Loading ...

Home celebrity

പ്രതിഫലന വെട്ടത്തില്‍ വെയില്‍ കായുന്നവര്‍

ഡോ. വിവേക് പൂന്തിയില്‍ ബാലചന്ദ്രന്‍

കുട്ടിക്കാലത്ത് തമിഴ് നാട്ടില്‍ ജീവിച്ചിരുന്നപ്പോള്‍ ഞാന്‍ മനസ്സിലാക്കിയ ഒരു കാര്യമാണിത്. അവിടെയുള്ളവര്‍ക്ക് പല കാര്യങ്ങളിലും തമ്മില്‍ വിയോജിപ്പുണ്ടെങ്കിലും ഒരു കാര്യത്തില്‍ മഹാ ഭൂരിഭാഗവും ഒറ്റക്കെട്ടാണ്. രജനികാന്തിനോടുള്ള ആരാധനയുടെ കാര്യത്തില്‍. അന്ന്‍ മുത്തു സിനിമ കളിക്കുന്ന തിയേറ്ററിന് മുന്നില്‍ സിനിമയുടെ വിജയത്തിനു വേണ്ടി ഉള്ളംകയ്യില്‍ കത്തിച്ച കര്‍പ്പൂരവുമായി നില്‍ക്കുന്ന ഒരുപാട് ആരാധകരെ നേരിട്ട് കണ്ടിട്ടുണ്ട്. ആ അടങ്ങാത്ത ആരാധനയൊക്കെ കണ്ടതുകൊണ്ടാകണം ഞാനും രജനി ഫാന്‍ ആയി മാറി. വീട്ടിലെ പഴയ ആല്‍ബത്തിലെ ഫോട്ടോകള്‍ (അച്ഛന്‍റെയും അമ്മയുടെതുമടക്കം) മുഴുവന്‍ മാറ്റി രജനീകാന്തിന്‍റെ ഫോട്ടോകള്‍ കൊണ്ട് നിറച്ച്‌ അത് കണ്ട് ആനന്ദ നിര്‍വൃതി അടഞ്ഞത് ഇന്നും ഞാന്‍ ഓര്‍ക്കുന്നു. എന്ത് വട്ടായിരുന്നു അത് എന്ന് പിന്നീട് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. പക്ഷെ, നമ്മില്‍ നല്ലൊരു ശതമാനം ആളുകള്‍ വലുതായത്തിനുശേഷവും ഇത്തരത്തിലുള്ള വട്ടത്തരമൊക്കെ കാണിക്കുന്നുണ്ട് എന്നതല്ലേ സത്യം?


 
ചില മനുഷ്യരെ അളവറ്റ് ആരാധിക്കുന്ന താരാരാധന എന്ന സ്വഭാവം അത്ര നല്ല കാര്യമാണോ. എന്ത്കൊണ്ടാണ് ഒരുപാട് പേര്‍ താരാരാധനയില്‍ ഏര്‍പ്പെടുന്നത്? പല കാരണങ്ങളുണ്ട് അതിന് പിന്നില്‍. 1. ഒരു വലിയ നടനാകണം എന്നതാണ് ഒരാളുടെ ലക്ഷ്യം എന്ന് കരുതുക. അയാള്‍ക്ക് മോഹന്‍ലാലിനേയോ മമ്മൂട്ടിയേയോ അല്ലെങ്കില്‍ അത്പോലുള്ള മറ്റ് നടന്മാരേയോ ആരാധിക്കുന്നത് ഒരുപക്ഷെ അവരുടെ ലക്ഷ്യത്തില്‍ എത്തുന്നതിനു പ്രചോദനം നല്‍കാം. 2. ഒരാളെ ഹീറോ ആയി കണ്ട് നേതാവായി നിയമിച്ച്‌ അയാള്‍ പറയുന്ന കാര്യങ്ങള്‍ കേട്ട് അതനുസരിച്ച്‌ ഒരു കൂട്ടമായി നീങ്ങുന്നതായിരിക്കും എല്ലാവരും നേതാക്കന്മാരായി തമ്മില്‍ അടികൂടി ആകെ കൊളമാക്കുന്നതിലും ഭേദം എന്ന മനുഷ്യ പരിണാമത്തിന്‍റെ ഏതോ ഘട്ടത്തില്‍ വെച്ച്‌ കിട്ടിയ ചിന്തയായിരിക്കാം താരാരാധനയുടെ കാരണം. 3. നമ്മില്‍ എല്ലാവരിലും നാം പുറത്ത് കാണിക്കാത്ത ഒരുപാട് ഗുണങ്ങള്‍ ഒളിഞ്ഞുകിടക്കുന്നുണ്ട്. അവ നല്ലതുമാകാം ചീത്തയുമാകാം. നാം ഒളിപ്പിച്ച്‌ വെച്ചിട്ടുള്ള ആ നല്ല ഗുണങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന പ്രശസ്ഥനായ ഒരു വ്യക്തിയോട് നമുക്ക് ആരാധന തോന്നാം. ഇതിനെ സ്വര്‍ണ നിഴല്‍ (golden shadow) പ്രതിഭാസം എന്ന് പറയും. 4. പ്രശസ്ഥനായ ഒരാളെ ആരാധിക്കുന്നതിലൂടെ ആ പ്രശസ്ഥന്‍റെ നേട്ടങ്ങളെല്ലാം തന്‍റെ കൂടി നേട്ടമാണെന്ന് തോന്നുന്ന ഒരു മാനസിക അവസ്ഥയുണ്ട്. പ്രതിഫലന വെട്ടത്തില്‍ വെയില്‍ കായുക (basking in reflected glory) എന്നാണ് മനശാസ്ത്രത്തില്‍ ഇതിന്റെ പേര്. ഉദാഹരണത്തിന്, ബ്രസീലോ അല്ലെങ്കില്‍ അര്‍ജന്റീനയോ ഫുട്ബോള്‍ ലോകകപ്പില്‍ ജയിക്കുമ്ബോള്‍ കേരളത്തിലെ ഫാന്‍സ്‌ ആനന്ദപുളകിതരാകുന്നത് ഈ ഒരു പ്രതിഭാസം കാരണമാണ്. പ്രതിഫലന വെട്ടത്തില്‍ വെയില്‍ കായുന്നതിലൂടെ ഒരാളുടെ ആത്മാഭിമാനം വര്‍ദ്ധിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. നിത്യ ജീവിതത്തില്‍ നാം സ്ഥിരം കാണുന്ന ഒരു സംഭവമാണിത്. നമ്മുടെ പ്രവാസി സുഹൃത്തുക്കളിലെ ചിലര്‍ അവര്‍ ഗള്‍ഫിലെ അറബിയുടെ വലംകൈ ആയിരുന്നു താന്‍ എന്ന്‍ ഇടയ്ക്കിടെ പറയുമ്ബോള്‍ പ്രതിഫലന വെട്ടത്തില്‍ വെയില്‍ കായുകയാണ് അവര്‍ ചെയ്യുന്നത്. ഒരു സിനിമാ നടനെയോ നടിയെയോ കാണുമ്ബോള്‍ അവരുടെ ഓട്ടോഗ്രാഫിന് വേണ്ടിയും അവരോടൊപ്പമുള്ള സെല്‍ഫിക്ക് വേണ്ടിയും നാം ആഗ്രഹിക്കുന്നതും പ്രതിഫലന വെട്ടത്തില്‍ വെയില്‍ കായുന്നതിന്റെ ഫലമായാണ്.


 
താരാരാധനയുടെ അടിസ്ഥാനത്തില്‍ മലയാളിയുടെ ഫേസ്ബുക്ക് ഇന്നു ശരിക്ക് രണ്ട് വിഭാഗമായി തിരിക്കാം. മോഡി ആരാധകരും പിണറായി വിജയന്‍ ആരാധകരും. മോഡിക്ക് തെറ്റ് പറ്റുമ്ബോള്‍ അദ്ദേഹത്തിന്‍റെ ആരാധകരും പിണറായി വിജയന് തെറ്റ് പറ്റുമ്ബോള്‍ അദ്ദേഹത്തിന്‍റെ ആരാധകരും അവ കാര്യമാക്കാറില്ല. അതുപോലെ താന്‍ ആരാധിക്കുന്ന നേതാവിന്‍റെ എതിരാളിക്ക് എന്തെങ്കിലും തെറ്റ് പറ്റിയാല്‍ അത് ഇവര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കും. ഇത് താരാരാധനയുടെ ഒരു ദൂഷ്യഫലമാണ്. എന്‍റെ ഫേസ്ബുക്ക് സുഹൃത്തുക്കളില്‍ വളരെ കുറച്ച്‌ പേര്‍ മാത്രമേ ഈ രണ്ട് നേതാക്കളുടെ തെറ്റുകള്‍ തെറ്റാണെന്നും ശരികള്‍ ശരിയാണെന്നും പറഞ്ഞുകണ്ടിട്ടുള്ളു. അങ്ങനെയുള്ളവരെ നിലപാടില്ലാത്തവരായി കാണാനാണ് നമുക്കിഷ്ടം. സത്യത്തില്‍ അവര്‍ക്കാണ് നിലപാടുകളുള്ളത്. താരാരാധനയുടെ മറ്റൊരു ദൂഷ്യഫലം എന്നത് താന്‍ ആരാധിക്കുന്ന ഒരു പ്രശസ്തന്റെ തെറ്റ് ആരെങ്കിലും ചൂണ്ടിക്കാണിക്കുമ്ബോള്‍ വസ്തുതകള്‍ മറന്ന് വൈകാരികമായി പ്രതികരിക്കുക എന്നതാണ്. മമ്മുട്ടിയുടെ കസബയിലെ സ്ത്രീ വിരുദ്ധതയെ ചൂണ്ടിക്കാണിച്ച പാര്‍വ്വതി ഇതിന്‍റെ ഒരു ഇരയാണ്.


 
അപ്പോള്‍ എന്താണ് ഇതിനൊരു പോംവഴി? പിന്തുടരേണ്ടതും പ്രചരിപ്പിക്കെണ്ടതും ആശയങ്ങളെയാണ്, വ്യക്തികളെയല്ല. നമുക്കിഷ്ടമുള്ള ആശയങ്ങളുടെ ഉടമകളെ അംഗീകരിക്കണം, അഭിനന്ദിക്കണം. പക്ഷെ, ആരാധിക്കരുത്. ആരാധിച്ച്‌ തുടങ്ങിയാല്‍ പിന്നീട് ആ വ്യക്തികളുടെ ആശയങ്ങള്‍ മാറുകയാണെങ്കില്‍ അവരുടെ മുഖംമൂടി ഊരി വീഴുകയാണെങ്കില്‍ നമുക്ക് അവരെ ന്യായീകരിച്ച്‌ വിഡ്ഢികളാകേണ്ടിവരും.

Related News