Loading ...

Home Music

സൈലന്റ് നൈറ്റിന് 200 വയസ്സ്

സിജി കുന്നുംപുറം

സൈലന്റ് നൈറ്റ്. ലോകത്ത് ഏറ്റവുമധികം ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ഗാനം, 2011ല്‍ യുനെസ്കോയുടെ പൈതൃക പട്ടികയിലുള്‍പെട്ട ഗാനം, 1818 ഡിസംബര്‍ 24-ന്, ഓസ്ട്രിയയിലെ സാല്‍സ്ബര്‍ഗിന് വടക്കായുള്ള ഒബേണ്‍ഡോര്‍ഫിലെ സെയന്റ് നിക്കോളാസ് പള്ളിയില്‍ കൂടിയ പ്രാര്‍ത്ഥനാ സമൂഹം, ഫ്രാന്‍സ് സേവിയര്‍ ഗ്രൂവര്‍ സംഗീതം നല്‍കിയ 'സൈലന്റ് നൈറ്റ്' (സ്റ്റില്ലെ നാച്ച്‌ എന്ന് ശരിയായ ജര്‍മ്മന്‍) എന്ന ക്രിസ്തുമസ് കരോള്‍ ആദ്യമായി കേട്ടു. പള്ളിയുടെ സഹവികാരിയായിരുന്ന ഫാദര്‍ ജോസഫ് മോറിന്റെ ഗിത്താറിന്റെ അകമ്ബടിയോടെ ഫാദര്‍ മോറിന്റെ ഫ്രാന്‍സ് സേവിയര്‍ ഗ്രൂബറിന്റെയും ശബ്ദത്തില്‍ പാട്ട് പള്ളിയില്‍ അലയടിക്കുന്നത് ആ പ്രാര്‍ത്ഥന സമൂഹം കേട്ടുനിന്നു.
ആറ് പാദങ്ങളുള്ള പാട്ടിന്റെ ഓരോ പാദത്തിന്റെയും അവസാനം, അവസാനത്തെ രണ്ടു വരികള്‍ നാലു ഘട്ടങ്ങളുള്ള ലയമായി സംഘം ആവര്‍ത്തിച്ചു. കൂടിയവരെല്ലാം (കൂടുതലും കപ്പല്‍ തൊഴിലാളികളും ബോട്ടു നിര്‍മ്മിക്കുന്നവരും അവരുടെ കുടുംബാംഗങ്ങളും) ആ ഗാനം 'പൊതുവെ ആസ്വദിച്ചതായി' ഗ്രൂബര്‍ പറയുന്നു. അങ്ങനെ ജനങ്ങളുടെ ഹൃദയത്തിലേക്ക് പറന്നിറങ്ങിയ ഒരു പാട്ട് ജനിച്ചു.

ഇപ്പോള്‍ നൂറു കണക്കിന് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ഗാനം, എല്ലാ ഡിസംബറിലും ലോകത്തിന്റെ എല്ലാ കോണുകളിലുമുള്ള ദശലക്ഷങ്ങള്‍ ആലപിക്കുന്നു. ഈ ഗാനം ഇനി പാടുമ്ബോള്‍ ഓര്‍മ്മിക്കുക, വളരെ രസകരമായൊരു ചരിത്രം ഈ ഗാനത്തിന്റെ പിറവിക്കു പിന്നിലുണ്ടെന്ന്.

രണ്ടു നൂറ്റാണ്ടുകള്‍ക്കു മുമ്ബാണ് ഈ ഗാനം പിറന്നുവീണത്. ക്രൈസ്തവ പുരോഹിതനായ ഫാ. ജോസഫ് മോര്‍ ആണ് ഈ ഗാനത്തിന്റെ രചയിതാവ്. ഓസ്ട്രിയയിലെ ഒബേന്‍ഡോര്‍ഫ് എന്ന ഗ്രാമത്തിലെ ക്രൈസ്തവ ദേവാലയത്തിലെ പുരോഹിതനായിരുന്നു അദ്ദേഹം. 1818ല്‍ ശരിക്കും പറഞ്ഞാല്‍ ഈ ഗാനം രചിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായി തീരുകയായിരുന്നു. ആ കഥ ഇങ്ങനെ. എല്ലാ വര്‍ഷത്തെയും ക്രിസ്തുമസ് ആഘോഷത്തിനു പുതിയ ഗാനങ്ങള്‍ പാടുന്നതായിരുന്നു രീതി. മനസിനു വലിയ തൃപ്തി നല്‍കിയില്ലെങ്കിലും ദിവസങ്ങളെടുത്ത് ഒരു ഗാനം അദ്ദേഹം തയാറാക്കി. പക്ഷേ, ഡിസംബര്‍ 23ന് ആ ഗാനത്തിന്റെ കൈയെഴുത്തു പ്രതി എങ്ങനെയോ നഷ്ടപ്പെട്ടു. ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് മണിക്കൂറുകള്‍ മാത്രമേയുള്ളൂ. തയാറാക്കിയ ഗാനം നഷ്ടപ്പെടുകയും ചെയ്തു. ഫാ.ജോസഫ് മോര്‍ ആകെ വിഷമത്തിലായി. അങ്ങനെ വിഷമിച്ചിരിക്കുമ്ബോള്‍ അദ്ദേഹത്തിന്റെ മനസിലേക്കു താന്‍ ഏതാനും വര്‍ഷം മുമ്ബ് ഡയറിയില്‍ കുറിച്ചിട്ട ഒരു കാര്യം ഓര്‍മ്മ വന്നു. ജര്‍മന്‍ ഭാഷയിലാണ് അദ്ദേഹം ഡയറി എഴുതിയിരുന്നത്. അദ്ദേഹം ഉടന്‍ തന്നെ അതെടുത്തു വായിച്ചു.

1816, 1817 വര്‍ഷങ്ങളില്‍ ബാവേറിയന്‍ സേന മരിയപ്ഫാറില്‍ നിന്നും പിന്മാറുന്ന വേളയില്‍ വലിയ ദുരിതങ്ങള്‍ അനുഭവിച്ചവരായിരുന്നു അവിടുത്തെ ജനത. 1816-ല്‍ ഈ ദുരിതങ്ങള്‍ നേരില്‍ കുറിച്ചിട്ടുള്ള 1816ല്‍ എഴുതിയ കുറിപ്പായിരുന്നു അത്. ആ വായന അദ്ദേഹത്തിന്റെ മനസില്‍ ഉണര്‍ത്തിയ ചിന്തയില്‍നിന്നു വളരെ പെട്ടെന്നു രചിച്ച ഗാനമാണ് ഇന്നു ലോകമെമ്ബാടും ആലപിക്കുന്ന സൈലന്റ് നൈറ്റ്/ഹോളി നൈറ്റ് … എന്നു തുടങ്ങുന്ന ഗാനം.

എഴുതി തയാറാക്കിയ ഉടന്‍തന്നെ അദ്ദേഹം ഗാനവുമായി പള്ളിയുടെ സ്കൂളിലെ ഓര്‍ഗന്‍ അധ്യാപകനായ ഫ്രാന്‍സ് സേവര്‍ ഗ്രൂവറിനെ സമീപിച്ചു. തന്റെ വരികള്‍ക്കു സംഗീതമിടാന്‍ ആവശ്യപ്പെട്ടു. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അദ്ദേഹം ആ വരികള്‍ക്കു സംഗീതമേകി. അന്നേ അദ്ദേഹം ഫാ.ജോസഫിനോടു പറഞ്ഞു. താങ്കളുടെ ഈ ഗാനം വളരെ മനോഹരമായിരിക്കുന്നു. ഒന്നുറപ്പ്, ഈ വരികള്‍ വാക്കുകള്‍കൊണ്ടു നിര്‍വ്വചിക്കാനാവാത്ത ഒരു ഊര്‍ജം പ്രദാനംചെയ്യുന്നു. ഇതിനു സംഗീതം നല്‍കാന്‍ അവസരം ലഭിച്ചതു ദൈവാനുഗ്രഹമാണ്. അത്രമാത്രം ഊര്‍ജദായകവും പ്രചോദനാത്മകവുമാണീ ഗാനം.

ഗ്രൂബറിന്റെ ആ വാക്കുകള്‍ അക്ഷരാര്‍ത്ഥത്തില്‍ അന്വര്‍ത്ഥമായെന്നു ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. 1818 ഡിസംബര്‍ 24ന് രാത്രിയില്‍ ഈ ഗാനം ആദ്യമായി ആലപിക്കപ്പെട്ടു. പിന്നീട്, 41 വര്‍ഷക്കാലം ബേന്‍ഡോര്‍ഫ് ഗ്രാമത്തിലെ ക്രിസ്മസ് ആഘോഷങ്ങളുടെ അവിഭാജ്യ ഘടകമായി ഈ ഗാനം തുടര്‍ന്നു.
19-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍, ഗാനം കൂടുതല്‍ ജനകീയമാകാന്‍ തുടങ്ങിയതോടെ, ബിഥോവന്‍, ഹോഡ്ന്‍ അല്ലെങ്കില്‍ മോസാര്‍ട്ട് എന്നിവരെ പോലെയുള്ള വലിയ സംഗീതകാരന്മാരില്‍ ആരെങ്കിലുമായിരിക്കും കരോളിന് ഈണം നല്‍കിയതെന്നാണ് സൈലന്റ് നൈറ്റിനെ കുറിച്ച്‌ കൂടുതലൊന്നും അറിയാത്തവര്‍ കരുതിയിരുന്നത്.

1863-ല്‍ മരിക്കുന്നതിന് മുമ്ബ്, ഗ്രൂബര്‍ തന്റെ അവകാശവാദം എഴുതി വെച്ചിരുന്നെങ്കിലും സംശയം 20-ാം നൂറ്റാണ്ടിലേക്കും നീണ്ടു. ജോസഫ് മോറയുടെ കൈപ്പടയില്‍ എഴുതിയ സൈലന്റ് നൈറ്റിന്റെ സ്‌കോര്‍ കണ്ടെത്തിയപ്പോള്‍ മാത്രമാണ് ലോകം ഇക്കാര്യം ഉറപ്പാക്കിയത്

1859ല്‍ ഈ ഗാനം കേട്ട ന്യൂയോര്‍ക്ക് ട്രിനിറ്റി ദേവാലയത്തിലെ പുരോഹിതനായ ജോണ്‍ ഫ്രീമാനു വളരെ ഹൃദ്യമായി തോന്നി. അദ്ദേഹം ഈ ഗാനം ജര്‍മനില്‍നിന്ന് ഇംഗ്ളീഷിലേക്കു മൊഴിമാറ്റി. അതോടെ ഗാനം യൂറോപ്പിലാകെ തരംഗമായി മാറി. ഇംഗ്ളീഷ് പരിഭാഷ പുറത്തിറങ്ങി ഏകദേശം നൂറു വര്‍ഷങ്ങള്‍ക്കു ശേഷം, 1957ല്‍ ലോകപ്രശസ്ത ഗായകന്‍ എല്‍വിസ് പ്രീസ്ലിയുടെ ശബ്ദത്തില്‍ ഈ ഗാനം വീണ്ടും വിസ്മയമായി.

പ്രീസ്ലിക്കു ശേഷം ലോകപ്രശസ്തരായ നിരവധി ഗായകര്‍ ഈ ഗാനം ആലപിച്ചു. പക്ഷേ, അതൊന്നും പ്രീസ്ലിയുടെ ഗാനത്തിന്റെ സ്വീകാര്യതയ്ക്കൊപ്പമെത്തിയില്ല. ഈ ഗാനത്തെക്കുറിച്ചു സൈലന്റ് മൌസ്(1988), ദി ഫസ്റ് സൈലന്റ് നൈറ്റ് (2014) തുടങ്ങി നിരവധി ഡോക്യുമെന്ററികളും പുറത്തിറങ്ങിയിട്ടുണ്ട്.

Related News