Loading ...

Home Music

സ്വര്‍ഗ്ഗത്തില്‍ നിന്നൊരു ശബ്ദവും, നിഴല് പോലൊരാളും

ഹരികുമാര്‍

എപ്പോഴെങ്കിലും നിങ്ങള്‍ നുസ്രത് ഫത്തേ അലി ഖാനെ കേള്‍ക്കണം… സൂഫി സംഗീതത്തിന്റെ ഉന്മാദമറിയണം.. 'അദര്‍ വേള്‍ഡ് ലി (other-worldly) ' എന്നോ 'ഹെവന്‍ലി ' (heavenly) എന്നോ വിശേഷിപ്പിക്കുന്ന നുസ്രത്തിന്റെ പാട്ടുകള്‍ നമ്മെ കാരണമില്ലാതെ സന്തോഷിപ്പിക്കും..ഉന്മാദിപ്പിക്കും… പിന്നീട് എപ്പോഴെങ്കിലും ഒരു മൂളിപ്പാട്ടെങ്കിലും നാം പാടും…നമ്മെ പ്രണിയിപ്പിക്കും…. അസാധ്യമായ അദ്ദേഹത്തിന്റെ വോക്കല്‍ റേഞ്ച് കേള്‍വിക്കാരനെ വേറെയേതോ ലോകത്തെത്തിക്കും…


 
സൂഫി സംഗീതത്തിന്റെ കണ്ണിമുറിയാത്ത 600 വര്ഷങ്ങളുടെ പാരമ്ബര്യമുള്ള കുടുംബത്തിലാണ് നുസ്രത്തും ഫാറൂഖും ജനിച്ചത്.. പിതാവ് അദ്ദേഹത്തിനെ ഒരു ഡോക്ടര്‍ ആക്കാനാണ് താല്പര്യപ്പെട്ടതെങ്കിലും കാര്യങ്ങള്‍ തകിടം മറിഞ്ഞത് പെട്ടെന്നായിരുന്നു. ഒരിക്കല്‍ ഇന്ത്യന്‍ ഗായകന്‍ മുനവര്‍ അലി ഖാന്‍ പാകിസ്ഥാന്‍ സന്ദര്‍ശിക്കുകയുണ്ടായി , പരിപാടിയില്‍ അവതരിപ്പിക്കുവാന്‍ നല്ലൊരു തബലിസ്റ്റിനെ ലഭിക്കാതെ വിഷമിച്ചപ്പോഴാണ് ഫത്തേഹ് അലി ഖാന്‍ തന്റെ മകനായ നുസ്രത്തിനോട് മുനവ്വര്‍ അലിയെ അനുഗമിക്കാന്‍ ആവശ്യപ്പെട്ടത്.. ഒന്നുകില്‍ പഠനം അല്ലെങ്കില്‍ സംഗീതം… ഇത് തന്റെ അവസാന പരീക്ഷണമാണെന്നു ആണെന്ന് തന്നെ കുഞ്ഞു നുസ്രത് കരുതി.. മുനവ്വര്‍ അലിയെ അനുഗമിച്ചു.. പരിപാടി തുടങ്ങിയതും മുനവ്വറിനും ഫത്തേഹ് അലിക്കും ഒരു കാര്യം മനസ്സിലായി.. നുസ്രത്തിന്റെ വഴി സംഗീതമാണ്.. അവന്‍ ഒരു സാധാരണ കുട്ടിയെ അല്ല.. അതിനു ശേഷമാണു തന്റെ മകനെ ഫത്തേ അലി , ഗൗരവമായി തബലയും, ഹാര്മോണിയവും , പിന്നെ ഖവാലിയുടെയും ആദ്യ പാഠങ്ങള്‍ പഠിപ്പിച്ചു കൊടുക്കാന്‍ തുടങ്ങിയത്..ആ പഠനം പക്ഷെ അധികം നീണ്ടു നിന്നില്ല, പിതാവിന്റെ അകാലമരണം അതിനു തിരശീലയിട്ടു.. പിന്നീട് തന്റെ അമ്മാവന്മാരായ ഉസ്താദ് മുബാറക് അലി ഖാന്റെയും സലാമത് അലി ഖാന്റെയും ശിക്ഷണത്തിലാണ് അദ്ദേഹം സംഗീതപഠനം പൂര്‍ത്തിയാക്കുന്നത്… അച്ഛന്‍ മരിച്ചതിന്റെ പത്താം നാള്‍, പിതാവ് തന്നെ അനുഗ്രഹിച്ചതായി നുസ്രത് സ്വപ്നം കാണുകയുണ്ടായി..അങ്ങനെ നാല്പതാം നാള്‍ പിതാവിന്റെ സ്മരണാര്‍ത്ഥം അദ്ദേഹം ആദ്യമായി ഖവ്വാലി അവതരിപ്പിക്കുകയുണ്ടായി…പിന്നീട് എല്ലാം..ചരിത്രം.. പാക് സംഗീതത്തെ പറ്റി, ഖവ്വാലിയെ പറ്റി, സൂഫിസംഗീതത്തെ പറ്റി പറയുമ്ബോഴൊക്കെയും നമ്മള്‍ നുസ്രത്തിനെ പറയും…

അള്ളാ ഹൂ, ആഫ്രീന്‍, അഖിയാന്‍ ഉദീക് ജിയാ, അലി ദാ മലങ്, ഷാഹി മര്‍ദാന്‍ ഇ അലി,കാണ്ടേ ഉത്തെ മെഹറുമാവേ , തുമേ ദില്ലഗി, സാസോം കി മാല, ഹല്‍കാ ഹല്‍ക സുറൂര്, കിന്ന സോന , ദം മസ്ത് കലന്ദര്‍ , ആജ് രംഗ് ഹൈ , സനു ഏക് പല്‍ ചെയിന്‍ ന ആവേ, മസ്ത് നസരോം സെ , മേരെ പിയ ഘര്‍ ആയ് ഇവയൊക്കെ നമ്മെ ട്രാന്‍സെന്‍ഡ്‌ ചെയ്യിക്കും എന്നതില്‍ ഒരു തര്‍ക്കവുമില്ല….നുസ്രത് വളരുകയായിരുന്നു..രാജ്യത്തിന്റെയും, ഭൂഖണ്ഡങ്ങളുടെയും മതങ്ങളുടെയും അതിരുകളൊക്കെയും മറികടന്നുകൊണ്ട്…അല്ലെങ്കിലും വസന്തത്തിന് തടയിടാന്‍ ആര്‍ക്കുമാവില്ലല്ലോ.


 
പീറ്റര്‍ ഗബ്രിയേല്‍, കനേഡിയന്‍ പാട്ടുകാരന്‍ മൈക്കിള്‍ ബ്രുക് , എഡി വെഡ്‌ഡര്‍ തുടങ്ങിയവരുമായി ചേര്‍ന്ന് ഒട്ടനവധി ആല്‍ബങ്ങള്‍ അദ്ദേഹം പുറത്തിറക്കുകയുണ്ടായി… നിഗൂഢമായ റിലീജിയസ് ഗാനം എന്ന് കരുതി അവഗണിക്കപ്പെട്ട ഖവ്വാലിയെ ലോകമാകമാനം ഇത്തരത്തില്‍ പ്രചാരത്തിലാക്കിയതിന്റെ ക്രെഡിറ്റ് ഇദ്ദേഹത്തിനാണ്.. നൈസര്‍ഗികമായ വോയിസും ഹൈ ഓക്‌ട്ടെവ് വോക്കല്‍ റേഞ്ചും , മണിക്കൂറുകള്‍ നീളുന്ന അതി തീവ്രമായ ഗാനങ്ങളും ലോകത്തെയും പ്രത്യേകിച്ച്‌ യൂറോപ്യന്‍, അമേരിക്കന്‍ ജനതകളെ സ്തബ്ദരാക്കി…അത്തരമൊരു സംഗീത - വിസ്‌ഫോടനം അവര്‍ക്കു പരിചിതമേ അല്ലായിരുന്നു.. . അയാളുടെ ശബ്ദം ,പാട്ടുകള്‍ , സര്‍ഗങ്ങള്‍ , ആലാപുകള്‍ ഒക്കെയും കേള്‍വിക്കാരെ ഗൂഢമായി ഭ്രമിപ്പിച്ചു…സ്വയം മറന്നു പോവുന്ന കേള്‍വിക്കാരെയൊക്കെ എന്തിനോ വേണ്ടി സന്തോഷിപ്പിച്ചു……

പാട്ടുകാര്‍ ഒക്കെയും അനുഗ്രഹിക്കപെട്ടവര്‍ ആണ്.. അവരില്‍ ചിലര്‍ മഹാന്മാരായി വാഴ്ത്തപ്പെടും… എന്നാല്‍ ചുരുക്കം ചില പാട്ടുകാര്‍ ഉണ്ടാവും, കാലത്തേ അതിജീവിച്ചു നില്‍ക്കുന്നവര്‍.. നുസ്രത് പക്ഷെ കാലത്തെയും , ഭാഷയെയും, മതങ്ങളെയും മനസ്സുകളെയും അതിജീവിച്ചു.. അദ്ദേഹം പാടുമ്ബോഴൊക്കെയും മന്ത്രികമായ എന്തോ ഒന്ന് ആവിര്‍ഭവിച്ചു…ഉന്മാദവും വൈകാരികതയും ചൂടും തണുപ്പും അത് നമ്മെ അനുഭവിപ്പിച്ചു…വെറും ഇരുപതു വര്ഷം കൊണ്ട് തലമുറകളെ ധന്യമാക്കാനുള്ള പാട്ടുകള്‍ നമുക്ക് തന്നിട്ടാണ് അദ്ദേഹം നമ്മെ വിട്ടു പോയത്…

ഇനി ഫാറുഖിനെ പറ്റി… നുസ്രത്തിന്റെ മറുപാതി… നുസ്രത്തിനെ പറയുമ്ബോഴൊക്കെയും പറയേണ്ടവന്‍..നുസ്രത്തിനെ പൂര്‍ണനാക്കുന്നവന്‍.. ഈ ഇരുപതു വര്‍ഷവും നുസ്രത് അലിഖാന്റെ കൂടെ ഉണ്ടായിരുന്നത് രണ്ടേ രണ്ടു പേരാണ്… ഒന്ന് തബല മാസ്റ്റര്‍ ദില്‍ദാര്‍ ഹുസൈനും പിന്നൊന്നു അദ്ദേത്തിന്റെ നിഴല് പോലെ കൂടെ നടന്ന സഹോദരന്‍ ഫാറൂഖ് ഫത്തേ അലി ഖാനുമാണ് …
അതെ…ഉസ്താദ് ഫാറൂഖ് ഫത്തേ അലി ഖാന്‍… ഹാര്‍മോണിയം എടുത്തതില്‍ ലോകം കണ്ടതില്‍ വെച്ചേറ്റവും മികച്ചവന്‍…ഹാര്‍മോണിയം രാജ സാഹിബ് എന്നോ ഷാഹിന്‍ഷാ ഓഫ് ഹാര്‍മോണിയം എന്നോ അറിയപ്പെട്ടവന്‍… നിമിഷാര്ധ നേരം കൊണ്ട് അസാധ്യമായ നോട്ടുകള്‍ വായിക്കാനും, ഹാര്‍മോണിയത്തിലെ എല്ലാ സ്കെയിലുകളും അനായാസം കൈകാര്യം ചെയുന്നതില്‍ അതിവൈദഗ്ധ്യനും ആയിരുന്നു അയാള്‍…അതിലുപരി നുസ്രത്തിനോട് കിട പിടിക്കാന്‍ തക്ക വണ്ണം ശബ്ദസൗകുമാര്യം കൊണ്ട് അനുഗ്രഹീതനുമായിരുന്നു … നുസ്രത് പാടിയ പല പാട്ടുകളും ചിട്ടപ്പെടുത്തിയതും ഇതേ ഫാറൂഖായിരുന്നു..മാത്രമല്ല അവരുടെ ഖവാലി പാര്‍ട്ടിയുടെ ഓണ്‍ സ്റ്റേജ് പേസ് സെറ്റെര്‍ കൂടി ആയിരുന്നു ഫാറൂഖ്. ടെമ്ബോ മാറുമ്ബോള്‍, ഗതിവിഗതികളില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാവുമ്ബോള്‍ അത്തരം നിമിഷങ്ങളില്‍ കൃത്യമായി ഇടപെട്ടു അവയെ തിരികെ പിടിക്കുന്നതില്‍, കൃത്യമായ ആലാപുകള്‍ നല്‍കി നുസ്രത് നെ എലവേറ്റ് ചെയ്യിക്കുന്നതിലും ഫാറൂഖ് അതിവിദഗ്ദ്ധനായിരുന്നു. അയാള്‍ ആയിരുന്നു അതിന്റെ പറയപ്പെടാത്ത ലിഞ്ച് - പിന്‍ എന്നാല്‍ എന്നും നുസ്രത്തിന്റെ നിഴലില്‍ നടക്കാനായിരുന്നു അദ്ദേഹത്തിന്റെ വിധി.. അതാവട്ടെ അദ്ദേഹം സന്തോഷത്തോടെ , അഭിമാനത്തോടെ ചെയ്തു… നുസ്രത്തു അകാലത്തു വിട്ടു പിരിഞ്ഞപ്പോഴാകട്ടെ, തന്റെ മകന്റെ പിന്നില്‍ സന്തോഷത്തോടെ പിന്നണി പാടുന്ന ഫാറുഖിനെയും നാം കണ്ടു…

ഫാറൂഖ് ഫാറൂഖ് ആയതേയില്ല…അയാള്‍ എന്നും ഫത്തേ അലി ഖാന്റെ മകനായിരുന്നു, മഹാനായ നുസ്രത്തിന്റെ അനുജന്‍ മാത്രമായിരുന്നു … മുജാഹിദ് മുബാറകിന്റെ മച്ചുനനായിരുന്നു…റാഹത് അലി ഖാന്റെ അച്ഛനായിരുന്നു…ഒരു പക്ഷെ നുസ്രത്തിനെ നുസ്രതാക്കുവാന്‍ മാത്രമായിരുന്നിരിക്കാം ഫാറൂഖ് ജനിച്ചിട്ടുണ്ടാവുക…
അല്ലെങ്കിലും ചിലരുണ്ട്… എന്നും രണ്ടാമനാവാന്‍ ജനിക്കുന്നവര്‍…മറ്റുള്ളവരക് വേണ്ടി ജനിച്ചവര്‍…തിരശീലയ്ക്കു പിന്നില്‍ മാത്രം നില്‍ക്കുന്നവര്‍… …അടയാളപ്പെടുത്തലുകള്‍ ഒന്നുമേയില്ലാതെ ജീവിച്ചവര്‍, … വാഴത്തപ്പെടാതെ പോകുന്ന മാന്ത്രികര്‍… പാടാത്ത പാട്ടിലെ അറിയാത്ത നായകന്മാര്‍

Related News