ഞ ഗാര്‍ഹികതയുടെ ഉള്ളിലേക്കും വരും. അത് വീടിനകത്ത് മാത്രമല്ല, വിദ്യാഭ്യാസത്തിലും ചെയ്യുന്നില്ല. ഉന്നതവിദ്യാഭ്യാസം നേടിയിട്ട് പിന്‍വാങ്ങിപ്പോകുന്ന എത്രയോ സ്ത്രീകളുണ്ട്.

കോണ്‍ഗ്രസ‌് പാര്‍ടിയുടെ രാഷ്ട്രീയാപചയത്തെ സമീപകാല രാഷ്ട്രീയകാലാവസ്ഥയുടെ അടിസ്ഥാനത്തില്‍ എങ്ങനെയാണ് വിലയിരുത്തുന്നത്? ദേശീയതലത്തിലും സംസ്ഥാന തലത്തിലും? 
കോണ്‍ഗ്രസ‌് അവരുടെ അടിസ്ഥാനത്തെ വല്ലാതെ കൈമോശപ്പെടുത്തിയിട്ടാണ് ഇപ്പോള്‍ ഈ നിലപാടെടുക്കുന്നത്. കോണ്‍ഗ്രസിനകത്ത് എല്ലാക്കാലവും ഒരു ഇടതുപക്ഷവും വലതുപക്ഷവും ഉണ്ടായിരുന്നു. തുടക്കംമുതല്‍തന്നെ ഉണ്ടായിരുന്നു. ഹിന്ദുത്വത്തിനോട് ചേര്‍ന്ന് പോകുന്ന ഒരു പാരമ്ബര്യവുമുണ്ട്, ഹിന്ദുത്വത്തിന് എതിര് നിന്ന പാരമ്ബര്യവുമുണ്ട്. കേരളത്തിന്റെ ദീര്‍ഘചരിത്രമെടുത്താല്‍ കോണ്‍ഗ്രസ‌് തുടക്കംമുതല്‍ ഒരു സോഷ്യലിസ്റ്റ് വീക്ഷണം നിലനിര്‍ത്തുകയും ആ വഴി വലിയൊരളവോളം പോരുകയും ചെയ‌്തിട്ടുണ്ട‌്. ആ ഒരു അംശത്തെ പൂര്‍ണമായും കൈയൊഴിഞ്ഞിട്ട് ഹിന്ദുത്വത്തിന്റെ ക്യാമ്ബിലേക്ക് ഇത്ര പ്രത്യക്ഷമായി ചെന്നുചേരുന്നത്, ഫലത്തില്‍ കോണ്‍ഗ്രസിന്റെ വലിയൊരു ജനകീയാടിത്തറയെ ഹിന്ദുത്വവല്‍ക്കരിക്കുന്നതിലാണ് എത്തിച്ചേരുക. അത് രാഷ്ട്രീയമായി പ്രതിഫലിക്കുമോ എന്നത‌് പൂര്‍ണമായും പറയാറായിട്ടില്ല. ഹിന്ദുത്വത്തിന്റെ രാഷ്ട്രീയത്തിലേക്ക് കോണ്‍ഗ്രസ‌് അണികളെ നയിക്കുകയാണ‌്. വിവേകമുള്ള നേതാക്കള്‍ പലരും അത് മനസ്സിലാക്കിയിട്ടുണ്ട്. പുറത്ത് വേണ്ടത്ര പറയുന്നില്ലായിരിക്കും, പക്ഷേ അവര്‍ക്ക് ആശങ്കയുണ്ട്. ബാബ‌്റി മസ്ജിദ് തുറന്നുകൊടുത്തതും ഉത്തര്‍പ്രദേശില്‍ സൂത്രപ്പണി നടത്തി ജയിക്കാന്‍ ശ്രമിച്ചതും ഈ നിലപാടിന്റെ ഭാഗമായിരുന്നു. അതിന്റെ അനന്തരഫലം എന്താണ് എന്ന് വെച്ചാല്‍, മുപ്പതുകൊല്ലം കഴിഞ്ഞ് തിരിഞ്ഞുനോക്കുമ്ബോള്‍ കോണ്‍ഗ്രസേ ഇല്ലല്ലോ ഉത്തര്‍പ്രദേശില്‍!.

അയോധ്യയുമായുള്ള ശബരിമലയുടെ സമീകരണം എത്രത്തോളം യുക്തിഭദ്രമാണ്? 
അയോധ്യപോലെ ശബരിമല ആക്കിയെടുക്കല്‍ എളുപ്പമല്ല. അയോധ്യയ്ക്ക് രാമായണമൊക്കെയായുള്ള മിത്തിക്കല്‍ ബന്ധമുണ്ടല്ലോ. ശബരിമലയ്ക്ക് അത്തരം പ്രകടമായ ബന്ധമൊന്നും കൊടുക്കാന്‍ പറ്റില്ല. ഉയര്‍ന്ന വിഭാഗത്തിലുള്ളവരുടെ ഏകീകരണം കുറച്ചൊക്കെ അവര്‍ക്ക് നടത്താന്‍ പറ്റും എന്നല്ലാതെ ഹിന്ദു എന്ന് വിളിക്കപ്പെടുന്ന വിഭാഗങ്ങളെ മുഴുവന്‍ ഇതിന്റെപേരില്‍ കൂട്ടിയിണക്കാനൊന്നും ഹിന്ദുത്വത്തിന് പറ്റില്ല. നായര്‍ സമുദായത്തെ കേന്ദ്രീകരിച്ച്‌ ഒരു ഏകീകരണം നടന്നിട്ടുണ്ട‌്.

ഇവിടെനിന്നുകൊണ്ട് മുന്നിലേക്ക് നോക്കുമ്ബോള്‍ എന്ത് തരത്തിലുള്ള പ്രതീക്ഷയാണ് ഉള്ളത്? 
പലരും നിരാശരാണ്. ഞാന്‍ പക്ഷേ ശുഭാപ്തി വിശ്വാസക്കാരനാണ്. ഇന്ത്യയുടെ രാഷ്ട്രീയത്തെ അങ്ങനെ ഫാസിസം വിഴുങ്ങി, ഇന്ത്യ മുഴുവന്‍ കൈവിട്ടുപോകുമെന്നൊന്നും ഞാന്‍ കരുതുന്നില്ല. കേരളത്തെ സംബന്ധിച്ച്‌ അത്രപോലും കരുതുന്നില്ല. പ്രയാസങ്ങളുണ്ട്. പക്ഷേ കൈവിട്ടുപോകുന്ന രീതിയില്‍ എല്ലാം നശിച്ചിരിക്കുന്നു എന്ന തോന്നല്‍ എനിക്കില്ല. എന്റെ പ്രത്യാശ വലിയ ബുദ്ധിശാലികളിലൊന്നുമല്ല. ഇന്ത്യയിലെ സാധാരണ മനുഷ്യരുടെ ഒരുതരത്തിലുള്ള ധാര്‍മികശക്തിയില്‍ നമ്മള്‍ വിശ്വസിക്കണം എന്നുതന്നെയാണ് ഞാന്‍ കരുതുന്നത്.

ഞാനെന്നെ സ്വയം കാണുന്നത്, മതേതരമായ, ജനാധിപത്യപരമായ ഒരു മൂല്യവ്യവസ്ഥിതിക്കുവേണ്ടി നമ്മുടെ അറിവുകളെ പൊതുസമൂഹത്തിലേക്ക് എത്തിക്കുന്ന ഒരു പ്രചാരണപ്രവര്‍ത്തകനായിട്ടാണ്. ഒരു പ്രചാരകനായിട്ട്. അതില്‍ക്കവിഞ്ഞ ഒരു അവകാശവാദങ്ങളുമില്ല. ആ പ്രചാരണപ്രവര്‍ത്തനത്തിന്റെ വലിയ ആവശ്യമുണ്ട്.

Related News