Loading ...

Home Music

ദൈവസ്‌നേഹ'ത്തിന്റെ തൂലിക വീണ്ടും....... by ബിബിന്‍ ബാബു

'ദൈവസ്‌നേഹം വര്‍ണ്ണിച്ചീടാന്‍ വാക്കുകള്‍ പോരാ...', 'ദൈവാരൂപിയേ സ്‌നേഹജ്വാലയായ്......'ആത്മീയതയെ ഏറ്റം ലളിതായി കുറിച്ചിട്ട ഈ വരികള്‍ പാടിപ്പതിഞ്ഞ മനസ്സുകളേറെ....ചുണ്ടുകളില്‍ നിന്ന് ചുണ്ടുകളിലേക്ക്...തലമുറയില്‍ നിന്ന് തലമുറയിലേക്ക്.....കടമെടുക്കുന്ന ഈ പാട്ടിന്റെ വരികളും ഈണവും കാലം കടന്നുപോകുന്തോറും വീഞ്ഞുപോലെ മാധുര്യമേറുകയാണ്. ഈ വരികളെഴുതിയതാരെന്ന് പലര്‍ക്കുമറിയില്ലെങ്കിലും പുത്തന്‍ സിനിമകളിലുള്‍പ്പെടെ തന്റെ ഗാനം കടമെടുക്കുന്നതില്‍ അദ്ദേഹം സംതൃപ്തനാണ്. സീറോമലബാര്‍ സഭയുടെ ചിക്കാഗോ രൂപതയ്ക്ക് കീഴിലുള്ള ന്യൂയോര്‍ക്ക് ബോനിഫസ് പള്ളിയില്‍ വികാരിയായി കഴിയുകയാണ് ഇതിന്റെ രചയിതാവായ ഫാ. തദേവൂസ് അരവിന്ദത്ത് ഇപ്പോള്‍. ഒരു കാലത്ത് നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങളൊരുക്കി ശ്രദ്ധേയനായ അദ്ദേഹം പതിനാലുവര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും പുതിയ ഭക്തിഗാന ആല്‍ബവുമായി എത്തുകയാണ്.
സംഗീതവര്‍ഷങ്ങള്‍........

വൈക്കം സ്വദേശികളും പിന്നീട് ചേര്‍ത്തലയില്‍ സ്ഥിരതാമസമാക്കിയവരുമായ അരവിന്ദത്ത് വീട്ടില്‍ ജോസഫ്അന്നമ്മ ദമ്പതികളുടെ ആറുമക്കളില്‍ നാലാമനായിട്ടാണ് തദേവൂസ് അച്ചന്റെ ജനനം. ആലുവ മംഗലപ്പുഴ സെമിനാരിയിലുള്‍പ്പെടെയുള്ള പഠനങ്ങള്‍ക്ക് ശേഷം 83ല്‍ വൈദീകനായി. തുടര്‍ന്ന് കൊരട്ടി, പള്ളിപ്പുറം, മലയാറ്റൂര്‍ ഇടവകകളില്‍ അസി.വികാരിയായിരുന്നു. വിമലഗിരി, വെണ്ണല എന്നിവിടങ്ങളില്‍ വികാരിയായും സേവനം അനുഷ്ഠിച്ചു. ശേഷം ഏഴുവര്‍ഷം എറണാകുളംഅങ്കമാലി അതിരൂപതയുടെ പില്‍ഗ്രിംസ് കമ്മ്യൂണിക്കേഷന്‍സിന്റെ ഡയറക്ടറായിരുന്നു. 1988 മുതല്‍ 2001 വരെയുള്ള ഈ കാലയളവിലാണ് നിരവധി ഗാനങ്ങളെഴുതുന്നത്. തരംഗിണിക്ക് വേണ്ടി സ്‌നേഹപ്രകാശം ഉള്‍പ്പെടെ അഞ്ജനം, അമൃതം, ആത്മീയം, വിശ്വാസം തുടങ്ങി നിരവധി ഭക്തിഗാന ആല്‍ബങ്ങള്‍ ഈയിടയ്ക്ക് അദ്ദേഹത്തിന്റേതായി ഇറങ്ങി.
 

ഇതിനകം ഏകദേശം മുന്നൂറോളം ഭക്തി ഗാനങ്ങള്‍ എഴുതിയുട്ടുണ്ടിദ്ദേഹം. എസ്.പി വെങ്കിടേഷ്, ഔസേപ്പച്ചന്‍, ജെറി അമല്‍ദേവ്, എമില്‍ ജെ.ഐസക്‌സ്, ജെര്‍സണ്‍ ആന്റണി, ബേണി ഇഗ്‌നേഷ്യസ്, റെക്‌സ് ഐസക്‌സ്, വയലിന്‍ ജേക്കബ്, റാഫി കാരക്കാട്ട് തുടങ്ങി നിരവധി സംഗീതസംവിധായകരോടൊപ്പം ചേര്‍ന്നാണ് ഇദ്ദേഹം ഗാനങ്ങളൊരുക്കിയിരിക്കുന്നത്.
അടുത്തവര്‍ഷം ആദ്യത്തോടെ ഇറങ്ങുന്ന തന്റെ 20ാമത്തെ ആല്‍ബം ക്രിസ്തീയ ഭക്തിഗാനരംഗത്തെ പുതിയ സംവിധായകരായ പ്രിന്‍സ് ജോസഫ്, ഹെക്ടര്‍ ലൂയിസ് എന്നിവരോടൊപ്പമാണെന്ന് ഇദ്ദേഹം പറയുന്നു. കുഞ്ഞുമനസ്സിന്‍ നൊമ്പരങ്ങള്‍, ശത്രുസ്‌നേഹം, ഈശോ എന്നെ സ്പര്‍ശിച്ചു, അതിരുകളില്ലാത്ത സ്‌നേഹം തുടങ്ങിയ ഏതാനും ഗാനങ്ങള്‍ അച്ചന്‍ തന്നെ എഴുതി ഈണം നല്‍കിയവയാണ്.
 à´¸àµ€à´±àµ‹à´®à´²à´¬à´¾à´°àµâ€ സഭ കുര്‍ബ്ബാനക്രമത്തിലെ പാട്ടുകള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് തദേവൂസ് അച്ചനും സംഗീതസംവിധായകന്‍ ജാക്‌സണ്‍ അരൂജയും ചേര്‍ന്നാണ്. ജോണി സാഗരിക, ടോമിന്‍ ജെ.തച്ചങ്കരി എന്നിവരോടൊപ്പവും അച്ചന്‍ പാട്ടുകള്‍ ഇറക്കിയിട്ടുണ്ട്.

ജീവിതയാത്രയുടെ ഗാനങ്ങള്‍

എണ്‍പതുകളിലിറക്കിയ 'കുഞ്ഞുമനസ്സിന്‍ നൊമ്പരങ്ങള്‍' എന്ന ഗാനം ഏറെ വര്‍്ഷങ്ങള്‍ക്ക് ശേഷം സത്യന്‍ അന്തിക്കാടിന്റെ 'ഇന്ത്യന്‍ പ്രണയകഥ' എന്ന ചിത്രത്തില്‍ പാടികേട്ടപ്പോഴും 'ദൈവസ്‌നേഹം വര്‍ണ്ണിച്ചീടാന്‍' എന്ന ഗാനം അല്‍ഫോന്‍സ് പുത്രന്റെ 'പ്രേമം' സിനിമയില്‍ പാടിയപ്പോഴും തന്റെ പാട്ടുകള്‍ ഇപ്പോഴത്തെ തലമുറ ഓര്‍ക്കുന്നതില്‍ ഏറെ സന്തോഷിച്ചുവെന്ന് തദേവൂസ് അച്ചന്‍ പറയുന്നു. പുതിയ ഗാനങ്ങള്‍ ഒരുക്കുന്നതിനുള്ള പ്രേരണയായതും അതാണ്. ജാതിയോ മതമോ നോക്കാതെ ഏവര്‍ക്കും ആസ്വദിക്കാന്‍ തക്ക പാട്ടുകളൊരുക്കാനാണ് എപ്പോഴും ശ്രമിച്ചിട്ടുള്ളത്. ഇനിയും അതിനായി ശ്രമിക്കും. എല്ലാം ഏറെ വേഗത്തിലുള്ള തലമുറയാണിത്. കാസെറ്റ്, ടേപ്പ് റിക്കാര്‍ഡ്, സിഡി കാലം മാറി എല്ലാവരും ഫല്‍ഷ് െ്രെഡവിലോ മൊബൈലിലോ പാട്ട് കേള്‍ക്കുന്ന കാലമാണ്. കാറില്‍ യാത്ര ചെയ്യുമ്പോഴായിരിക്കും പലരും പാട്ട് കേള്‍ക്കുന്നതും. അതിനാല്‍ ജീവിതയാത്രയുമായി ബന്ധപ്പെട്ട പാട്ടുകളാണ് പുതിയതായി ഒരുക്കുന്നത്. ദൈവവുമായി മുഖാമുഖം കാണുന്നതും ഒരു സുഹൃത്തിനെപ്പോലെ സംസാരിക്കുന്നതുമൊക്കെയായിരിക്കും പാട്ടിലെ വരികളില്‍ വരുന്നത്. പാട്ടെഴുത്ത് ഏകദേശം പൂര്‍ത്തിയായെങ്കിലും സംഗീതം നല്‍കിചിട്ടപ്പെടുത്തുന്നതിന് ഇനിയും സമയമെടുക്കുമെന്ന് അച്ചന്‍ പറയുന്നു.

ന്യൂയോര്‍ക്കില്‍ കൊക്കനട്ട് ബാന്‍ഡ്

 2002 മുതല്‍ അമേരിക്കയിലാണ് തദേവൂസ് അച്ചന്റെ തട്ടകം. കമ്മ്യൂണിക്കേഷനില്‍ ഉന്നതപഠനവും ഒപ്പം ന്യൂയോര്‍ക്ക് അതിരൂപതയിലെ പള്ളികളില്‍ സേവനവുമായിരുന്നു. കോറസ് സിങ്ങിങ്ങിനെ പ്രോത്സാഹിപ്പിക്കുന്നതിനായി 'കൊക്കനട്ട് ബാന്‍ഡ്' എന്ന പേരില്‍ ഒരു കൂട്ടം കുട്ടികളുടെ ബാന്‍ഡും അച്ഛന്‍ സംഘടിപ്പിച്ചിട്ടുണ്ട്. കേരളത്തില്‍ കരോക്കെ സംസ്‌കാരം വന്നതോടെ കോറസ് സിങ്ങിങ്ങ് പള്ളിയില്‍ നിന്ന് അന്യമായിരിക്കുകയാണ്. ഇത് പ്രതിഷേധാര്‍ഹമാണ്. വി.കുര്‍ബ്ബാനയില്‍ കരോക്കെ ഉപയോഗിക്കുന്നത് സഭ നിയമം മൂലം നിരോധിക്കേണ്ടതാണെന്ന് അച്ചന്റെ വാക്കുകള്‍. സീറോ മലബാര്‍ സഭയുടെ ചിക്കാഗോ രൂപതയുടെ ന്യൂയോര്‍ക്ക് റോക്ക്‌ലാന്‍ഡ് സെന്റ്.മേരീസ് സീറോമലബാര്‍ പള്ളിയിലും ന്യൂയോര്‍ക്ക് അതിരൂപതയുടെ ബോനിഫസ് പള്ളിയില്‍ വികാരിയായും ഇപ്പോള്‍ സേവനം അനുഷ്ഠിക്കുന്ന തദേവൂസ് അച്ചന്‍ ഇനി രണ്ടുവര്‍ഷത്തിലൊരിക്കല്‍ ഒരു ആല്‍ബമൊരുക്കി ഭക്തിഗാനരംഗത്ത് സജീവമാകാന്‍ തീരുമാനിച്ചിട്ടുമുണ്ട്. ന്യൂയോര്‍ക്കില്‍ വച്ച് മനസ്സില്‍ വരികളെഴുതും അവധിക്ക് നാട്ടിലെത്തുമ്പോള്‍ അത് കടലാസ്സിലേക്കും, അച്ചന്‍ പറയുന്നു.

Related News