Loading ...

Home USA

അമേരിക്കന്‍ ചാര ഡ്രോണ്‍ ഇറാന്‍ വെടിവച്ചിട്ടു

ടെഹ‌്റാന്‍
വ്യോമാതിര്‍ത്തി അതിക്രമിച്ചു കടന്ന അമേരിക്കന്‍ ചാര ഡ്രോണ്‍ ഇറാന്‍ റവല്യൂഷറി ഗാര്‍ഡ‌് വെടിവച്ചിട്ടു. വ്യാഴാഴ‌്ച അമേരിക്കയുടെ ചാര വിമാനം ഇറാന്‍ അതിര്‍ത്തിയില്‍ കടന്ന ഉടനെ സൈന്യം വെടിവച്ചിടുകയായിരുന്നുവെന്ന‌് റവല്യൂഷണറി ഗാര്‍ഡിന്റെ വാര്‍ത്ത വെബ‌്സൈറ്റ‌് അറിയിച്ചു. എന്നാല്‍ അന്താരാഷ‌്ട്ര അതിര്‍ത്തിയിലൂടെ പറക്കുകയായിരുന്ന തങ്ങളുടെ ഡ്രോണ്‍ ആണ‌് ഇറാന്‍ വെടിവച്ചിട്ടതെന്ന‌് അമേരിക്ക പറഞ്ഞു. ഡ്രോണ്‍ ഇറാന്റെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചിട്ടില്ലെന്നാണ‌് അമേരിക്കയുടെ വിശദീകരണം. സ‌്ട്രേറ്റ‌് ഓഫ‌് ഹോര്‍മുസിലെ അന്താരാഷ‌്ട്ര വ്യോമാതിര്‍ത്തിയിലാണ‌് തങ്ങളുടെ ഡ്രോണ്‍ ഇറാന്‍ വെടിവച്ചിട്ടതെന്ന‌് അമേരിക്കന്‍ സൈനിക വക്താവ‌് ക്യാപ‌്റ്റന്‍ ബില്‍ അര്‍ബന്‍ പറഞ്ഞു. എന്നാല്‍ തങ്ങളുടെ അതിര്‍ത്തിക്കകത്ത‌് ചാരവൃത്തിക്ക‌് കടന്നുകയറിയ അമേരിക്കന്‍ നിര്‍മിത ആര്‍ക്യു-4 ഗ്ലോബല്‍ ഹൗക്ക് എന്ന ചാര വിമാനമാണ് വെടിവച്ച്‌ തകര്‍ത്തതെന്ന് ഇറാന്‍ വ്യക്തമാക്കി. ഇറാനിലെ തെക്കന്‍തീര പ്രവിശ്യയായ ഹോമോസ‌്ഗനിലാണ‌് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ‌് ഡ്രോണ്‍ വെടിവച്ചിട്ടത‌്. ഇതിന‌് സമീപം കൗമോബാറക് ജില്ലയിലാണ‌് ഇറാന്റെ വ്യോമത്താവളം. വ്യോമാതിര്‍ത്തി ലംഘിച്ച‌് ചാര ഡ്രോണ്‍ പറത്തിയ നടപടിയെ ഇറാന്‍ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന‌് ഇറാന്‍ വിദേശ കാര്യ വക്താവ‌് അബ്ബാസ‌് മൗസവി മുന്നറിയിപ്പ‌് നല്‍കി. രാജ്യത്തിന്റെ അതിര്‍ത്തികള്‍ തങ്ങളുടെ ചുവപ്പ‌് വരകളാണെന്ന‌് ഇറാന്‍ സൈനിക ജനറല്‍ ഹൊസയിന്‍ സലാമി പറഞ്ഞ‌ു. അത‌് അതിക്രമിച്ചുകടക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. ഞങ്ങള്‍ ഒരു രാജ്യത്തും അതിക്രമിച്ചു കയറാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ തങ്ങളുടെ രാജ്യത്തിനുനേരെ വന്നാല്‍ യുദ്ധത്തിന‌് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ഇറാനെതിരെ അമേരിക്ക കനത്ത ഉപരോധങ്ങള്‍ അടിച്ചേല്‍പ്പിച്ചതിനും ഗള്‍ഫ‌് മേഖലയില്‍ അമേരിക്ക സൈനിക നീക്കം ശക്തമാക്കിയതിനുംശേഷം ഇറാന്‍ അമേരിക്കയ‌്ക്ക‌് നല്‍കുന്ന ശക്തമായ തിരിച്ചടിയാണിത‌്.

അമേരിക്കയും ഇറാനും തമ്മില്‍ നിലവിലുള്ള സംഘര്‍ഷാവസ്ഥ മൂര്‍ച‌്ഛിപ്പിക്കുന്നതാണ‌് പുതിയ സംഭവം. 30 മണിക്കൂറോളം പറക്കാനും ഏത് കാലാവസ്ഥയിലും വ്യക്തമായ ചിത്രങ്ങള്‍ പകര്‍ത്താനും സാധിക്കുന്ന അമേരിക്കയുടെ ചാര വിമാനമാണ‌് ആര്‍ക്യു-4 ഗ്ലോബല്‍ ഹൗക്ക്. ഇറാന്‍ അതിര്‍ത്തിയില്‍ കൂടുതല്‍ അമേരിക്കന്‍ സൈനികരെ വിന്യസിക്കാന്‍ അമേരിക്കന്‍ പ്രതിരോധ വകുപ്പ് കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. ആയിരം സൈനികരെയാണ് ഇറാന്‍ അതിര്‍ത്തിയില്‍ വിന്യസിക്കാന്‍ അമേരിക്ക തീരുമാനിച്ചത‌്. കൂടുതല്‍ ആയുധങ്ങളും അമേരിക്ക ഇറാന്‍ അതിര്‍ത്തിയില്‍ എത്തിച്ചിട്ടുണ്ട‌്. എന്നാല്‍ ഇറാനുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന‌് അമേരിക്കന്‍ പ്രസിഡന്റ‌് ഡോണള്‍ഡ‌് ട്രംപ‌് അറിയിച്ചു.

Related News