Loading ...

Home Music

അര്‍ജുനസംഗീതം എന്ന അനുഭവം

ഡോ. എം ഡി മനോജ്

മലയാള ചലച്ചിത്രഗാന ശാഖയില്‍ കാല്‍പനികധാരയുടെ രാജശില്‍പികളില്‍ ഒരാളാണ് എം കെ അര്‍ജുനന്‍. അദ്ദേഹത്തിന്റെ ഗാനങ്ങള്‍ അതിന്റെ വിസ്മയകരമായ ഉയരങ്ങളിലെത്തുന്നത് ക്ലാസിക്കല്‍ പരിവേഷത്തിലാണെന്ന് പറയാം. അദ്ദേഹം പാട്ടില്‍ ചേര്‍ത്തുവയ്ക്കുന്ന രാഗാവബോധത്തിന്റെ തിളക്കമൊന്നു വേറെ തന്നെയാണ്. മൗലിക മുദ്രകളുള്ള ഒരു പാട്ടു ഭാഷയുടെ മാതൃക സൃഷ്ടിക്കുകയായിരുന്നു ദേവരാജന്‍ മാഷിനെപ്പോലെ ആര്‍ജുനന്‍ മാഷും. അര്‍ജുന സംഗീതത്തിന്റെ ലാവണ്യയുക്തികള്‍ തിരഞ്ഞുപോയാല്‍ അത് സൗമാര്‍ദ്ര സംഗീതത്തിന്റേതാണെന്ന് തിരിച്ചറിയാനാകും പലതിന്റെയും സാകല്യമാണ് അര്‍ജുനന്‍ മാഷിന്റെ സ്വരശില്‍പങ്ങള്‍. എങ്കിലും സംഘര്‍ഷ വിശ്രാന്തികള്‍ നിറഞ്ഞുനില്‍ക്കുന്ന മനുഷ്യജീവിതത്തിനും സംഗീതത്തിനും അദ്ദേഹമൊരുക്കുന്ന ഭാവുകത്വ സവിശേഷതയാണ് പ്രധാനം. കാല്‍പനികവും ക്ലാസിക്കലും നിറഞ്ഞൊരു സ്മൃതിശേഖരമുണ്ട് മാഷിന്റെ ഗാനങ്ങളില്‍. അതില്‍ അനുരാഗത്തിന്റെ അനുക്രമമായ ആരോഹണാവരോഹണങ്ങള്‍ കാണാനാവും. അതുതന്നെയാണ് മാഷിന്റെ പാട്ടിലെ സവിശേഷ ലീനധ്വനികള്‍.

പാട്ടിനെ തികവുറ്റതും നിസ്തുലവുമായ ഒരാവിഷ്‌കാരമാക്കി മാറ്റാന്‍ കഴിയുന്നത് ഒരുപക്ഷേ, അതില്‍ ഉന്നതമായ കാവ്യദര്‍ശനത്തിന്റെ ശൃംഗകാന്തി പ്രദര്‍ശിപ്പിക്കുന്ന അപൂര്‍വ മുഹൂര്‍ത്തങ്ങള്‍ ഉണ്ടാകുമ്പോഴാണ്. അത് തീര്‍ച്ചയായും മാഷിന്റെ പാട്ടിലുണ്ട്. പ്രണയാനുഭവത്തെ അതിന്റെ വൈവിധ്യപൂര്‍ണമായ സാകല്യാവസ്ഥയില്‍ സാക്ഷാത്കരിക്കുകയായിരുന്നു അദ്ദേഹം. പാട്ടിന്റെ സൗന്ദര്യത്തിനെ നെയ്തും അഴിച്ചുമിരിക്കുന്ന ഒരു സര്‍ഗചൈതന്യമാണ് അര്‍ജുനന്‍ മാഷ് രചിക്കുന്ന സൗമ്യസംഗീതം. അതില്‍ കാല്‍പനികതയുടെ തരളച്ഛായകള്‍ മുഴുവനും കലര്‍ന്നിരുന്നു. മലയാള ചലച്ചിത്ര സംഗീതത്തില്‍ അധികമാരും നടന്നിട്ടില്ലാത്ത ഏകാന്തതയിലധിഷ്ഠിതമായ സൂക്ഷ്മമാര്‍ഗമാണ് മാഷിന്റേത് ജീവിതത്തിന്റെ കാല്‍പനിക കാലവുമായി ബന്ധിപ്പിക്കുന്ന ഒരു സൗന്ദര്യത്തിന്റെ മഴവില്‍പ്പാലമാണ് അദ്ദേഹം പാട്ടില്‍ പണിതുയര്‍ത്തിയത്. പാട്ടിന്റെ സ്വപ്ന ഋതുവായിരുന്നു അത്. ”പ്രണയം സംഗീതത്തിന്റെ ഋതുഭേദങ്ങള്‍ ആകുന്നു”-എന്ന ഡി വിനയചന്ദ്രന്റെ വരിയെത്ര ശരിയാണെന്ന് തോന്നും അര്‍ജുനന്‍ മാഷിന്റെ പാട്ട് കേള്‍ക്കുമ്പോള്‍. ശാന്തവും സൗമ്യവും മൃദുലവുമാണ് അര്‍ജുനഗീതങ്ങളുടെ അനുശ്രുതികള്‍. അത് അനുരാഗമെന്ന നിത്യസങ്കല്‍പത്തെ ശില്‍പപ്പെടുത്തുന്നു. ആ ഭാവബദ്ധതയുടെ മധുരോദാരമായ ഈണങ്ങളാണവ. പാട്ടില്‍ നിന്ന് കസ്തൂരിയുടെ സൗമ്യാര്‍ദ്ര ഗന്ധമുയരുന്നു.

മലയാള ചലച്ചിത്ര സംഗീതത്തിന്റെ ഭാഷയെയും ഭാവനയെയും പുതുക്കിപ്പണിയുന്നതില്‍ അര്‍ജുനന്‍ മാഷിന് തന്റേതായ സംഭാവനകള്‍ ചെയ്യാനായിട്ടുണ്ട്. ഈ നവീകരണത്തിന് ഒരാന്തരിക ബലതന്ത്രവുമുണ്ട്. പാട്ടിലെ കാവ്യഭംഗികളെ വിടര്‍ത്തിക്കാട്ടുകയായിരുന്നു മാഷിലെ സംഗീതജ്ഞന്‍.
ആദ്യസിനിമയായ ‘കറുത്ത പൗര്‍ണമി’യില്‍ അദ്ദേഹം പിന്തുടര്‍ന്ന നാടകസംഗീത സ്വാധീനം ഏറെ വ്യക്തമാണ്. ആ സിനിമയിലെ ‘പൊന്നിലഞ്ഞിച്ചോട്ടില്‍’ എന്ന പാട്ടിന് നാടകഗാനത്തിന്റെ ശൈലിയായിരുന്നു. അതുപോലെ ‘മാനത്തിന്‍ മുറ്റത്ത്’ എന്ന പാട്ടിന്റെ പശ്ചാത്തല സംഗീതത്തിനും നാടകശൈലിയായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീടുള്ള ‘പാടാത്ത വീണയും പാടും’ ‘യദുകുലരതിദേവനെവിടെ’, ‘വസന്തമേ വാരിയെറിയൂ’ എന്നിവയിലെല്ലാം സിനിമാറ്റിക് ശൈലിയുടെ പ്രബലത കടന്നുവരുന്നുണ്ട്. പ്രണയത്തിന്റെ നിറമുള്ള ഭാവനകള്‍ അതുപോലെ ചലച്ചിത്ര സന്ദര്‍ഭങ്ങളില്‍ ലയിച്ചിരുന്ന കാലം കൂടിയായിരുന്നു എഴുപതും എണ്‍പതുകളുമെല്ലാം. പ്രേംനസീര്‍ എന്ന നായകനെ കേന്ദ്രസ്ഥാനത്തുനിര്‍ത്തി നിര്‍മ്മിച്ചെടുത്ത സിനിമകളുടെ കാലം കൂടിയായിരുന്നു അത്. പ്രണയാതുരമായ ഗീതങ്ങളുടെ വസന്തകാലം. അവിടെയാണ് അര്‍ജുനന്‍ മാഷിന്റെ പ്രധാന സിനിമകള്‍ വന്നിറങ്ങിയത്. ശ്രീകുമാരന്‍ തമ്പി – അര്‍ജുനന്‍ ടീമിന്റെ പുഷ്‌കലകാലത്തിലുണ്ടായ പാട്ടുകള്‍ തന്ന ഭാവുകത്വം വളരെ വലുതായിരുന്നു. പ്രണയത്തിന്റെ കാല്‍പനികാംശം ആണ് ഈ പാട്ടുകളെയെല്ലാം മുന്തിയ ചലച്ചിത്ര മുഹൂര്‍ത്തങ്ങളാക്കി മാറ്റിയത്. പ്രകൃതിയുടെ വസന്തഭാവത്തെ പ്രകീര്‍ത്തിക്കുന്ന എത്രയോ പാട്ടുകള്‍ ഇരുവരും ചേര്‍ന്നുണ്ടാക്കിയിട്ടുണ്ട്. പ്രകൃതിയുടെ ആഘോഷവും ഉത്സവഭാവവുമെല്ലാം അര്‍ജുനന്‍ മാഷിന്റെ പാട്ടുകളില്‍ നിരന്തരം കടന്നുവരുന്നു. വ്യക്തിയുടെ സ്വകാര്യവികാരങ്ങളിലേക്ക് വഴിതുറന്ന പാട്ടുകള്‍ ആയിരുന്നു അവയെല്ലാം. പ്രണയത്തിന്റെ ഏകാന്തവിചാരങ്ങളിലേക്ക് മനസുകൊണ്ട് സഞ്ചരിക്കുന്ന ഒരു തലമുറയുടെ പാട്ടുകളായിരുന്നു മാഷിന്റേത്. പ്രണയവും വിരഹവും ശോകവും എല്ലാം ഈ ഗാനങ്ങളിലൂടെ ഒരുപോലെ പ്രകാശനം ചെയ്യപ്പെടുകയുണ്ടായി. ശ്രീകുമാരന്‍ തമ്പിയുടെ ഭാവസംഗീതം തുളുമ്പുന്ന ഭാവനയുടെ കൃത്യമായ സംഗീതാവിഷ്‌കാര ധര്‍മ്മം നിര്‍വഹിച്ചത് അര്‍ജുനന്‍ മാഷായിരുന്നു. ജയചന്ദ്രന്റെയും വാണി ജയറാമിന്റെയും നിത്യവിസ്മയമാര്‍ന്ന ആലാപന സൗന്ദര്യങ്ങളിലായിരുന്നു അര്‍ജുനന്‍ മാഷിന്റെ പ്രണയ സംഗീതഭാവനകള്‍ മുഴുവന്‍ സുഗന്ധപൂര്‍ണമായത്. വികാരമായിരുന്നു മാഷിന്റെ പാട്ടിനെ നിര്‍ണയിച്ച സവിശേഷ ഘടകം. പ്രണയം കൊണ്ട് സംഗീതവും സംഗീതം കൊണ്ട് പ്രണയവും പരസ്പര പൂരിതമാകുന്ന അനശ്വരഗാന പ്രപഞ്ചം.
ദേവരാജന്‍ മാഷിന്റെയും ദക്ഷിണാമൂര്‍ത്തിയുടെയും സംഗീതശൈലികള്‍ സമന്വയിച്ച പാതയിലൂടെ ആയിരുന്നു അര്‍ജുനന്‍ മാഷിന്റെ സഞ്ചാരം. ‘കസ്തൂരി മണക്കുന്നല്ലോ’ എന്ന അദ്ദേഹത്തിന്റെ ജനകീയ ഗാനത്തിന് വേറെ നാല് ഈണങ്ങള്‍ കൂടി ചിട്ടപ്പെടുത്തിയിരുന്നുവത്രെ. മാഷിന് പ്രിയപ്പെട്ട ഒരു രീതി ”എത്ര സുന്ദരി, എത്ര പ്രിയങ്കരി” എന്ന മട്ടിലുള്ള ഗാനങ്ങളില്‍ കാണാനാകും. തത്വചിന്താപരമായ ഗാനങ്ങളില്‍ അദ്ദേഹമെടുക്കുന്ന ശ്രദ്ധ എടുത്തുപറയേണ്ടതാണ്. മാതൃകാപരമായി ചൂണ്ടിക്കാണിക്കുവാന്‍ കഴിയുന്ന ഒരു ഉദാഹരണം ‘ദുഃഖമേ നിനക്ക് പുലര്‍കാല വന്ദനം’ എന്ന പാട്ടാണ്. ഇതേ റൂട്ടില്‍തന്നെ അദ്ദേഹത്തിന്റെ മറ്റുചില പാട്ടുകള്‍ കൂടിയുണ്ട്. ‘കന്യാദാനം കത്തുന്ന പ്രേമത്തിന്റെ’ ‘മോഹം മുഖപടമണിഞ്ഞു’ എന്നിങ്ങനെയുള്ള പാട്ടുകള്‍ മേല്‍പറഞ്ഞതിന് ഉദാഹരണങ്ങളാണ്. പൊന്‍കിനാവില്‍ പുഷ്പരഥത്തില്‍ എന്ന ഗാനത്തിന്റെ അതേശൈലിയില്‍ തന്നെയാണ് ‘റസ്റ്റ് ഹൗസിലെ’, ‘പൗര്‍ണ്ണമി ചന്ദ്രിക’ എന്ന ഗാനം സൃഷ്ടിച്ചിട്ടുള്ളത്. ‘സുഗന്ധ ഭസ്മക്കുറിയിട്ടുനില്‍ക്കും’ എന്ന ഗാനവും ഇതേശൈലി പിന്തുടരുന്നു. ‘സന്ധ്യതന്‍ കവിള്‍ തുടുത്ത’ ‘ചന്ദ്രകിരണങ്ങള്‍ രാഗങ്ങളായി’ അങ്ങനെ സെമിക്ലാസിക്കല്‍ ശൈലിയോടുള്ള അദ്ദേഹത്തിന്റെ ചോയിസ് ഏറെ പ്രകടമായിരുന്നു. ‘അനുരാഗമേ’, ‘അരയാല്‍ മണ്ഡപം’, ‘രവിവര്‍മ്മച്ചിത്രത്തിന്‍’, ‘ഇന്ദീവരങ്ങളിമ തുറന്നു’ ‘ഏഴു സ്വരങ്ങള്‍ തന്‍ ഇന്ദ്രജാലമേ’, ‘ഭൂമിതന്‍ പുഷ്പാഭരണം’, ‘പാര്‍വതി സ്വയംവരം’, ‘സ്വയംവര കന്യകേ’, ‘കളിവിളക്കിന്‍’…. ഇങ്ങനെ നിരവധി പാട്ടുകള്‍…. അതേസമയം ഗസല്‍മാതൃകയില്‍ ചമയിച്ചെടുത്ത ‘ചമ്പകത്തൈകള്‍’ എന്ന ഗാനം വേറിട്ടുനില്‍ക്കുന്നു. ഇതേ ഗസല്‍മാതൃകയില്‍ വേറെയും അര്‍ജുനഗീതങ്ങള്‍ ഉണ്ടെന്നത് കൗതുകമുണര്‍ത്തുന്നു. ‘ശ്രാവണ പൗര്‍ണ്ണമി പന്തലിട്ട്’ എന്ന ഗാനവും ഇതേ ഗസല്‍ മാതൃകയില്‍ സ്വരൂപപ്പെടുത്തിയ ഒന്നാണ്.
ശ്രീകുമാരന്‍ തമ്പി – അര്‍ജുനന്‍ കൂട്ടുകെട്ടിലെ വൈവിധ്യം മനസിലാക്കുവാന്‍ ഈ ഗാനങ്ങള്‍ അനുഭവിച്ചറിഞ്ഞാല്‍ മതിയാകും. ‘കസ്തൂരി മണക്കുന്നല്ലോ’, ‘ചന്ദ്രക്കല മാനത്ത്’, ‘വാല്‍ക്കണ്ണെഴുതി’, ‘ഓടിപ്പോകും വസന്തകാലമേ’, ‘ശില്‍പികള്‍ നമ്മള്‍’, ‘കുടുകുടു പാടിവരും’, ‘തേന്‍പൂവേ’ എന്നിങ്ങനെ….. ”വാല്‍ക്കണ്ണെഴുതി” എന്ന ഗാനത്തിന്റെ മനോഹാരിതയെ ‘A Beauty beyond comparison’ എന്നു പറഞ്ഞാല്‍ അത് അധികമാവില്ല. മെലഡിയുടെ പുതിയ സാധ്യതകള്‍ മുഴുവനും പണിതുയര്‍ത്തുന്നുണ്ട് ഈ ഗാനം. കാലത്തിന് മുമ്പേ നടന്ന സംഗീതസംവിധായകന്‍ കൂടിയാണ് അര്‍ജുനന്‍ മാഷെന്ന് കാണിക്കാന്‍ ഈ ഗാനങ്ങള്‍ മതിയാകും.

പാട്ട് മാഷിനെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായ ഒരു നിര്‍മ്മിതിക്കപ്പുറം അത് സെമി ക്ലാസിക്കല്‍ സ്വരൂപത്തിന്റെ സകല ധാരകളെയെല്ലാം ഒന്നിച്ചാശ്ലേഷിക്കുന്ന ഒന്നാണ്. അത്തരമൊരു മൂല്യവിചാരം കലാത്മകമായി നടത്തുമ്പോള്‍ നാം കാണുന്നത് പാട്ടിലനുവര്‍ത്തിക്കുന്ന ഭാഷകൊണ്ട് അദ്ദേഹം ഏറെ കാല്‍പനികന്‍ ആണെന്നാണ്. എന്നാല്‍ ആത്യന്തികമായ ചില പ്രമേയ പരിണാമങ്ങള്‍ സിനിമയില്‍ വന്നതിനനുബന്ധമായി പാട്ടില്‍ അത്തരമൊരു നവീകരണം നടത്താന്‍ അര്‍ജുനന്‍ മാഷിന് സാധ്യമായിട്ടുണ്ട്. ‘Songs in plurality’ അഥവാ പാട്ടിനെ ജീവിതത്തിന്റെ ബഹുസ്വരതയില്‍ കാണാനുള്ള കഴിവ് ഗുരുവായ ദേവരാജന്‍ മാഷില്‍ നിന്ന് അര്‍ജുനന്‍ മാഷിലേക്ക് അങ്ങനെ പകര്‍ന്നുകിട്ടിയിട്ടുണ്ട്. അനുരാഗ പരിമളം പൊഴിയുന്ന എത്രയോ അസുലഭമാത്രകള്‍ അദ്ദേഹത്തിന്റെ ഗാനങ്ങളില്‍ നിരന്തരം കടന്നുവരുന്നു. പാട്ടില്‍ കൊണ്ടുവന്ന മെലഡിയുടെ ലാളിത്യം, ഭാവം, ഗൃഹാതുരത, ലയഭംഗികള്‍ എന്നിവ തന്നെയാണ് അര്‍ജുനന്‍ മാഷിന്റെ സംഗീത ജീവിതത്തെ കാലാതിവര്‍ത്തിയാക്കുന്നത്.

Related News