Loading ...

Home health

ഉരുണ്ട കുഞ്ഞുവാവയല്ല, ഉഷാറുള്ള വാവാച്ചിയെയാണ്‌ നമുക്കാവശ്യം

ഡോ. ഷിംന അസീസ്

ചെറ്യേ കുട്ടികള്‍ നഴ്സറി സ്‌കൂളില്‍ പോണേന്റെ മുന്നേയുള്ള ആ കാലമില്ലേ, ഒരു വയസ്സ്‌ തൊട്ട്‌ ഏതാണ്ട്‌ മൂന്നര-നാല് വയസ്സ്‌ വരെയുള്ള കാലം? "ഹൗ, ഓര്‍മ്മിപ്പിക്കല്ലേ പൊന്നേ." എന്നാണോ? ഒന്നും പേടിക്കേണ്ട. ഇന്ന്‌ നമ്മക്ക്‌ അവരെക്കുറിച്ചങ്ങ്‌ ഡിസ്‌കസ്‌ ചെയ്‌ത്‌ കളയാം. ഇത്‌ നിങ്ങള്‍ വായിക്കുന്ന നേരം കൊണ്ട്‌ അവര്‌ വീട്‌ തല കുത്തനെ വെക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി അവര്‍ക്ക്‌ തല്ലിപ്പൊട്ടിക്കാന്‍ എന്തേലുമൊക്കെ വെച്ച്‌ കൊടുത്തിട്ടിങ്ങ്‌ പോരൂ. #SecondOpinion ഇന്ന്‌ അവര്‍ക്ക്‌ മേലൊരു കണ്ണ്‌ വെച്ചിട്ടാണ്‌ സംസാരിക്കുന്നത്‌.

ഒരു വയസ്സ്‌ തികയുന്നതോടെ ഏതാണ്ട്‌ പിടിച്ച്‌ നടക്കലിനപ്പുറം സ്വതന്ത്രരായിട്ടുണ്ടാകും. രണ്ട്‌ മൂന്നടിയെങ്കിലും പിടിവിട്ട്‌ നടക്കും. 'അച്‌ഛ, അമ്മ' എന്നൊക്കെയുള്ള ചുരുക്കം വാക്കുകളുണ്ടാകും. ഒരുപാട്‌ വാക്കുകള്‍ അനുകരിക്കും. പറയുന്ന കാര്യങ്ങള്‍ അനുസരിച്ച്‌ ആംഗ്യങ്ങള്‍ കാണിക്കും. പുസ്‌തകത്തിലെ വസ്‌തുക്കളുടെ പേര്‌ പറഞ്ഞാല്‍ തൊട്ടുകാണിക്കും. ചൂണ്ടുവിരല്‍ കൊണ്ട്‌ തോണ്ടും. പാത്രത്തിലേക്ക്‌ സാധനങ്ങള്‍ ഇടുകയും പുറത്തേക്ക്‌ എടുക്കുകയും ചെയ്യും. പരിചയമില്ലാത്തവരെ കണ്ടാല്‍ മാറുകയും ആശങ്ക കാണിക്കുകയും ചെയ്യും. അച്‌ഛനും അമ്മയും പോകുന്നത്‌ കണ്ടാല്‍ കരയും. അങ്ങനെയങ്ങനെ അവര്‍ വേന്ദ്രന്‍മാരായി മാറുന്നതില്‍ എവിടെയെങ്കിലും പതുക്കെയാകുന്നതോ പതര്‍ച്ചയോ കണ്ടാല്‍ ഡോക്ടറുടെ അടുത്ത്‌ എത്തേണ്ടതുണ്ട്‌. ഈ പറഞ്ഞ കാര്യങ്ങള്‍ കൂടാതെ ഓരോ പ്രായത്തിലും എത്തിച്ചേരേണ്ട കൃത്യമായ നാഴികക്കല്ലുകളുണ്ട്‌. കുഞ്ഞിന്റെ വളര്‍ച്ചയിലോ വികാസത്തിലോ ആശങ്ക തോന്നിയാല്‍ വൈദ്യസഹായം തേടാന്‍ മടിക്കരുത്‌.

ഒരു വയസ്സാകുമ്ബഴേക്ക്‌ ഇവര്‍ വീട്ടിലുണ്ടാക്കിയിട്ടുള്ള മുഴുവന്‍ സാധനങ്ങളും കഴിച്ചിരിക്കണം എന്നാണ്‌ കണക്ക്‌. ഒരു വയസ്സിലും കുറുക്കുകള്‍ മാത്രമായി കൊടുക്കുന്നത്‌ തികച്ചും അനാരോഗ്യകരമായ പ്രവണതയാണ്‌. ഈ പ്രായമെത്തുമ്ബൊഴേക്കും അവര്‍ക്ക്‌ സ്വന്തമായി ഒരു പാത്രവും ഗ്ലാസുമുണ്ടാകണം. ദിവസവും ഒരേയിടത്ത്‌ നിന്ന്‌ ഏകദേശം ഒരേ സമയത്ത്‌ ഭക്ഷണം നല്‍കുന്നത്‌ കുഞ്ഞറിയാതെ തന്നെ ആ ചിട്ട വളരുന്നതിന്‌ ഏറ്റവും നല്ലതാണ്‌. കറികള്‍ എരിവ്‌ കളയാനെന്ന പേരില്‍ കഴുകി കൊടുക്കുന്നതും കറിക്ക്‌ പകരം പഞ്ചസാരയും തേനും ഡേറ്റ്‌സ്‌ സിറപ്പുമെല്ലാം നല്‍കുന്നതും കുഞ്ഞിനോട്‌ ചെയ്യാവുന്ന പാതകമാണ്‌. അവര്‍ക്ക്‌ ഇടനേരത്ത്‌ വിശക്കുമ്ബോള്‍ പഴങ്ങളോ പോഷകാംശമുള്ള വീട്ടിലുണ്ടാക്കിയ സ്‌നാക്‌സോ നല്‍കുന്നതാണ്‌ ഏറ്റവും അഭികാമ്യം. ഫാസ്‌റ്റ്‌ ഫുഡും ബേക്കറി പലഹാരങ്ങളും പോഷകങ്ങള്‍ക്ക്‌ പകരം ദോഷം മാത്രം പകരുന്നതും നല്ല ഭക്ഷണം കഴിക്കാനുള്ള വിശപ്പ്‌ കൂടി കെടുത്തുന്നതുമാണ്‌. ഒരു വയസ്സിന്‌ ശേഷം മാത്രം എല്ലാ ദിവസവും ഒരു ഗ്ലാസ്‌ പാല്‍ കുഞ്ഞിന്‌ നല്‍കാം.

ഉറങ്ങിയുണരുമ്ബോഴും ഒക്കത്ത്‌ നിന്ന്‌ കൈമാറുമ്ബോഴുമെല്ലാം കുഞ്ഞുമേനിക്കുണ്ടാകുന്ന ചൂട്‌ അത്രയും സ്വാഭാവികമാണ്‌. ഒന്ന്‌ പറഞ്ഞ്‌ രണ്ടാമത്തേതിന്‌ കുഞ്ഞിനെ ഡോക്‌ടറുടെ അടുത്തേക്ക്‌ എടുത്തോടേണ്ടതില്ല. എന്നാല്‍ കടുത്ത പനി, വയറിളക്കം, ഛര്‍ദ്ദി, തല കറക്കം പോലുള്ള ലക്ഷണങ്ങളോ, അപസ്‌മാരം പോലെയോ, മുറിവുകളോ വീഴ്‌ചകളോ അപകടങ്ങളോ കണ്ടാല്‍ അവഗണിക്കാനും പാടില്ല. കുഞ്ഞ്‌ തളര്‍ന്ന്‌ കിടക്കുന്നതും വളരെ ശ്രദ്ധിക്കണം. രണ്ട്‌ വയസ്സ്‌ വരെയെങ്കിലും മുലപ്പാല്‍ നല്‍കിയിരിക്കണം. കുഞ്ഞിന്‌ വയ്യായ്‌കകള്‍ ഉള്ളപ്പോള്‍ മുലപ്പാലും ഭക്ഷണവും നിഷേധിക്കരുത്‌. അവരുടെ ശരീരത്തിന്‌ ആരോഗ്യവും പ്രതിരോധവും നല്‍കാനും കോശങ്ങളുടെ റിപ്പയറിനും ധാരാളം പ്രൊട്ടീനും ധാതുലവണങ്ങളും ആവശ്യമുണ്ട്‌. കൂടാതെ, സ്‌ഥിരമായി അലര്‍ജിയും അണുബാധകളും വരുന്ന കുഞ്ഞിന്‌ ഭാരം വര്‍ദ്ധിക്കാന്‍ സമയമെടുക്കുന്നത്‌ പതുക്കേ ശരിയായിക്കോളും. രോഗത്തെ തുരത്താനായി കഴിക്കുന്ന പോഷകങ്ങള്‍ വകയിരുത്തേണ്ടി വരുന്നത്‌ കൊണ്ടാണ്‌ ഇങ്ങനെ സംഭവിക്കുന്നത്‌.

ഒരു വയസ്സോടെ തന്നെ കിലുക്കാംപെട്ടി കണക്കിന്‌ വര്‍ത്തമാനം പറയുന്ന ചില മക്കളെ കണ്ടിട്ടില്ലേ? വളരെ പെട്ടെന്നായിരിക്കും അവരുടെ നിഘണ്ടുവിന്റെ വളര്‍ച്ച. മൂന്ന്‌ വയസ്സോടെ ഇരുന്നൂറിലേറെ വാക്കുകള്‍ സാധാരണ ഗതിയില്‍ എല്ലാ കുട്ടികളും പറയും. വളരെ നേരത്തേ തന്നെ നിര്‍ത്താതെ ചിലയ്‌ക്കുന്ന ചില കുഞ്ഞിക്കിളികളുടെ ഊര്‍ജത്തിന്റെ സ്രോതസ്‌ തീര്‍ച്ചയായും അവര്‍ക്ക്‌ മാതാപിതാക്കളില്‍ നിന്നും ചുറ്റുപാടുകളില്‍ നിന്നും ഇന്‍പുട്ടായി കിട്ടുന്ന വാക്കുകളാണ്‌. എല്ലാ കുട്ടികളിലും ഇത്രയേറെ വാക്കുകളുടെ ശേഖരം ഉണ്ടാകണമെന്നില്ല. പക്ഷേ, ഇവിടെ ശ്രദ്ധിക്കാനുള്ളത്‌, ടിവിയും ടാബും ലാപ്‌ടോപും ഫോണുമല്ല മക്കളുടെ സുഹൃത്ത്‌ എന്നതാണ്‌. അത്‌ ചുറ്റുപാടുമുള്ള മനുഷ്യരുള്‍പ്പെടുന്ന ജീവജാലങ്ങളാണ്‌. എല്ലാ സ്‌ക്രീനുകളും കൂടി കൂട്ടിയാല്‍ ഒരു മണിക്കൂറിലപ്പുറം ഒരു കുഞ്ഞ്‌ ഒരു ദിവസം കാണാന്‍ പാടില്ല. അത്‌ കുഞ്ഞിന്റെ മാനസികവും ശാരീരികവുമായ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും.

ഇനി ഇതിനെല്ലാം പുറമേ അവര്‍ പഠിക്കേണ്ട വാക്കാണ്‌ - 'നോ'. അവര്‍ ചോദിക്കുന്നതെല്ലാം നടത്തി കൊടുക്കാന്‍ സാധിക്കില്ലെന്നും, ചിലതിനെല്ലാം കാത്തിരിക്കേണ്ടി വരുമെന്നും അവരെ അറിയിക്കണം. ചില കാര്യങ്ങള്‍ നമ്മുടെ സാമ്ബത്തികസ്‌ഥിതിയില്‍ ഒതുങ്ങില്ലെന്നും ചിലത്‌ വാങ്ങുന്നത്‌ തികച്ചും അനാവശ്യമെന്നും അറിയണം. അത്‌ പോലെ, അവരുടെ സ്വകാര്യഭാഗങ്ങളിലേക്കും സ്വകാര്യതയിലേക്കും നീളുന്ന കൈകളും 'നോ' പറഞ്ഞ്‌ ഒതുക്കാനും ബഹളമുണ്ടാക്കാനും പറഞ്ഞ്‌ കൊടുക്കണം. രണ്ട്‌ വയസ്സായ കുഞ്ഞിന്‌ നേരെയും കഴുകന്‍കണ്ണുകളുണ്ടെന്നത്‌ നമ്മളുള്‍ക്കൊണ്ടേ മതിയാകൂ. അവരുടെ വാക്കുകളില്‍ നമുക്ക്‌ അവരുടെ സുരക്ഷക്കായുള്ള കാര്യങ്ങള്‍ പറഞ്ഞ്‌ കൊടുക്കാമല്ലോ.

വാല്‍ക്കഷ്‌ണം: കുഞ്ഞ്‌ വളരാന്‍, ഉയരം വെക്കാന്‍, നിറം വെക്കാന്‍, ബുദ്ധി കൂടാന്‍, ഓര്‍മ്മശക്‌തി, ഓജസ്സ്‌, തേജസ്സ്‌, തൊലിക്കട്ടി, പിന്നെ ഏതാണ്ടൊക്കെയോ കൂടാന്‍ എന്നൊക്കെ പറഞ്ഞ്‌ വാങ്ങാന്‍ കിട്ടുന്ന കുറേ പൊടികളില്ലേ? ഇതൊക്കെ വെറുതേയാണ്‌. പോക്കറ്റ്‌ വെളുക്കാനുള്ള ഉത്തമമാര്‍ഗങ്ങള്‍ മാത്രമാണിവ. ദയവ്‌ ചെയ്‌ത്‌ അവയെ ആ സൂപ്പര്‍മാര്‍ക്കറ്റിലേം മെഡിക്കല്‍ ഷോപ്പിലേം റാക്കില്‍ തന്നെ തുടരാന്‍ അനുവദിക്കുക. നാല്‌ നേരവും അന്നജവും ധാതുലവണങ്ങളും പ്രൊട്ടീനും അടങ്ങുന്ന ഭക്ഷണം കഴിക്കുന്ന കുഞ്ഞിന്‌ നിങ്ങള്‍ ഈ കലക്കുന്ന ഒരു സാധനവും വേണ്ട. വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണത്തിനോളം ഒരു ഗുണവും ഇവയ്‌ക്ക്‌ അവകാശപ്പെടാനില്ല.

മാത്രമല്ല, ഇത്‌ കുടിച്ച്‌ വിശപ്പില്ലാതാവുന്ന കുഞ്ഞ്‌ ഭക്ഷണവിരോധിയാകാന്‍ സാധ്യത കൂടുതലാണ്‌. നമ്മുടെ കുഞ്ഞ്‌ നമ്മുടെ ശരീരപ്രകൃതിയിലേ വളരൂ. വണ്ണം വെക്കുന്നത്‌ ആരോഗ്യത്തിന്റെ ലക്ഷണമല്ല. അമിതവണ്ണം ഭാവിയില്‍ ജീവിതശൈലീരോഗങ്ങള്‍ മുതല്‍ വന്ധ്യത വരെ ഉണ്ടാക്കാം. ഉരുണ്ട കുഞ്ഞുവാവയല്ല, ഉഷാറുള്ള വാവാച്ചിയെയാണ്‌ നമുക്കാവശ്യം. നിറയെ കറികളും ആവശ്യത്തിന് ചോറും ചപ്പാത്തിയുമൊക്കെയായി നമുക്ക്‌ അതങ്ങ്‌ നടപ്പാക്കാമെന്നേ. അയലോക്കത്തെ കുട്ടി കലക്കി കുടിക്കുന്നതല്ല, നമ്മള്‍ ശരികള്‍ മനസ്സിലാക്കി തീരുമാനിച്ചുറപ്പിക്കുന്നതാണ്‌ നല്ല ഭക്ഷണം. കലങ്ങിയോ?

Related News