Loading ...

Home Music

എത്ര സുധാമയമീ ഗാനം

ഡോ. എം ഡി മനോജ്

ഉമ്പായിയുടെ ഗാനകലയില്‍ വിസ്മയകരമായ ഒരു കയ്യടക്കം എക്കാലത്തുമുണ്ടായിരുന്നു. അതൊരിക്കലും അക്കാദമികമായിരുന്നില്ല. നാദത്തിന്റെ അനന്തവൈചിത്ര്യങ്ങളുടെ ഒരു പ്രാതിനിധ്യമൊന്നുമായിരുന്നില്ല അതിനെ നിയന്ത്രിക്കുന്നത്; പകരം ലളിതങ്ങളായ താളലയങ്ങളുടെ എവിടെ നിന്നോ കൈവരുന്ന ഒരു സൗകര്യസമന്വയമായിരുന്നു അത്. ഉമ്പായി തന്നെ സംഗീതമായി മാറുന്ന ഒരു ശരീരഭാഷയുണ്ടായിരുന്നു അദ്ദേഹത്തിന്. ആ സംഗീതത്തിന്റെ ലയഭംഗികള്‍ അദ്ദേഹത്തിന് മാത്രം സ്വന്തമായിരുന്നു. അതിന്റെ നാദസൂക്ഷ്മതയില്‍ അദ്ദേഹത്തിന് എക്കാലത്തും ഉത്ക്കണ്ഠയുണ്ടായിരുന്നു. എങ്കിലും അതിനടിയില്‍ ശ്രുതി ശുദ്ധിയുടെ ഒരു നദി വിഘ്‌നം കൂടാതെ ഒഴുകിക്കൊണ്ടിരുന്നു. അത് മെലഡിയുടെ രാഗപരമായ അനുശ്രുതികള്‍ തന്നെയായിരുന്നു. പാട്ടിലെ സാഹിത്യത്തെ ഉന്നത തലങ്ങളിലേക്ക് ഉയര്‍ത്തുകയായിരുന്നു ഉമ്പായി. ആ നാദത്തിന്റെ ആത്മപ്രകാശനശേഷി അപാരവുമായിരുന്നു. നാദത്തിന്റെ നിറംചാര്‍ത്തിയ കാല്‍പനികത കൂടിയായിരുന്നു അത്. ഏകാന്തതയെന്നത് നനഞ്ഞുതീരുന്ന ഒരു മഴയുടെ രൂപം പ്രാപിക്കുകയാണദ്ദേഹത്തിന്റെ പാട്ടു കേള്‍ക്കുമ്പോള്‍… അല്ലെങ്കില്‍ ”ഒരു പൂവിടര്‍ന്നപോലെ” സൗമ്യമാര്‍ദ്രമായി…. പിന്നെയും കേട്ടുകേട്ടിരിക്കുമ്പോള്‍ ഒരു നിശബ്ദത, നിലാവുപോലെ വന്നുനിറയുകയാണ്.
ഭാരതീയസംഗീതം നിലനില്‍ക്കണമെന്നും നമ്മുടെ സംസ്‌കാരം തന്നെ സംഗീതമാണെന്നും ഉമ്പായി വിശ്വസിച്ചിരുന്നു. ‘ഹാര്‍മോണിയം മുന്നില്‍വച്ച് വിരല്‍ പ്രയോഗിച്ച് ചെയ്യുന്ന കവിത ഹൃദയംകൊണ്ട് വായിച്ചാല്‍ കവിത ആവശ്യപ്പെടും എന്നെ ഈ രാഗത്തില്‍ കംപോസ് ചെയ്താല്‍ മതി’എന്നുള്ള മെഹ്ദിഹസന്റെ വാക്കുകള്‍ ആയിരുന്നു ഉമ്പായിയെ സംഗീതജീവിതത്തില്‍ സ്വാധീനിച്ചത്. പാട്ടുകാരുടെയിടയില്‍ അങ്ങനെയൊരു നാട്യവുമില്ലാത്ത ആളായിരുന്നു ഉമ്പായി. കേട്ടുമാത്രം ശീലമുള്ള ഒരു സംഗീതശ്രേണിയില്‍ പ്രത്യേകിച്ചും ഉറുദു ഗസലില്‍ ആദ്യകാലം മുതലേ അദ്ദേഹം പ്രിയം കണ്ടെത്തിയിരുന്നു. ഉറുദുവില്‍ അദ്ദേഹം സ്വയമൊരു അറിവുണ്ടാക്കുകയായിരുന്നു. ഗസലിന്റെ ക്രാഫ്റ്റ് അതിന്റെ രചനയിലും സംഗീതത്തിലും ഒരുപോലെ പടര്‍ന്നുകിടക്കുന്നു എന്നൊരു ഉള്‍ബോധം അദ്ദേഹത്തിനെപ്പോഴുമുണ്ടായിരുന്നു. അതില്‍ സ്വന്തം നാടായ മട്ടാഞ്ചേരിയുടെ, മെഹ്ബൂബിയന്‍ തുടര്‍ച്ചകള്‍ ഉണ്ടായിരുന്നു. ശ്രുതി തന്നെ സംഗീതമാകുന്നപോലെ. ഒന്നും പഠിക്കാത്ത ഒരു ബ്രില്യന്‍സ് ഉണ്ടായിരുന്നു ആ ആലാപനത്തിന്. തബലയും ഹാര്‍മോണിയവും ഒരുപോലെ കൈകാര്യം ചെയ്തിരുന്നതിനാല്‍ അതുണ്ടാക്കിയ അലകള്‍ ആവണം സംഗീതസംവിധാനത്തിലേക്ക് കടക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ച ഘടകം.



ഉമ്പായിയുടെ ഗസലുകളില്‍ ഹൃദയത്തെ സ്വാധീനിക്കുന്ന സംഗീതബാഹ്യമായ എന്തോ ഒന്നുണ്ടായിരുന്നു. സംഗീതമായിരുന്നു അദ്ദേഹത്തിന് ജീവിതം. ‘കവിതയെ സ്‌നേഹിക്കുകയും അതിനെ മാറോടണച്ചു ചുംബിക്കുകയും അങ്ങനെ കവിതയെ അനശ്വരമാക്കുകയും കവിത അനശ്വരമാകുമ്പോള്‍ ജീവിതം അനശ്വരമാകുന്നു’ എന്നുമൊക്കെ പാടിയ ജഗത്‌സിംഗിന്റെ ഗസലുകളെയായിരുന്നു ഉമ്പായി തന്റെ സംഗീതത്തില്‍ കൂട്ടുപിടിച്ചിരുന്നത്. ഓരര്‍ഥത്തില്‍ കവിതയെ ഗസലുമായി ചേര്‍ത്തുകെട്ടുകയായിരുന്നു ഉമ്പായി. അതില്‍ മലയാളിയുടെ പ്രിയ കവികളായ ഒഎന്‍വിയും യൂസഫലി കേച്ചേരിയും സച്ചിദാനന്ദനുമൊക്കെ കൂട്ടുചേര്‍ന്നിരുന്നു. ഓരോരുത്തരുടെയും കവിതകളുടെയും ഉള്ളറിഞ്ഞുതന്നെയാണ് അവയെയെല്ലാം ഈണംകൊണ്ടും ആലാപനം കൊണ്ടും അനശ്വരമാക്കിയത്. ‘പാടുക സൈഗാള്‍ പാടൂ’ എന്ന ഒഎന്‍വി – ഉമ്പായി ആല്‍ബത്തിലെ ‘എന്നും ഒരു പൂവ്’, ‘എന്തിന് കൊട്ടിയടയ്ക്കുന്നു’ എന്നിങ്ങനെയുള്ള ഗസലുകളിലൊക്കെ പെയ്തുനിറയുന്ന നീലവെളിച്ചത്തിന്റെ നിലാമഴയൊന്നു വേറെതന്നെയാണ്.

UMBAYI JANAYUGOM

‘ഏതപൂര്‍വ്വനിമിഷത്തില്‍’ എന്ന ഗാനം നമുക്ക് ആലാപനസൗഖ്യത്തിന്റെ അത്യപൂര്‍വമായ ഒരു നിമിഷമൊരുക്കുന്നു. ആദ്യ ആല്‍ബമായ ‘പ്രണാമ’ത്തിലെ ‘സുനയനേ സുമുഖി’ എന്ന ചാരുതയാര്‍ന്ന വിളിപ്പേരില്‍ ഗസലില്‍ പ്രേമമധുരം മുഴുവന്‍ തുളുമ്പിനില്‍ക്കുന്നു. ‘വീണ്ടും പാടാം സഖി’ എന്ന ഉമ്പായിയുടെ പേരുകേട്ട ഗസലിലുമെല്ലാം പ്രണയാരാധനയുടെ മാസ്മരികതയുണ്ട്. ‘സഖി’ യെന്നും ‘ഭദ്രേ’യെന്നുമൊക്കെ ഉമ്പായി പാടുമ്പോള്‍ അതിനിടയില്‍ വിടരുന്ന മൗനവും നിശബ്ദതയും മുഴക്കവുമെല്ലാം വേറിട്ടു നില്‍ക്കുന്നുവെന്നാണനുഭവം. ഒഎന്‍വിയുമായി ചേര്‍ന്നൊരുക്കിയ ‘നന്ദി പ്രിയ സഖി നന്ദി’ എന്ന ആല്‍ബത്തില്‍ ഇങ്ങനെ ഒരനുഭവം നമ്മെ മാടിവിളിക്കുന്നുണ്ട്. ‘പിന്നെയും പാടുന്നു സൈഗാള്‍’ എന്ന ആല്‍ബത്തിലെ ‘ആ നില്‍പില്‍ ഒരു നോക്ക്’ എന്ന കവിത ഗസലായിത്തീരുമ്പോള്‍ ഉള്ള പ്രസന്നശാന്തത ഒന്നു വേറെ. പാട്ടിനിടയ്ക്ക് കടന്നുവരുന്ന ‘ചില നില്‍പുകള്‍’ തന്നെയാണതിന്റെ സൗഖ്യം. ‘മധുരം ബാംസുരിനാദമെത്ര’ മധുരമാണ് കേള്‍ക്കാന്‍! ‘മാവുകള്‍ പൂത്തു മണം’ എന്ന ഗസലിലെ ‘കാത്തിരിക്കുന്നുവോ നര്‍ത്തകീ’ എന്ന ഭാഗത്തിലുമുണ്ട് ഉമ്പായിയുടെ സകല ആലാപനമുദ്രകളും. ‘നിദ്രയില്‍ വെറുമൊരു സ്വപ്നമായ് ഭദ്രേ നീയൊന്നരുകില്‍ വരികയില്ലേ’ എന്നൊരു വരിയിലെ പ്രാസത്തില്‍ പോലും ഉമ്പായിയുടെ സ്വരഭംഗികള്‍ നിറംചാര്‍ത്തുന്നുണ്ട്. ‘മനസ്വിനി മധുമാലിനി നീ എവിടെ;’ ‘മാനിനി അഭിമാനിനി’ എന്നൊക്കെ ഉമ്പായി പാടുമ്പോള്‍ ഒരു കാമുകാരാധനയുടെ അഭിസംബോധനകള്‍ അതീവഭംഗികളായിത്തീരുകയാണ്. അതിലെ വ്യത്യസ്തതകള്‍ തന്നെ നമ്മെ അനുഭൂതി തലങ്ങളിലേക്ക് നയിക്കുകയാണ്. ‘അത്രമേല്‍ ആശിച്ചു നിന്നെ ഞാന്‍ ആശതന്‍ പൊന്‍വിളക്കേ’ (യൂസഫലി കേച്ചേരി) എന്ന ഗസലിലൊക്കെ ഉമ്പായി പറഞ്ഞതുപോലെ രാഗത്തില്‍ (അനുരാഗത്തില്‍) കവിത ലയിപ്പിച്ചതുപോലെ… ‘അത്രമേല്‍’ എന്നു തുടങ്ങുന്ന പാട്ടിന്റെ ചരണത്തില്‍ ‘കണ്ണീരും കയ്യുമായ് രാധിക കണ്ണനെയെന്നപോലെ’ എന്ന ഭാഗത്തെത്തുമ്പോള്‍ ആണ് ആരാധനയുടെ സമസ്ത പൊരുളുകളും ഉള്ളുരുര്‍വായിത്തീരുന്നത്.

umbayi gazal janayugom

‘മധുരിക്കും നുണയല്ല’ എന്നു തുടങ്ങുന്ന ഗസലില്‍ ‘കുങ്കുമപ്പൂ’ എന്ന് പാടുന്നൊരു ഭാഗത്തിലുണ്ട് ഉമ്പായിയുടെ സ്വരമര്‍പ്പിക്കുന്ന പ്രണയനിര്‍വൃതികള്‍. സച്ചിദാനന്ദന്റെ വരികളില്‍ ‘അകലെ മൗനംപോല്‍’, ‘മോഹനമീരാത്രി’ എന്നിവയ്ക്ക് ഉമ്പായി നല്‍കിയ ഈണവും ആലാപനവും ശ്രദ്ധേയമായിരുന്നു.
ബോംബെ നഗരത്തിലെ ജീവിതമാണ് ഉമ്പായിയുടെ സംഗീതത്തെ രൂപപ്പെടുത്തിയതും ഉണ്‍മയുള്ളതാക്കിയതും. വെറും ചായയിലും ബീഡിയിലും ചരസിലും ഉണര്‍വുകൂടിയ ഒരു ജീവിതം. അവിടെവച്ചാണ് അദ്ദേഹം ഉസ്താദ് മുജുവര്‍ അലിഖാനെ കണ്ടുമുട്ടുന്നത്. ജീവിതത്തിലെ സുവര്‍ണനിമിഷമായി അതിനെ അദ്ദേഹം തിരിച്ചറിയുകയും ചെയ്തു. ഏഴു വര്‍ഷക്കാലത്തെ സംഗീതപഠനശേഷം പിന്നീട് ഗുരുവിനെ വിട്ട് നാട്ടിലൊരു ഹോട്ടലില്‍ പാടിയെങ്കിലും അതൊന്നും പച്ചപിടിച്ചില്ല. ‘ആദാബ്’ എന്നൊരു ആല്‍ബമുണ്ടാക്കുന്നത് ഇതിനിടയ്ക്കാണ്. നിരവധി എം പിമാര്‍ ഒന്നിച്ച ഡല്‍ഹിയിലെ ഒരു സായന്തനത്തിലാണ് മലയാള ഗാനങ്ങള്‍ പാടുന്നതിനിടയില്‍ മലയാളം കവിതകള്‍ക്ക് ഒരു ഗസല്‍ രൂപം ആയിക്കൂടെ എന്ന ചോദ്യമുയര്‍ന്നത്. അതില്‍ നിന്നാണ് ഉമ്പായി – വേണു വി ദേശത്തിന്റെ ‘പ്രണാമ’മെന്ന ആദ്യ ആല്‍ബമുണ്ടാകുന്നത്.

UMBAYI JANAYUGOM 1

സൂക്ഷ്മശ്രുതിയുടെ ലയബോധം, തീക്ഷ്ണതയ്ക്കു പകരമുള്ള സൗമ്യത, ഒരു രാഗഘടനയില്‍ നിന്നുയരുന്ന ലയഭംഗികള്‍, ക്ലാസിക്കല്‍ ഛായയുള്ള ബിംബങ്ങള്‍, പദസംഗീതത്തില്‍ പുലര്‍ത്തുന്ന ധ്യാനം, വികാരപരതയുടെ ആവിഷ്‌കാരം, അനുരാഗ കല്‍പനകളെ ഭാവാത്മകമാക്കി പാട്ടില്‍ കൊത്തിയെടുക്കല്‍, മികവുറ്റ രീതിയില്‍ ഉള്‍ത്താളങ്ങളെ ഇണക്കിച്ചേര്‍ക്കല്‍ ഇങ്ങനെ നിയന്ത്രിതവും സൗമ്യവുമായ ഒരു ശില്‍പവിദ്യയാണ് ഇക്കാലമത്രയും പാട്ടില്‍ ഉമ്പായി അന്നു ശീലിച്ചുപോന്നിരുന്നത്. ഗസലിന്റെ ഏറ്റവും പ്രസാദാത്മകമായ ശൈലി മലയാളത്തില്‍ സമ്മോഹനമായി ആവിഷ്‌കരിച്ചുവെന്നതില്‍ നാം അദ്ദേഹത്തോട് എന്നും കടപ്പെട്ടിരിക്കുന്നു. അത്രമാത്രം അനുരാഗത്തിന്റെ അനുഭവ ലോകങ്ങള്‍ പാട്ടില്‍ ഉമ്പായി മലയാളികള്‍ക്കായി പകര്‍ന്നുതന്നുവെന്നു പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല. അതിന് അദ്ദേഹമാലപിച്ച വരികള്‍തന്നെ സാക്ഷ്യങ്ങളാണ്. ‘ഗാനപ്രിയരേ, ആസ്വാദകരേ ഗസല്‍മാല ചൂടാന്‍ വരൂ… മാനസചഷകത്തില്‍ സ്വരരാഗങ്ങള്‍തന്‍ മധുരം നേദിക്കാന്‍….’
umbai

Related News