Loading ...

Home USA

ഇന്ത്യ-യുഎസ് ബന്ധം ശക്തമാക്കാന്‍ പോംപിയോ വരുന്നു

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ഉയര്‍ന്നും ഉലഞ്ഞും നീങ്ങുന്നതിനിടയില്‍ വീണ്ടും അധികാരത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുള്ള ബന്ധം അരക്കിട്ടുറപ്പിക്കുകയെന്ന ലക്ഷ്യത്തോടെ വരുന്ന ആഴ്ച്ച ഇന്ത്യാ സന്ദര്‍ശനത്തിനായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ എത്തും. ലോകത്തിലെ ഏറ്റവും വലിയ തെരെഞ്ഞെടുപ്പില്‍ വലിയ വിജയം നേടിയ മോഡി യുഎസുമായുള്ള സഹകരണം, പ്രത്യേകിച്ചും പ്രതിരോധ മേഖലയില്‍ വളര്‍ത്തുന്നതിനെ പിന്തുണക്കുന്നു. എന്നാല്‍ ഇരു രാജ്യങ്ങളും തമ്മില്‍ വ്യാപാര മേഖലയില്‍ സംഘര്‍ഷങ്ങളും വളരുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന സ്റ്റീല്‍ അടക്കമുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക തീരുവ ഉയര്‍ത്തുകയും തിരിച്ചടിയെന്നവണ്ണം അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന 28 ഇനം ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ തീരുവ വര്‍ദ്ധിപ്പിക്കുകയും ചെയ്തത് വാണിജ്യ രംഗത്ത് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വളര്‍ന്നു വരുന്ന സംഘര്‍ഷത്തിന്റെ പ്രതിഫലനമാണ്. അതേസമയം അമേരിക്കയും ചൈനയും തമ്മില്‍ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇന്തോ-പസിഫിക് മേഖലക്ക് യുഎസ് വലിയ പ്രാധാന്യം കല്‍പ്പിക്കുന്നുമുണ്ട്. യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി തുറന്നുകൊടുക്കുന്നില്ല എന്നാരോപിച്ചാണ് വ്യാപാരത്തില്‍ മുന്‍ഗണന നല്‍കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നിന്നും ട്രംപ് ഇന്ത്യയെ ഒഴിവാക്കുകയും ചെയ്തു. ഈ ആനുകൂല്യം ഉപയോഗപ്പെടുത്തി 2017 ല്‍ ഇന്ത്യ 5.6 ബില്യണ്‍ ഡോളറിന്റെ സാധനങ്ങള്‍ യുഎസിലേക്ക് കയറ്റുമതി ചെയ്തിരുന്നു. ജൂണ്‍ 24നാകും പോംപിയോ ന്യൂഡല്‍ഹിയിലെത്തുക. ഈസ്റ്റര്‍ ദിനത്തില്‍ മൂന്നു പള്ളികളിലും മൂന്നു ഹോട്ടലുകളിലുമായുണ്ടായ ഭീകരാക്രമണത്തില്‍ 258 പേര്‍ കൊല്ലപ്പെടുകയും 500 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത ശ്രീലങ്കയും പോംപിയോ സന്ദര്‍ശിക്കുന്നുണ്ട്. പിന്നീട് ജപ്പാനിലെ ഒസാക്കയില്‍ ജി-20 സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനും സൗത്ത് കൊറിയ സന്ദര്‍ശിക്കുന്നതിനുമായി എത്തുന്ന പ്രസിഡന്റ് ട്രമ്ബിനൊപ്പം പോംപിയോ ചേരും.

Related News