Loading ...

Home peace

ജാതിവിവേചനം പേറുന്ന മുസ് ലിം ജീവിതങ്ങള്‍. എസ്. ഷിറാസ് പൂവച്ചല്‍

കൊല്ലം ജില്ലയിലെ മാമൂട് എന്ന സ്ഥലത്ത് 200 ഓളം കുടുംബങ്ങളുള്ള ബാര്‍ബര്‍മാര്‍ക്ക് മാത്രമായി ഒരു മഹല്ല് നിലവില്‍വന്നിട്ട് കുറച്ചുകാലമായി
ബിരുദാനന്തര ബിരുദത്തിന് ഡല്‍ഹിയില്‍ പഠനമാരംഭിച്ചശേഷമാണ് ഏതു ജാതിയിലുള്‍പ്പെടുന്നുവെന്ന ചോദ്യം ആദ്യമായി അഭിമുഖീകരിച്ചത്. ഇനീഷ്യലിലുള്ള ‘എസ്’ എന്ന അക്ഷരം സയ്യിദാണോ ശൈഖാണോ എന്നതായിരുന്നു ഒരു സംശയത്തിന് കാരണം. കേരളത്തിലെ മുസ്ലിം സമൂഹത്തില്‍ ഉത്തരേന്ത്യയിലേതിനോളം പ്രബലമല്ളെങ്കിലും ഹൈന്ദവ സാംസ്കാരിക ഇടപെടലുകളില്‍നിന്ന് പകര്‍ന്നുകിട്ടിയ ജാതിബോധവും തറവാടിത്ത മേല്‍ക്കോയ്മയും അധികാരശ്രേണി വിവേചനങ്ങളും കേരളീയ മുസ്ലിം സാമൂഹിക ജീവിതത്തിലും കാണാനാകും.
കൊല്ലം ജില്ലയിലെ മാമൂട് എന്ന സ്ഥലത്ത് 200 ഓളം കുടുംബങ്ങളുള്ള ബാര്‍ബര്‍മാര്‍ക്ക് മാത്രമായി ഒരു മഹല്ല് നിലവില്‍വന്നിട്ട് കുറച്ചുകാലമായി. മയ്യിത്ത് ഖബറടക്കവുമായി ബന്ധപ്പെട്ടും മദ്റസാ വിദ്യാര്‍ഥികളോടുള്ള വിവേചനവുമായി ബന്ധപ്പെട്ടുമാണ് പ്രസ്തുത മഹല്ല് നിലവില്‍വന്നത്. അഞ്ചുശതമാനം മാത്രം ബാര്‍ബര്‍ തൊഴിലാളികളുള്ള, പുതുതലമുറയധികവും വിദ്യാസമ്പന്നരും സര്‍ക്കാര്‍ ജോലിക്കാരും പ്രഫഷനലുകളുമാണ്. ഇന്ന് ബാര്‍ബര്‍ തൊഴിലെടുക്കുന്നവര്‍ വിരലിലെണ്ണാവുന്നവര്‍. പ്രസ്തുത മഹല്ല് സെക്രട്ടറി ചോദിക്കുന്നു: ഇനിയൊരു 10 വര്‍ഷംകൂടി കഴിയുമ്പോള്‍ മുസ്ലിംകള്‍ക്ക് തങ്ങളുടെ നവജാതശിശുക്കളുടെ മുടികളയാന്‍ ബാര്‍ബര്‍മാരെ കിട്ടാത്ത അവസ്ഥയുണ്ടാകും. അതിനുകാരണം സമുദായത്തിന്‍െറ ബാര്‍ബര്‍മാരോടുള്ള വിവേചന സമീപനമാണ്.പൊന്നാനി ജുമുഅത്ത് പള്ളിക്കടുത്ത മരക്കടവിലെ ചെറിയ പള്ളി. നിര്‍ധനരായ രണ്ടു സ്ത്രീകള്‍ തങ്ങളുടെ പെണ്‍കുട്ടികളുടെ വിവാഹാലോചനക്ക് സാമ്പത്തികസഹായം അഭ്യര്‍ഥിച്ചുകൊണ്ട് പള്ളിയിലെ ഇമാമിനെ സമീപിച്ചു. ഇപ്പോള്‍ വറുതിയാണെന്നും വലിയ വള്ളക്കാര്‍ മീന്‍പിടിത്തം കഴിഞ്ഞുവരുന്ന സമയത്ത് അവരോടു പറയാമെന്നും നിങ്ങള്‍ കുറച്ചുദിവസം കഴിഞ്ഞ് വരണമെന്നും മറുപടിനല്‍കി. വള്ളക്കാരോട് വിവരം പറഞ്ഞ മൗലവിയോട് ചെറുപ്പക്കാരനായ മത്സ്യത്തൊഴിലാളി പറഞ്ഞു: പാവപ്പെട്ട കുടുംബത്തിലെ പെണ്‍കുട്ടിയെ വിവാഹം കഴിക്കാനുദ്ദേശിക്കുന്ന ഞാന്‍ സ്ത്രീധനമില്ലാതെ അതിലൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാം. വിവരമന്വേഷിക്കാനത്തെിയ സ്ത്രീകളോട് മൗലവി വിഷയം പറഞ്ഞപ്പോള്‍ അവര്‍ തിരിച്ചുചോദിച്ചു: ‘അല്ല ഉസ്താദേ അദ്ദേഹം പൂസലാനല്ളേ?’ഇസ്ലാം ദാര്‍ശനികമായി ജാതിബോധത്തെയും ജന്മസിദ്ധ വിവേചനങ്ങളെയും മതവിരുദ്ധമായി കാണുന്നു. പക്ഷേ, സമുദായം കര്‍മശാസ്ത്ര വിധികളിലൂടെയും ഫത്വകളിലൂടെയും സാമൂഹിക വര്‍ഗീകരണത്തിന് ന്യായീകരണം ചമക്കുന്നു
ഉമര്‍ ഖാസിയായിരിക്കണം ഒരു പക്ഷേ, കേരള മുസ്ലിംകള്‍ക്കിടയിലെ ജാതീയ സ്വഭാവത്തെ ആദ്യമായി തന്‍െറ കവിതയിലൂടെ വിമര്‍ശ വിധേയമാക്കിയത്. തറവാടിത്തമെന്ന കേരളീയ ജാതിസമൂഹത്തിന്‍െറ ഉല്‍പന്നത്തെ പുതിയ മതത്തിലേക്ക് കടത്തിക്കൊണ്ടുവരുകയും ഉച്ചനീചശ്രേണികളുടെ രൂപത്തില്‍ മതപരിവര്‍ത്തനം ചെയ്തവരെ തരംതിരിച്ചുപയോഗിക്കാന്‍ ശ്രമിച്ചതിനെതിരെയുമായിരുന്നു ആ വിമര്‍ശം.
ഹൈന്ദവ ജാതിസങ്കേതങ്ങളുപയോഗിച്ചാണ് മുസ്ലിം സാമൂഹിക വര്‍ഗീകരണത്തെ സാമൂഹിക ശാസ്ത്രജ്ഞര്‍ പലപ്പോഴും അളക്കാന്‍ ശ്രമിച്ചിട്ടുള്ളത്. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയുമാകട്ടെ അതിന്‍െറ അവിഭാജ്യഘടകവും. ഡ്യൂമോയും മൈന്‍സും ഗബ്രിയേലുമടക്കമുള്ള സാമൂഹിക ശാസ്ത്രജ്ഞര്‍ മുസ്ലിം സമൂഹിക വര്‍ഗീകരണത്തെ പഠനഗവേഷണങ്ങള്‍ക്ക് വിധേയമാക്കിയിട്ടുണ്ട്. എന്നാല്‍, വിവിധ കാരണങ്ങള്‍കൊണ്ട് അത് ഹിന്ദു ജാതീയസ്വഭാവത്തില്‍നിന്ന് വ്യത്യസ്തമാകുന്നുവെന്നാണ് പൊതുമതം. അതില്‍ പ്രധാനംഹിന്ദുമതത്തിലുള്ളതുപോലെ യുക്തിഭദ്രമായ താത്വികാടിത്തറ മുസ്ലിംകള്‍ക്കില്ലായെന്നതാണ്. ഇസ്ലാം ദാര്‍ശനികമായി ജാതിബോധത്തെയും ജന്മസിദ്ധ വിവേചനങ്ങളെയും മതവിരുദ്ധമായി കാണുന്നു. പക്ഷേ, സമുദായം കര്‍മശാസ്ത്ര വിധികളിലൂടെയും മതപുരോഹിത ഫത്വകളിലൂടെയും സാമൂഹിക വര്‍ഗീകരണത്തിന് ന്യായീകരണം ചമക്കാനാണ് ശ്രമിച്ചത്.
നാട്ടുകാര്‍ നമസ്കാരത്തിന്‍െറ സമയമാകുമ്പോള്‍ പള്ളി മുഴുവന്‍ അരിച്ചുപെറുക്കി ‘യോഗ്യനായ’ ഒരാളെ കണ്ടത്തൊന്‍ കഴിഞ്ഞിട്ടില്ളെങ്കില്‍ മാത്രമേ മത്സ്യത്തൊഴിലാളി കുടുംബത്തിലെ പണ്ഡിതനെ ഇമാമായി നിര്‍ത്തുകയുള്ളൂ
തിരൂരിനടുത്ത ഒരു ബാര്‍ബര്‍ ഷോപ്പില്‍ ഗവേഷണാര്‍ഥം കടയുടമയുമായി സംസാരിച്ചുകൊണ്ടിരിക്കെ, അദ്ദേഹം മേശയുടെ വലിപ്പുതുറന്ന് ഫതഹുല്‍ മുഈന്‍ എന്ന കര്‍മശാസ്ത്ര പുസ്തകത്തിന്‍െറ മലയാള പരിഭാഷ പുറത്തേക്കെടുത്തു. പേജ് 265ലേക്ക് വിരല്‍ചൂണ്ടി അദ്ദേഹം തലക്കെട്ട് വായിച്ചു: ‘ബാര്‍ബറുടെ കൂലി’. ബാര്‍ബറുടെ തൊഴില്‍ സൗജന്യമായി ചെയ്യേണ്ട ഒന്നാണെന്ന അഭിപ്രായം വായിച്ചുകേള്‍പ്പിച്ച് മുന്നോട്ടുപോകവെ ഖുര്‍ആന്‍ കൂലിക്ക് ഓതാവുന്നതാണ് എന്ന സ്ഥലത്തത്തെിയപ്പോള്‍ അദ്ദേഹം വിരാമമിട്ടു. എന്നിട്ടു ചോദിച്ചു: ‘ബാര്‍ബര്‍മാരെ ഇകഴ്ത്താനും പൗരോഹിത്യത്തെ വളര്‍ത്താനുമല്ളേ ഇത്തരം സമീപനങ്ങള്‍ ഉതകിയത്.’
മലപ്പുറം ജില്ലയിലെ മത്സ്യത്തൊഴിലാളി കുടുംബത്തിലെ പണ്ഡിതന്‍െറ അനുഭവമിതാണ്. നാട്ടുകാര്‍ നമസ്കാരത്തിന്‍െറ സമയമാകുമ്പോള്‍ പള്ളി മുഴുവന്‍ അരിച്ചുപെറുക്കി ‘യോഗ്യനായ’ ഒരാളെ കണ്ടത്തൊന്‍ കഴിഞ്ഞിട്ടില്ളെങ്കില്‍ മാത്രമേ അദ്ദേഹത്തെ ഇമാമായി നിര്‍ത്തുകയുള്ളൂ. കാരണം ലളിതം. വിജ്ഞാനമുണ്ടെങ്കിലും ഇമാമത്തിനുള്ള കുടുംബ മഹിമയില്ല. കോതമംഗലത്തിനടുത്ത് മുരിക്കാശ്ശേരിയിലെ ബാര്‍ബര്‍ തൊഴിലാളിയായ ഉസ്മാന്‍ തന്‍െറ പാരമ്പര്യ തൊഴിലറിയാത്ത മകന്‍ സുലൈമാനെ (പേരുകള്‍ യഥാര്‍ഥമല്ല) മതപഠനത്തിന് അയക്കുകയുണ്ടായി. സഖാഫി ബിരുദമെടുത്ത് തിരിച്ചത്തെിയ അദ്ദേഹം പള്ളിയില്‍ ജോലിതുടങ്ങി. ഒരുമാസം ഒരു പള്ളി എന്ന കണക്കില്‍ മുന്നോട്ടുനീങ്ങവെ അദ്ദേഹത്തിന്‍െറ അടുത്തബന്ധുവായ കെ.എസ്.ബി.എയുടെ സംസ്ഥാന നേതാവ് കല്യാണം വിളിക്കാന്‍ പള്ളിയില്‍ ചെല്ലുന്നു. പുറത്തിറങ്ങുന്നതിനുമുമ്പ് ബന്ധുവിനോട് സുലൈമാന്‍ പറഞ്ഞു: ഞാനൊരു ബാര്‍ബറാണെന്ന് പള്ളിക്കമ്മിറ്റിക്കാര്‍ അറിയരുതേയെന്ന്. വന്നബന്ധു കമ്മിറ്റിക്കാരിലൊരാളുടെ പരിചിതനായിരുന്നു. വഴിക്കുവെച്ച് അദ്ദേഹത്തെ കാണുകയും ചെയ്തു. പിന്നീടറിയാന്‍ കഴിഞ്ഞത് സുലൈമാന്‍ അവിടെ അടുത്തയാഴ്ച ഖുതുബ നടത്തിയിട്ടില്ല എന്നായിരുന്നു. മൂന്നുമാസത്തിനുള്ളില്‍ അഞ്ചു പള്ളികളാണ് അദ്ദേഹത്തെ ഇമാമത്തില്‍നിന്ന് മാറ്റിയത്.സമത്വത്തെക്കുറിച്ചും ജാതിബോധമില്ലായ്മയെക്കുറിച്ചും സംസാരിക്കുകയാണെങ്കില്‍ ബാര്‍ബര്‍മാര്‍ അടുത്തകാലത്തിറങ്ങിയ ഒരു ഫത്്വ നിങ്ങള്‍ക്ക് കാണിച്ചുതരും. ചാനല്‍ ചര്‍ച്ചകളില്‍ നിറഞ്ഞുനില്‍ക്കുകയും ജനങ്ങള്‍ക്ക് ഉപദേശവും മതവിധിയും നിര്‍ലോഭം നല്‍കുകയും ചെയ്യുന്ന മുന്‍ പാളയം ഇമാമുകൂടിയായ പുരോഹിതന്‍ ബാര്‍ബര്‍ തൊഴിലില്‍നിന്നുള്ള വേതനത്തെ വേശ്യാവൃത്തിയില്‍നിന്നുള്ള വരുമാനത്തോടുപമിച്ച് നിഷിദ്ധമാക്കിയിറക്കിയ ഫത്വ. ഇസ്ലാം പറയാത്തനിലക്ക് മുടിവെട്ടുന്ന ബാര്‍ബര്‍മാര്‍ വഴിയേപോയ വയ്യാവേലി തലയില്‍ കയറ്റിവെച്ച് കടുപ്പമേറിയ വിധി സമ്പാദിക്കരുതെന്ന താക്കീതോടുകൂടിയാണ് പുരോഹിതന്‍ ഫത്വ അവസാനിപ്പിച്ചത്.ജാതിത്തൊഴിലിന്‍െറ സ്വാധീനത്താല്‍ ഉന്നതശ്രേണിക്കാരുടെയും മതപരമായ അന്യായ വിധികള്‍ മുഖേന ‘മക്റൂഹാ’ക്കലിന്‍െറയും ‘ഹറാമാ’ക്കലിന്‍െറയും ഇരകളായവരാണ് മുസ്ലിം സമൂഹത്തിലെ ബാര്‍ബര്‍മാരും തീരദേശവാസികളില്‍ വലിയയൊരു വിഭാഗവും. സവര്‍ണജാതി സ്വാധീനഫലമായി ഉന്നതശ്രേണിക്കാര്‍ ഇസ്ലാമിലെ താഴ്ന്ന ‘ജാതി’യായി ഇവരെ ഗണിച്ചതിനാല്‍ മാറിയ സാഹചര്യത്തിലും അവരെ പരിഹസിക്കാനാണ് ശ്രേണീനാമങ്ങള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്.തറവാടിത്തം, വിവാഹബന്ധങ്ങള്‍, തൊഴില്‍പരമായ വിവേചനം, മതസ്ഥാപനങ്ങളുടെ സമീപനം, പാരമ്പര്യ മുസ്ലിം സംഘടനാ പക്ഷപാതിത്വം, രാഷ്ട്രീയ ഇടപെടലുകള്‍ എന്നിവയാണ് ജാതീയസ്വഭാവത്തെ നിലനിര്‍ത്തിപ്പോരുന്നത്
ജാതീയസ്വഭാവത്തെ ഇന്ന് നിലനിര്‍ത്തിപ്പോരുന്ന സംഗതികളാണ് തറവാടിത്തം, വിവാഹബന്ധങ്ങള്‍, തൊഴില്‍പരമായ വിവേചനം, മതസ്ഥാപനങ്ങളുടെ സമീപനം, പാരമ്പര്യ മുസ്ലിം സംഘടനാ പക്ഷപാതിത്വം, രാഷ്ട്രീയ ഇടപെടലുകള്‍ എന്നിവ. ജാതീയ പാരമ്പര്യവും തറവാടിത്തവും വിളിച്ചോതുന്ന തറവാട്ടുപേരുകള്‍ ഇന്നും നിലനിര്‍ത്തിപ്പോരുന്നത് കേവലം അഡ്രസ്സിലുള്ള ഒരു ഐഡന്‍റിഫിക്കേഷന്‍ മാര്‍ക്ക് മാത്രമായല്ല, വിവാഹക്കമ്പോളത്തിലെ ഒരു മുന്തിയ ചരക്കുകൂടിയാണ്. പാരമ്പര്യ മുസ്ലിം സംഘടനകള്‍ക്കിടയിലെ കിടമത്സരംമൂലം പരമാവധി തങ്ങന്മാരെ ഞങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുവരാനുള്ളശ്രമം പൈശാചികമെന്ന് പാരമ്പര്യ ചിന്താധാരയില്‍പെട്ട തങ്ങന്മാര്‍തന്നെ പറയുന്നു. വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ പൊളിറ്റിക്കല്‍ മൈലേജിനായി തങ്ങന്മാരെ വിലക്കെടുക്കുമ്പോള്‍ തങ്ങള്‍ മേല്‍ക്കോയ്മയെ ജാതീയബോധമായി അരക്കെട്ടുറപ്പിക്കുകയാണ്.
ഇതിന്‍െറ മറുപുറമാണ് ആലത്തിയൂര്‍ പഞ്ചായത്തിലെ ജനകീയനായ കെ.എസ്.ബി.എയുടെ സംസ്ഥാന കമ്മിറ്റി മെംബറുടെ മത്സരത്തില്‍ സംഭവിച്ചത്. സമുദായത്തിന്‍െറ കുത്തകയേറ്റെടുത്തിട്ടുള്ള പാര്‍ട്ടിയുടെ എതിര്‍സ്ഥാനാര്‍ഥി മുസ്ലിം വോട്ടര്‍മാരോട് ഒന്നേ ഉണര്‍ത്തിയുള്ളൂ. നമ്മളൊക്കെ തറവാടികളാണെന്നും തറവാടികളുടെ പ്രശ്നത്തില്‍ ഒരു ഒസ്സാനെ മധ്യസ്ഥനാക്കേണ്ട അവസ്ഥ വരേണ്ടതുണ്ടോയെന്ന ഒറ്റച്ചോദ്യം. ഞാനെങ്ങാനും ഒരൊസ്സാന്‍െറ മുന്നില്‍ പരാജയപ്പെട്ടാല്‍ ആത്മഹത്യ ചെയ്യുകയാവും നല്ലതെന്ന് ആത്മഗതം ഉറക്കെപറയുകയും ചെയ്തു. ഫലം പ്രതീക്ഷിച്ചതുപോലത്തെന്നെ, വളരെ ജനകീയ നേതാവായിട്ടുപോലും കെ.എസ്.ബി.സി സംസ്ഥാന നേതാവ് തോറ്റു തുന്നംപാടി.ബ്രാഹ്മണിസത്തിന്‍െറ വരേണ്യ ജാതിവേരുകള്‍ മുസ്ലിംകളിലേക്ക് പടര്‍ന്നുപിടിച്ചത്, അഹ്ലുബൈത്തായും സയ്യിദന്മാരായും ഇവിടെയത്തെിച്ചേര്‍ന്ന പണ്ഡിതന്മാരുടെ പിന്‍തലമുറ സയ്യിദ് സംസ്കാരത്തെ നമ്പൂതിരി -തങ്ങള്‍ സംസ്കാരവുമായി കൂട്ടിക്കുഴച്ചതിലൂടെയാണ്. ഈ തങ്ങന്മാര്‍ തങ്ങളുടെ ആഢ്യ ബ്രാഹ്മണസ്വഭാവം നിലനിര്‍ത്താന്‍ ശ്രമിച്ചതിന്‍െറ ബാക്കിപത്രങ്ങള്‍ പൊന്നാനിയുടെയും കൊയിലാണ്ടിയുടെയും മണ്ണില്‍ ഇന്നും ഉറങ്ങിക്കിടക്കുന്നുണ്ട്. മാലിക് ബിന്‍ ദീനാറിന്‍െറ നേതൃത്വത്തില്‍ എത്തിച്ചേര്‍ന്ന ആദ്യ സാര്‍ഥവാഹക സംഘത്തിലെ ഒരംഗം ബാര്‍ബറായിരുന്നുവെന്നും അവര്‍ക്കിടയില്‍ ഒരു വിഭജനവുമുണ്ടായിരുന്നില്ളെന്നു ചരിത്രം പറയുമ്പോള്‍ ബാര്‍ബര്‍ക്കും സയ്യിദന്മാര്‍ക്കും ഒരേ പരിഗണന ലഭിച്ചിരുന്നെന്നാണല്ളോ മനസ്സിലാക്കാന്‍. തങ്ങന്മാര്‍ കാരണവന്മാരുടെയും തറവാടികളുടെയും സ്വാധീന വലയത്തിലായിരുന്നെന്നും അവരുടെ നിര്‍ബന്ധത്തിനുവഴങ്ങി സാമൂഹിക വര്‍ഗീകരണത്തെ ശക്തിപ്പെടുത്തേണ്ടിവന്നുവെന്ന് പരിതപിച്ചിട്ട് ഫലമില്ല. ജാതിവിവേചനങ്ങള്‍ മുസ്ലിം സംഘടനകള്‍ ആശയപരമായി നിരാകരിക്കുന്നുണ്ടെങ്കിലും വിവേചനമനുഭവിക്കുന്ന സമൂഹങ്ങളില്‍ ജാതീയത നിര്‍മാര്‍ജനം ചെയ്യുന്നതില്‍ സംഘടനകള്‍ പരാജയപ്പെട്ടുവെന്നബോധം നിലനില്‍ക്കുന്നുണ്ട്. സാമൂഹികവിരുദ്ധമായ കര്‍മശാസ്ത്ര വിധികളെ മതത്തിന്‍െറ മൗലികതയില്‍ ഊന്നിനിന്നുകൊണ്ട് കാലികമായി പൊളിച്ചെഴുന്നതിലൂടെ മാത്രമേ മതത്തിന്‍െറ അടിസ്ഥാന തത്ത്വങ്ങളെ നിരാകരിക്കുന്ന, സാമൂഹിക വര്‍ഗീകരണത്തെ സാധൂകരിക്കുന്ന നിലപാടുകള്‍ കൈകൊള്ളുന്ന പാരമ്പര്യ മതവാദത്തിന് അറുതിവരൂ.
(തുടരും)
(റിസര്‍ച് സ്കോളര്‍, ഡോ. കെ.ആര്‍. നാരായണന്‍ സെന്‍റര്‍ ഫോര്‍ ദലിത് ആന്‍ഡ് മൈനോറിറ്റീസ് സ്റ്റഡീസ്, ജാമിഅ മില്ലിയ്യ ഇസ്ലാമിയ സെന്‍ട്രല്‍ യൂനിവേഴ്സിറ്റി, ഡല്‍ഹി). shiraspoovachal@gmail.com

Related News